Malayalam Breaking News
“ഞാൻ ഒന്നുമില്ലാതിരുന്ന സമയത്തും എന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത് ആ സൂപ്പർ താരം ” – മനസ് തുറന്നു ജോജു ജോർജ്
“ഞാൻ ഒന്നുമില്ലാതിരുന്ന സമയത്തും എന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത് ആ സൂപ്പർ താരം ” – മനസ് തുറന്നു ജോജു ജോർജ്
By
ജോസഫ് എന്ന ചിത്രത്തിലൂടെ അഭിനയത്തിന്റെ മികച്ച മുഹൂർത്തങ്ങൾ സമ്മാനിച്ചിരിക്കുകയാണ് ജോജു ജോർജ് . സിനിമയിൽ എങ്ങനെയെങ്കിലും മുഖം കാണിക്കണം എന്ന് മാത്രം ആഗ്രഹിച്ച് എത്തിയ ജോജു ഇപ്പോൾ നായകനാകുന്ന അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലുമാണ്. സിനിമയെ കുറിച്ചും സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് ജോജു ഇപ്പോൾ.
“കിട്ടുന്ന കഥാപാത്രം നല്ലതാണോ എന്നേ നോക്കാറൂള്ളൂ. സീരിയസാണോ കോമഡിയാണോ എന്നത് പ്രശ്നമല്ല. സിനിമാമോഹം തലയ്ക്ക് പിടിച്ചപ്പോള്‍ ആദ്യം ആഗ്രഹിച്ചത് ഏതെങ്കിലും സീനില്‍ ഒന്ന് മുഖം കാണിക്കണമെന്നാണ്. അതു നടന്നപ്പോള്‍ ഡയലോഗ് പറയണമെന്ന് തോന്നി. പിന്നെ നീളമുള്ള വേഷം ലഭിക്കണമെന്ന് തോന്നി. അതെല്ലാം പിന്നിട്ട് ദൈവം ഇവിടെ വരെ എത്തിച്ചു. ഇനി അങ്ങോട്ടൊന്നും സംഭവിച്ചില്ലെങ്കിലും സാരമില്ല. അത്രയ്ക്ക് സന്തോഷമാണ്. തമിഴില്‍ നിന്നൊക്കെ സിനിമകള്‍ വരുന്നുണ്ട്. നല്ല റോളുകള്‍ വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
തിരിഞ്ഞു നോക്കുപ്പോള്‍ സിനിമയ്ക്ക് പിന്നാലെ നടന്നത് വലിയ റിസ്കായിരുന്നെന്ന് തോന്നുന്നുണ്ട്. അതില്‍ വിജയിക്കാതെ പോയിരുന്നെങ്കില്‍ ഒരുപാട് പേരെ ബാധിക്കുന്ന വലിയ ദുരന്തമായി മാറിയേനെ. ഒരു ഉറപ്പുമില്ലാത്ത മേഖലയില്‍ ആഗ്രഹം കൊണ്ട് മാത്രം ഇറങ്ങിപ്പുറപ്പെട്ടതാണ്. ഇന്നത്തെ നിലയിലേക്കെത്തിയത് എന്റെ കഴിവുകൊണ്ടൊന്നുമല്ല. ദൈവാനുഗ്രഹവും ഭാഗ്യവും മാത്രമാണ്. സിനിമ കൊണ്ട് ജീവിച്ചുപോകുക പ്രയാസമുള്ള പരിപാടിയാണ്. അഭിനയിച്ച സിനിമ വിജയിക്കണം, നമ്മുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടണം അങ്ങനെ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അടുത്ത സിനിമ കിട്ടൂ.
ഓരോ സമയത്തും ഓരോ നല്ല സിനിമകള്‍ ദൈവം തന്നിട്ടുണ്ട്. പട്ടാളം, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, രാജാധിരാജ, ആക്ഷന്‍ ഹീറോ ബിജു, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ലുക്കാച്ചുപ്പി, രാമന്റെ ഏദന്‍തോട്ടം തുടങ്ങി ഉദാഹരണം സുജാത വരെ നിരവധി സിനിമകള്‍ കൃത്യമായ സമയത്ത് ബ്രേക്ക് തന്നവയാണ്. ഒരു സിനിമ പോലും മോശമായി സംഭവിച്ചിട്ടില്ല. ലാല്‍ജോസ്, ബിജു മേനോന്, അനൂപ് മേനോന്, മമ്മൂക്ക, കുഞ്ചാക്കോ ബോബന് തുടങ്ങി ഒരുപാട് പേര് സഹായിച്ചു. ബിജു മേനോനുമായുള്ള സൗഹൃദം വഴിത്തിരിവായിരുന്നു. അതുപോലെ ഞാന്‍ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നയാളാണ് മമ്മൂക്ക. ഒന്നുമല്ലാതിരുന്ന സമയത്തും അദ്ദേഹം എന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ജോജു പറയുന്നു.
joju George about mammootty
