Malayalam
രേവതിയ്ക്കും ശോഭനയ്ക്കും അന്ന് കുട്ടിത്തം മാറിയിട്ടില്ല, ആ സീനില്‍ അവള്‍ ശരിക്കും മാന്തുകയും നുള്ളിപ്പറിക്കുകയും ചെയ്തു, മോഹന്‍ലാല്‍ രണ്ട് മാസത്തോളം ആ നീറ്റലും കൊണ്ട് നടന്നിട്ടുണ്ട്; വീണ്ടും വൈറലായി തിരക്കഥാകൃത്തിന്റെ വാക്കുകള്‍
രേവതിയ്ക്കും ശോഭനയ്ക്കും അന്ന് കുട്ടിത്തം മാറിയിട്ടില്ല, ആ സീനില്‍ അവള്‍ ശരിക്കും മാന്തുകയും നുള്ളിപ്പറിക്കുകയും ചെയ്തു, മോഹന്‍ലാല്‍ രണ്ട് മാസത്തോളം ആ നീറ്റലും കൊണ്ട് നടന്നിട്ടുണ്ട്; വീണ്ടും വൈറലായി തിരക്കഥാകൃത്തിന്റെ വാക്കുകള്‍
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് പകരം വെയ്ക്കാനില്ലാത്ത താരങ്ങളായിരുന്നു രേവതിയും ശോഭനയും. മുന്‍നിര നായകന്മാരുടെയെല്ലാം നായികമാരായി എത്തിയ താരങ്ങള്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്. ഒരുപിടി മറക്കാനാകാത്ത കഥാപാത്രങ്ങളെയാണ് ഇരുവരും മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഒരേ കാലഘട്ടത്തിലാണ് ശോഭനയും രേവതിയും സിനിമാ രംഗത്ത് സജീവമായത്.
തമിഴ് സിനിമകളിലെ ഏറ്റവും മൂല്യമുള്ള നായികയായിരുന്നു അക്കാലത്ത് രേവതി. മലയാളത്തിലും സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ രേവതി ശ്രദ്ധ കാണിച്ചു. കിലുക്കം, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, ദേവാസുരം തുടങ്ങിയ സിനിമകളില്‍ അവിസ്മരണീയ പ്രകടനമാണ് രേവതി കാഴ്ച വെച്ചത്. അതേസമയം തമിഴ് സിനിമാ രംഗത്ത് ശോഭനയ്ക്ക് വലിയ തോതില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. എങ്കിലും കുറച്ച് ചിത്രങ്ങളിലെല്ലാം ശോഭന അഭിനയിച്ചിരുന്നു.
മലയാള സിനിമകളിലാണ് കൂടുതലും ശോഭന ശോഭിച്ചത്. മണിച്ചിത്രത്താഴ് ശോഭനയുടെ ഐക്കോണിക് സിനിമയായി ഇന്നും നിലനില്‍ക്കുന്നു. നാഗവല്ലിയെ ഇന്നും ശോഭനയുടെ മുഖത്ത് കാണാമെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളത്തില്‍ മികച്ച വിജയം നേടിയ മണിച്ചിത്രത്താഴ് പിന്നീട് പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. തമിഴില്‍ ചന്ദ്രമുഖി എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തത്.
ജ്യോതികയാണ് ശോഭനയ്ക്ക് പകരം ചന്ദ്രമുഖിയില്‍ അഭിനയിച്ചത്. രജിനികാന്ത്, പ്രഭു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തു. ഹിന്ദി റീമേക്കായ ഭൂല്‍ ഭുലയ്യയില്‍ വിദ്യ ബാലനാണ് നായികയായെത്തിയത്. കന്നഡയില്‍ ആത്പമിത്ര എന്ന പേരില്‍ റീമേക്ക് ചെയ്ത ചിത്രത്തില്‍ സൗന്ദര്യയും നായികയായെത്തി. എന്നാല്‍ എല്ലാ ഭാഷകളിലെ റീമേക്കുകളും താരതമ്യം ചെയ്തപ്പോള്‍ ഏവര്‍ക്കും ഇഷ്ടപ്പെട്ടത് ശോഭനയുടെ പെര്‍ഫോമന്‍സാണ്. ശോഭനയെ പോലെ മറ്റാര്‍ക്കും ഈ കഥാപാത്രത്തിന് പൂര്‍ണത നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഏവരും പറയുന്നത്.
സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളുമാണ് രേവതിയും ശോഭനയും. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടാമത് ലഭിക്കുന്നത് രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന സിനിമയിലൂടെയാണ്. ഇന്ന് നൃത്തത്തിലേക്കാണ് ശോഭന പൂര്‍ണ ശ്രദ്ധ നല്‍കുന്നതെങ്കില്‍ രേവതി അഭിനയത്തിലും സംവിധാനത്തിലും സാന്നിധ്യം അറിയിക്കുന്നു. ശോഭനയുടെയും രേവതിയുടെയും അഭിനയ രംഗത്തെ തുടക്കകാലത്തെക്കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലാണ് പരാമര്‍ശം.
ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന സിനിമയില്‍ ശോഭന അഭിനയിച്ചതിനെക്കുറിച്ചാണ് ജോണ്‍ പോള്‍ സംസാരിച്ചത്. ശോഭനയുടെ രണ്ടാമത്തെ ചിത്രമാണിത്. വളരെ രസകരമായ ഓര്‍മ്മയാണ്. സീന്‍ അഭിനയിച്ച് കഴിഞ്ഞ് അടുത്ത സീനിനുള്ള ഗ്യാപ്പില്‍ ഷൂട്ട് ചെയ്യുന്ന വീടിന്റെ താഴെയിറങ്ങി അവള്‍ കളിക്കും. കല്ല് കൊണ്ട് നിലത്ത് കളം വരച്ചിട്ടുണ്ട്. ഒറ്റയ്ക്ക് കളിക്കും. കുട്ടിത്തം മാറാത്ത പ്രായത്തിലാണ് അവള്‍ ജീവിക്കുന്നത്.
പക്ഷെ കഥാപാത്രമായി മാറുമ്പോള്‍ അവള്‍ക്ക് പോലുമറിയാതെ മുഖത്ത് വരുന്ന ഭാവങ്ങളുടെ വിസ്മയിപ്പിക്കുന്ന ചൈതന്യം ഉണ്ടായിരുന്നു. അന്നേ ഇവള്‍ ഉയരങ്ങളിലേക്ക് പോകുമെന്ന പ്രതീക്ഷ മധു സാറിനും എനിക്കും ഭരതനുമുണ്ടായിരുന്നെന്നും ജോണ്‍ പോള്‍ ഓര്‍ത്തു. രേവതിയെക്കുറിച്ചും അന്ന് ജോണ്‍ പോള്‍ സംസാരിച്ചു. കാറ്റത്തെ കിളിക്കൂടില്‍ മോഹന്‍ലാലിന്റെ പെയര്‍ ആയി വരുന്നത് രേവതിയാണ്. രേവതിയും അന്ന് കളിചിരി മാറാത്ത കുട്ടിയാണ്. വളരെ പൊസസീവായ കാമുകിയാണ് സിനിമയില്‍ അവളുടെ കഥാപാത്രം.
പൊസസീവായ കഥാപാത്രം മോഹന്‍ലാലിനെ മാന്തുകയും നുള്ളുകയും ചെയ്യുന്ന സീനുണ്ട്. മോഹന്‍ലാല്‍ രണ്ട് മാസത്തോളം ആ നീറ്റലും കൊണ്ട് നടന്നിട്ടുണ്ട്. അവള്‍ ശരിക്കും മാന്തുകയും നുള്ളിപ്പറിക്കുകയും ചെയ്തു. അത്രയും സത്യസന്ധമായി ഇഴുകി ചേരേണ്ടെന്ന് അന്ന് രേവതിക്ക് അറിയില്ലായിരുന്നു. രേവതിയുടെ അതിമനോഹരമായ പെര്‍ഫോമന്‍സ് ആയിരുന്നു സിനിമയിലെന്നും അന്ന് ജോണ്‍ പോള്‍ ഓര്‍ത്തു.
1984 ലാണ് ഇത്തിരിപൂവേ ചുവന്ന പൂവേ എന്ന സിനിമ റിലീസ് ചെയ്തത്. മമ്മൂട്ടി, റഹ്മാന്‍, കെആര്‍ വിജയ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന വേഷം ചെയ്തത്. ഭരതനായിരുന്നു സംവിധായകന്‍. 1983 ലാണ് കാറ്റത്തെ കിളിക്കൂട് എന്ന സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയും സംവിധാനം ചെയ്തത് ഭരതനാണ്. രേവതിക്ക് പുറമെ മോഹന്‍ലാല്‍, ഭരത് ഗോപി, ശ്രീവിദ്യ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന വേഷം വേഷം ചെയ്തത്. ജോണ്‍ പോള്‍ പറഞ്ഞത് പോലെ രേവതിയും ശോഭനയും പിന്നീട് തിരക്കേറിയ നടിമാരായി മാറുന്നതാണ് സിനിമാലോകം കണ്ടത്.