Malayalam Breaking News
പക്ഷേ എനിക്കൊരു സുഖം തോന്നുന്നില്ല. ചില സെറ്റുകളില്‍ ഒക്കെ ഞാന്‍ ഭയങ്കര അസ്വസ്ഥനാണ്. – ജയസൂര്യ
പക്ഷേ എനിക്കൊരു സുഖം തോന്നുന്നില്ല. ചില സെറ്റുകളില്‍ ഒക്കെ ഞാന്‍ ഭയങ്കര അസ്വസ്ഥനാണ്. – ജയസൂര്യ
By
ഒരുപാട് പ്രയത്നങ്ങളിലൂടെയാണ് ജയസൂര്യ മലയാള സിനിമയുടെ മുൻനിരയിലേക്ക് ഉയർന്നു വന്നത്. ആ യാത്ര ഒട്ടേറെ പ്രതിസന്ധികളിലൂടെ ആയിരുന്നു. ആ യാത്രയെ കുറിച്ച് മനസ് തുറക്കുകയാണ് ജയസൂര്യ .
പഴയ മിമിക്രി കലാകാരനിൽ നിന്നും ഒരുപാട് മാറി. ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ജോലിയില്‍ വന്ന മാറ്റം, അനുഭവങ്ങള്‍ സമ്മാനിച്ച മാറ്റം. ഭാര്യ വന്നതിനു ശേഷം, മക്കളുണ്ടായതിനു ശേഷം അങ്ങനെ നിരവധി മാറ്റങ്ങള്‍. മാറ്റങ്ങള്‍ ഉണ്ടാവുന്നത് നല്ലതാണ്. നമ്മള് നമ്മളോട് സംസാരിച്ചു തുടങ്ങുമ്ബോള്‍, സംവദിച്ചു തുടങ്ങുമ്ബോള്‍, അപ്പോഴാണല്ലോ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. അല്ലാതെ പ്രായമായതു കൊണ്ട് മാത്രം മാറ്റം ഉണ്ടാവണമെന്നില്ല. ചുറ്റുമുള്ള ആളുകള്‍, പുതിയ സൗഹൃദങ്ങള്‍, മക്കള്‍, കുടുംബം എല്ലാവരില്‍ നിന്നും നമുക്ക് പഠിക്കാനുണ്ട്. കണ്ണു തുറന്ന് ഒരു ഓപ്പണ്‍ ബുക്കായി നില്ക്കുക എന്നതാണ്.
സിനിമാ ബന്ധങ്ങളുണ്ടായിരുന്നില്ല, ‘ഗോഡ് ഫാദറില്ല,’ എന്നൊക്കെ നമുക്ക് പറയാമെന്നേ ഉള്ളൂ. അതൊന്നുമല്ല കാര്യം, നിലനില്ക്കുക എന്നതാണ്. എനിക്ക് എന്നും സിനിമകള്‍ ഉണ്ടായിട്ടുണ്ട്, ഞാന്‍ വളരാതെയിരുന്ന സമയത്തും. കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി ഇങ്ങനെ എല്ലാ സിനിമകളും ചെയ്യേണ്ടതില്ലെന്ന്. ‘ഇമ്മിണി നല്ലൊരാള്‍’ എന്ന സിനിമ കഴിഞ്ഞ് ഒരു വര്‍ഷത്തോളം ഞാന്‍ സിനിമകള്‍ ചെയ്യാതിരുന്നു.
സിനിമ ഒരിക്കലും നമുക്ക് തെരെഞ്ഞെടുക്കാവുന്ന ഒന്നല്ല, സിനിമ നമ്മളെ തെരെഞ്ഞെടുകയാണ് ചെയ്യുക എന്നതാണ് ഞാന്‍ പഠിച്ച കാര്യം. നമുക്ക് വരുന്ന സിനിമകള്‍, അതിന്റെ വെല്ലുവിളി ഏറ്റെടുത്ത് ചെയ്യുക. തീരുമാനങ്ങള്‍ എടുക്കുക എന്നതും പ്രധാനമാണ്. ഒരു ആശയക്കുഴപ്പം ഉണ്ടാവാന്‍ പാടില്ല. ഒരു കൃത്യമായി ആയ ‘എസ്’ അല്ലെങ്കില്‍ ‘നോ’ പറയുക. അതില്‍ വിശ്വസിച്ച് മുന്നോട്ടു പോവുക. അതാണ് യഥാര്‍ത്ഥ തീരുമാനം എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
ഇപ്പോള്‍, എന്നെ ഒരുപാട് സഹതാരങ്ങള്‍ വിളിക്കാറുണ്ട്, ‘എന്താണ് ചെയ്യേണ്ടത് ചേട്ടാ, ഒരു തീരുമാനം എടുക്കാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞ്.’ അതെനിക്ക് സന്തോഷം തരാറുണ്ട്. ‘ഞാന്‍ പറയുന്നതിനുമപ്പുറം, നിങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നത് ചെയ്യൂ’ എന്നാണ് ഞാന്‍ അവരോടെല്ലാം പറയാറുള്ളത്.
‘വേറിട്ട ഒരിടം സിനിമയില്‍ തനിക്ക് വേണം’ എന്ന് തോന്നി തുടങ്ങിയതിനെ കുറിച്ച് ജയസൂര്യ പറയുന്നു.
ആത്മപരിശോധന നടത്താന്‍ തോന്നിപ്പിക്കുന്നിടത്താണ് നല്ലൊരു ഗുരുവിന്റെ ആവശ്യം. അങ്ങനെ ഒരു ഗുരുവില്ലെങ്കില്‍ നമ്മുടെ ഗുരു നമ്മള് തന്നെയാവണം. ഇടക്കാലത്ത് ഞാന്‍ കുറേ സിനിമകള്‍ ചെയ്യുന്നു, പരാജയപ്പെടുന്നു. ചിലത് വിജയിക്കുന്നു, ചിലത് പരാജയപ്പെടുന്നു. പക്ഷേ എനിക്കൊരു സുഖം തോന്നുന്നില്ല. ചില സെറ്റുകളില്‍ ഒക്കെ ഞാന്‍ ഭയങ്കര അസ്വസ്ഥനാണ്. വീടു വിട്ടുനില്‍ക്കുന്നതിന്റെ പ്രശ്നമാണോ, എന്താണ് കാരണമെന്ന് എനിക്കു മനസ്സിലാവുന്നില്ല.
‘ബ്യൂട്ടിഫുള്‍’ കഴിഞ്ഞിട്ട് ഞാനൊരു പടത്തിന്റെ ഷൂട്ടിന് പോയി. വല്ലാത്ത അസ്വസ്ഥത, എനിക്ക് ഷൂട്ടിംഗ് ആസ്വദിക്കാന്‍ പറ്റുന്നില്ല, എല്ലാവിധ സൗകര്യങ്ങളും അവിടെയുണ്ട്. പക്ഷേ എന്തോ ഒരു കുറവ്. പിന്നീട് ആലോചിക്കുമ്ബോഴാണ് മനസ്സിലാവുന്നത്, എനിക്ക് ആ കഥാപാത്രമായി മാറാന്‍ പറ്റിയിരുന്നില്ല. ആ കഥാപാത്രത്തിന് ആഴമില്ലായിരുന്നു. അതാണ് എനിക്ക് ആസ്വദിക്കാന്‍ പറ്റാതെയിരുന്നത്. പിന്നെപ്പിന്നെയാണ്, സാമ്ബത്തികമോ സൗഹൃദമോ ഒന്നുമല്ല, സിനിമയാണ് മുന്നില്‍ നില്‍ക്കേണ്ടത് എന്നു തോന്നിത്തുടങ്ങിയത്. കഥാപാത്രവും കഥയുമാണ് പ്രധാനം. പിന്നീട് അത്തരം സിനിമകള്‍ തെരെഞ്ഞെടുത്ത് അഭിനയിക്കാന്‍ തുടങ്ങി. നമ്മളെ ‘ചലഞ്ച്’ ചെയ്യുന്നതാവണം കഥാപാത്രം.
സിനിമയില്‍ ആദ്യ കാലത്ത് ലഭിച്ചിട്ടുള്ള ഏറ്റവും വിലപിടിച്ച ഒരു ഉപദേശത്തെകുറിച്ച് ജയസൂര്യ പറയുന്നതിങ്ങനെ. അങ്ങനെ ഒരു ഉപദേശമൊന്നും ലഭിച്ചിട്ടില്ല. ഞാനേ ചോദ്യങ്ങള്‍ ചോദിച്ചിട്ടുള്ളൂ. ഞാനെന്നില്‍ തന്നെ ‘ടാപ്പ്’ ചെയ്തെടുത്ത ആളാണ്. അതു കൊണ്ടു തന്നെ, ഇപ്പോഴത്തെ കുട്ടികള്‍ വന്ന് സംശയമൊക്കെ ചോദിക്കുമ്ബോള്‍ എനിക്ക് സന്തോഷമാണ്. കാരണം ആ വഴികള്‍ ഞാന്‍ കടന്നു വന്നതാണ്, എനിക്കത് മനസ്സിലാവും, പറഞ്ഞു കൊടുക്കാനും പറ്റും. എന്റെ സിനിമകളിലൂടെയാണ് ഞാന്‍ എന്റെ തെറ്റുകള്‍ പഠിച്ചത്.
പലരും പറയാറുണ്ട്, സിനിമകള്‍ കണ്ട് അഭിനയം പഠിക്കാന്‍ പറ്റുമെന്ന്. അതൊരു വലിയ മണ്ടത്തരമാണ്. കാരണം അഭിനയം എന്നത് ഒരു തരം ആവിഷ്കരണം (Interpretation) ആണ്. കഥാപാത്രത്തെ ഒരു അഭിനേതാവ് എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് അഭിനയം. ഇംഗ്ലീഷ് സിനിമകളൊക്കെ കാണുമ്ബോള്‍, നമുക്ക് അവലംബിക്കാവുന്ന ഒന്നോ രണ്ടോ കാര്യങ്ങള്‍ കിട്ടും. പക്ഷേ, ഒരു സിനിമ കണ്ട് രണ്ട് ശരികള്‍ പഠിക്കുന്നതിനേക്കാള്‍ സ്വന്തം സിനിമകള്‍ കണ്ടാല്‍ നൂറു തെറ്റുകള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
മാറണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ പോലും അറിയാതെയാണ് എന്നില്‍ ആ ‘ട്രാന്സ്ഫോര്മേഷന്’ സംഭവിച്ചത്. സത്യം പറഞ്ഞാല്‍, എന്റെ പരാജയപ്പെട്ട സിനിമകള്‍, അതു മാത്രമാണ് എന്നെ ഏതെങ്കിലും ശരികളിലേക്കു നയിച്ചിട്ടുളളത്. നമ്മുടെ എല്ലാവരുടെയും പ്രശ്നം, നമ്മള് തെറ്റ് ചെയ്യുന്നതുനെ ഭയക്കുന്നുവെന്നതാണ്. അവയെ ഭയക്കരുത്, അത് നമ്മളെ പാഠം പഠിപ്പിക്കുന്ന ടീച്ചറാണ്. അതിനെ അംഗീകരിക്കാതെ പറ്റില്ല. തെറ്റു ചെയ്യുന്നത് തെറ്റല്ല, അതു തിരുത്താതെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതാണ് തെറ്റായിട്ട് എനിക്കു തോന്നിയിട്ടുള്ളത്.
നമ്മുടെ പരിമിതികള്‍, നമ്മളെ കൊണ്ട് എത്രത്തോളം പറ്റും എന്നതൊക്കെ നന്നായി അറിയാവുന്നരാണ് സുഹൃത്തുക്കള്‍. എനിക്ക് അയാളെ കൊണ്ട് ഇത്രയൊക്കെ ചെയ്യിക്കാം എന്നൊരു ബോധ്യവും അവര്‍ക്കുണ്ടാവും. അതൊരു ഗുണമാണ്.
സിനിമയില്‍ ഇരുപതു വര്‍ഷം പിന്നിടുകയാണ്. ഇന്ന് ജയസൂര്യ ഒരു സിനിമ തെരഞ്ഞെടുക്കണം എങ്കില്‍ അതിന്റെ മാനദണ്ഡങ്ങള്‍ ഇതൊക്കെയാണ്. ഒരാളെന്നോട് സിനിമ പറയുമ്ബോള്‍ മനസ്സില്‍ ആ സിനിമ ഓടിക്കൊണ്ടിരിക്കും. ഒപ്പം ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരിക്കും. എന്നിലെ പ്രേക്ഷകനും നടനും തൃപ്തിയാവുമ്ബോള് ആ പടം ചെയ്യും. ചിലപ്പോള്‍ എന്നിലെ നടന് കഥാപാത്രത്തെ ഇഷ്ടമാകും. പോയി അഭിനയിക്കുകയും ചെയ്യും. അതിനു ശേഷമാണ് മനസ്സിലാവുക, കഥ അത്ര നല്ലതല്ലെന്ന്. അനുഭവങ്ങളില്‍ നിന്നൊക്കെ പതിയെ പതിയെ പഠിക്കുന്നതാണ് ഓരോ കാര്യങ്ങളും. ഇപ്പോള്‍, ഒരു സിനിമ പരാജയപ്പെട്ടാലും അതില്‍ ഞാന്‍ പരാജയപ്പെടാതിരിക്കാന്‍ നോക്കും. ജയസൂര്യ ബോറായിരുന്നു എന്നു പറയാതെയിരിക്കാന്‍ വേണ്ട പരിപൂര്‍ണ്ണമായ ശ്രമങ്ങള്‍ എന്റെ ഭാഗത്തു നിന്നും ഉണ്ടാവും.
ഒരു ‘ജയസൂര്യ ബ്രാന്‍ഡ് ഓഫ് ഫിലിംസ്’, മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ‘യുണീക്’ ആണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഇറങ്ങുന്ന ജയസൂര്യ ചിത്രങ്ങള്‍
‘ചലഞ്ചുകള്‍’ എനിക്കിഷ്ടമാണ്, അത്തരം ‘ചലഞ്ചു’കളിലൂടെ യാത്ര ചെയ്യാനും. ഉദാഹരണം ‘മേരിക്കുട്ടി’യിലെ കഥാപാത്രം തന്നെ. ശാരീരികമായും മാനസികമായും എന്നെ ചോര്‍ത്തിക്കളഞ്ഞൊരു കഥാപാത്രമാണത്. ആ സിനിമ പരാജയപ്പെട്ടിരുന്നെങ്കില്‍ അതിനു ഒരേ ഒരു കാരണം ഞാനായിരിക്കും. കാരണം അതിന്റെ തിരക്കഥ നല്ലതാണ്, പക്ഷേ എന്റെ പെര്‍ഫോമന്‍സില്‍ പോയാല്‍ എല്ലാം പോവും.
ഒരു കഥാപാത്രമായി മാറാന്‍ താങ്കളുടെ ഭാഗത്ത് നിന്നുള്ള തയ്യാറെടുപ്പ്
തയ്യാറെടുപ്പുകള്‍ എന്ത് എന്ന് കൃത്യമായി പറയാന്‍ പറ്റില്ല. മേരിക്കുട്ടിയെ കുറിച്ചു തന്നെ പറയാം, കുറേ പേരെ കണ്ട് സംസാരിച്ചു. പക്ഷേ അത് കൊണ്ട് കഥാപാത്രമാവാന്‍ പറ്റില്ല. ഓരോ ആളില്‍ നിന്നും ഓരോ തരം അറിവുകളാണ് കിട്ടുക. അതു വെച്ച് ഞാനൊരു മേരിക്കുട്ടിയെ സൃഷ്ടിക്കുകയാണ് ചെയ്തത്. മേരിക്കുട്ടിയുടെ ഷൂട്ട് തുടങ്ങി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ എന്തൊക്കെയോ കുറവുകള്‍ അനുഭവപ്പെട്ടു തുടങ്ങി. എന്തൊക്കെയോ ഞാന്‍ ചെയ്യുന്നുണ്ട്. പക്ഷേ ശരിയാവുന്നില്ല. എന്നെ കൊണ്ട് പറ്റുന്നില്ല. ഞാനും രഞ്ജിത്തും തന്നെയാണ് അതിന്റെ നിര്‍മ്മാതാക്കള്‍. ‘പാക്കപ്പ് ചെയ്യാം’ എന്നുവരെ തീരുമാനിച്ചു. കാരവാനില്‍ ഇരുന്നപ്പോള്‍ എനിക്ക് കരച്ചിലൊക്കെ വരുന്നുണ്ടായിരുന്നു. കഥാപാത്രത്തിന്റെ ആത്മാവ് കിട്ടുന്നില്ല അതായിരുന്നു പ്രശ്നം.
മൂന്നാം ദിവസം ലൊക്കേഷനില്‍ സരിത വന്നു. കോസ്റ്റ്യൂം സെറ്റ് ചെയ്തു വന്നപ്പോള്‍ കുറച്ചു കൂടെ വേഷത്തിലൊരു പൂര്‍ണത തോന്നി. പിന്നെ മേരിക്കുട്ടിയ്ക്ക് ആണ് ശബ്ദം തന്നെ മതിയെന്നാക്കി. ആണിന്റ ശബ്ദത്തില്‍ നിന്നും പെണ്ശബ്ദത്തിലേക്കുള്ള മാറ്റം സംഭവിക്കുന്ന ഒരു ‘മീറ്ററില്‍’ ആണ് അത് പിടിച്ചിരിക്കുന്നത്. കുറേയധികം പരിശ്രമങ്ങളിലൂടെയാണ് ആ കഥാപാത്രമായി മാറിയത്.
പൊതുവായി പറഞ്ഞാല്‍ കഥാപാത്രമായി മാറാനുള്ള ആ ‘ജോലി’ എനിക്ക് ഏറ്റെടുക്കാന്‍ ഇഷ്ടമാണ്. ദൈവാനുഗ്രഹം പോലെ, ഓരോ കഥാപാത്രങ്ങളുടെയും ‘ലുക്ക്’ എന്റെ മനസ്സില്‍ തെളിഞ്ഞു വരാറുണ്ട്. അങ്കുര്‍ റാവുത്തര്‍ ആണെങ്കിലും ഷാജി പാപ്പന് ആണെങ്കിലുമൊക്കെയതെ. ഷാജി പാപ്പന്റെ കൊമ്ബന് മീശയും ആ ‘ലുക്കു’മൊന്നും ആദ്യമവര്‍ സമ്മതിച്ചിരുന്നില്ല. ‘ഭയങ്കര ബോറായിരിക്കും ചേട്ടാ’ എന്നൊക്കെ പറഞ്ഞു. ‘ഇല്ലെടാ, രസമായിരിക്കും, ഞാന്‍ കാണിച്ചു തരാം’ എന്നു പറഞ്ഞാണ് മുന്നോട്ടു പോവുന്നത്.
അപ്പോത്തിക്കിരിയിലെ കഥാപാത്രത്തിനും അതെ. തലയില്‍ നിന്നും കുറച്ചു മുടിയൊക്കെ എടുത്തു കളഞ്ഞു. രോഗം വരുമ്ബോള്‍, കുറേ മരുന്നുകളൊക്കെ കഴിയ്ക്കുമ്ബോള്‍ സാധാരണയായി മുടി കൊഴിയും. അതു കൊണ്ട് അകത്തെ മുടിയും താടിരോമങ്ങളുമൊക്കെ എടുത്തു കളഞ്ഞു രോഗിയുടെ ലുക്കു വരുത്തി. പന്ത്രണ്ടു കിലോയോളം കുറച്ചു. അതു കഴിഞ്ഞ് നേരെ പോയത് ‘ഇയ്യോബിന്റെ പുസ്തകത്തില്‍’ അഭിനയിക്കാനാണ്, കുറച്ച ശരീരഭാരം അതിനു വേണ്ടി പിന്നെയും കൂട്ടി.
റാവുത്തറിന്റെ ലുക്കില്‍ ഒരു സ്വര്‍ണ്ണപ്പല്ല് ഞാന്‍ കൊടുത്തിരുന്നു. ആദ്യം അത് അമലിന്റെ അടുത്ത് പറഞ്ഞിരുന്നില്ല. ഞാന്‍ ചുമ്മാ ഒന്ന് ചെയ്യിച്ചു വച്ചിരുന്നു. അക്കാലത്തെ ഒരു ‘സ്റ്റൈല്‍ സ്റ്റേറ്റ്മെന്റാണ്’ സ്വര്‍ണ്ണപ്പല്ല്. പിന്നീട് അമലിനോട് പറഞ്ഞപ്പോള്‍, ‘മച്ചാനേ ഇതു കലക്കിയല്ലോ, ഞാന്‍ ചിന്തിച്ചിട്ടില്ലാ’ എന്നായിരുന്നു പ്രതികരണം. ഒരു സിനിമ വരുന്നു അതിനൊരു ലുക്ക് വേണമല്ലോ എന്നോര്‍ത്ത് കൊണ്ടുവരുന്നതല്ല. ഒരു കഥാപാത്രത്തിനെ പൂര്‍ണമായി വിശ്വസിപ്പിക്കാനുള്ള ഒരു ‘ടൂള്‍’ മാത്രമാണത്.
വിപി സത്യനെ കുറിച്ചൊക്കെ അദ്യം പഠിച്ചിട്ടാണ് ചെയ്തത്. രണ്ടു മൂന്നു മാസത്തോളം ഫുട്ബോള്‍ പ്രാക്റ്റീസ് ചെയ്തു. പക്ഷേ ഫുട്ബോള്‍ പഠിച്ചതു കൊണ്ടു മാത്രം വി പി സത്യനാവാന്‍ പറ്റില്ലല്ലോ. അതിനു വേറെയും കാര്യങ്ങള്‍ വേണം. ഞാനെപ്പോഴും പറയുന്നതാണ്, ആത്മവിശ്വാസം കൊണ്ട് ഒരു കഥാപാത്രത്തെ ചെയ്യാന്‍ പറ്റില്ല. ആത്മാര്‍പ്പണം കൊണ്ടു മാത്രമേ ചെയ്യാന്‍ പറ്റൂ. ആ കഥാപാത്രത്തിന് നമ്മളെ വിട്ടു കൊടുക്കണം.
ചോറ്റാനിക്കര കീഴ്ക്കാവില്‍ ചൊവ്വാഴ്ച, വെള്ളിയാഴ്ച ദിവസങ്ങളില്‍ പോയാല്‍ കാണാം. 15 വയസ്സുള്ള കുട്ടി 40 വയസ്സുകാരിയെ പോലെ സംസാരിക്കുന്നതു പോലുള്ള കാഴ്ചകള്‍. അതെന്താണെന്നു ചോദിച്ചാല്‍ അവരു പറയുക, ബാധയാണെന്നാണ്. ഒരാള്‍ വേറൊരാളില്‍ കുടികൊണ്ടിട്ട് അയാളാണെന്ന് വിശ്വസിച്ച് സംസാരിക്കുകയാണ്. തന്റെ ശരീരത്തില്‍ ഇപ്പോള്‍ മറ്റാരോ ആണെന്ന് അയാള്‍ വിശ്വസിക്കുന്നു. ഇതു തന്നെയാണ് അഭിനയവും. ഒരു തരം ബാധയാണ് അത്, പക്ഷേ കണ്ട്രോള് ചെയ്യാന്‍ പറ്റുന്ന ബാധയായിരിക്കണം.
കഥാപാത്രം എന്നു പറയുന്നത്, ഒരു ഷെല്‍ഫില്‍ നിന്ന് എടുത്തു ഉപയോഗിക്കുന്ന ക്രിസ്റ്റല്‍ ഗ്ലാസ്സ് പോലെയാണ്. സൂക്ഷിച്ച് എടുക്കുക, ആവശ്യത്തിന് ഉപയോഗിക്കുക, സൂക്ഷിച്ച് തിരിച്ചുവയ്ക്കുക. അങ്ങനെ വേണമെന്നാണ് എനിക്കു തോന്നുന്നത്.
മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയില്‍ വന്നിട്ടുള്ള പലരും (ദിലീപ്, ജയറാം, ഹരിശ്രീ അശോകന്) മിമിക്രി ‘മാനറിസങ്ങള്‍’ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്, വളരെ വിജയകരമായ രീതിയില്‍ തന്നെ. എന്നാല്‍ ജയസൂര്യ അങ്ങനെ ശ്രമിച്ചിട്ടില്ല എന്ന് കാണാന്‍ കഴിയും. ബോധപൂര്‍വമായ തീരുമാനം ആണോ അത്?
എന്റെ പൊതുവായ സ്വഭാവത്തില്‍ ഒരു ‘ഹ്യൂമര്‍’ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് സിനിമകള്‍ ചെയ്യുമ്ബോള്‍ സഹായിച്ചിട്ടുണ്ട്. മിമിക്രി ബാഹ്യമായൊരു പെര്‍ഫോമന്‍സ് ആണ്. പക്ഷേ സിനിമ അതില്‍ നിന്നും ഒരുപാട് ദൂരെയാണ്.
നാടകം, സിനിമ ഇത്തരം പെര്‍ഫോമന്‍സുകള്‍ തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഒരു വര്‍ഷത്തെ റിഹേഴ്സല്‍ ആണ് നാടകത്തിനൊക്കെ. ആ കഥാപാത്രമായി മാത്രം ജീവിക്കാം അത്രയും കാലം. എല്ലാം കാണാപ്പാഠം പഠിച്ചിട്ടുണ്ട് അയാള്‍. എവിടെ ‘ക്ലാപ്പ്’ കിട്ടും എന്നയാള്‍ക്ക് അറിയാം. അതയാളുടെ ആത്മവിശ്വാസമാണ്. പക്ഷേ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഇതൊന്നും അറിയില്ല. ചെയ്യുന്നത് ശരിയാണോ, ‘വര്‍ക്ക് ഔട്ട്’ ആവുന്നുണ്ടോ എന്നൊക്കെ ചിത്രം തിയേറ്റുകളില്‍ എത്തുമ്ബോഴാണ് അറിയുക.
എന്റെ കോമഡി ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്ന് കരുതി, എല്ലാത്തിലും അങ്ങനെ ചെയ്താല്‍ അതിലൊക്കെ ‘ഞാന്‍’ ഉണ്ടാവും. ചെയ്യുന്ന കഥാപാത്രങ്ങളില്‍ ‘ഞാന്‍’ വരാതിരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. എല്ലാ സിനിമകളിലും തമാശകള്‍ ആവശ്യമില്ല. പണ്ടു ഞാനും അങ്ങനെയൊക്കെ വിചാരിച്ചിട്ടുണ്ട്, എവിടെയെങ്കിലും തമാശകള്‍ കുത്തിക്കയറ്റാന്‍ പറ്റുമോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ബോധ്യമുണ്ട്, എല്ലാ തമാശകളും ഒരു കഥാപാത്രത്തിന് ചേരില്ല. അയാള്‍ പറയേണ്ടതേ പറയാവൂ. നല്ല തമാശയായിരിക്കും ചിലപ്പോള്‍. ആ കഥാപാത്രത്തിന് പക്ഷേ അത് ചേരണമെന്നില്ല. താല്‍ക്കാലികമായി ചിരിപ്പിക്കുന്ന ഫലിതമാണെങ്കിലും, സിനിമയില്‍ അതു മുഴച്ചു നില്ക്കും. നമ്മള് ചെയ്യുന്ന കഥാപാത്രം എപ്പോഴും നമ്മുടെ ഹൃദയത്തിലുണ്ടാവും.
വിജയവും പരാജയവും ബാധിക്കാറില്ല ഇപ്പോള്‍. എന്തിനും ഒരു റിസല്‍റ്റ് വരാനുണ്ട്, അത് വിജയമാവാം പരാജയമാവാം. ഒരു സിനിമ കഴിഞ്ഞാല്‍ കഴിഞ്ഞു. അതു നമ്മളെ ബാധിക്കരുത്. ബാധിച്ചു തുടങ്ങിയാല്‍, പിന്നീടുള്ള നമ്മുടെ പെര്‍ഫോമന്‍സിനെയും അതു ബാധിക്കും. ചില സിനിമകള്‍ വിജയമാവാം, അവാര്‍ഡുകള്‍ നേടി തന്നതാവാം. പക്ഷേ അവിടം കൊണ്ട് അതു കഴിഞ്ഞു.
അവാര്‍ഡുകള്‍ എപ്പോഴും ഷെല്ഫുകളില് ഇരിക്കാനുള്ളതാണ്, കഥാപാത്രങ്ങള്‍ ജനങ്ങളുടെ ഹൃദയത്തിലും. അതെടുത്ത് തലയില്‍ വെച്ചാല്‍ വലിയ ബുദ്ധിമുട്ടാണ്. ഈ ലോകത്ത് ഒരു നടനെയും പ്രേക്ഷകര്‍ അവാര്‍ഡുകളിലൂടെ ഓര്‍ത്തിരിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ലാലേട്ടനെയും മമ്മൂക്കയേയുമെല്ലാം ആളുകള്‍ അവര്‍ ചെയ്ത കഥാപാത്രങ്ങളിലൂടെയാണ് ഓര്‍ത്തിരിക്കുന്നത്, അല്ലാതെ അവാര്‍ഡുകളിലൂടെയല്ല.
തമിഴില്‍ നിന്ന് അത്യാവശ്യം ഓഫറുകള്‍ വരാറുണ്ട്. ഡേറ്റ് ബ്രേക്ക് ചെയ്തൊക്കെയാണ് പലരും കാള്‍ ഷീറ്റ് ചോദിക്കുക. ഈ മാസം ഇത്ര ദിവസം, അടുത്ത ഷെഡ്യൂളില്‍ ഇത്ര. അപ്പോള്‍ ‘ലുക്ക്’ പരിപാലിച്ചു കൊണ്ടു പോകലും മറ്റു സിനിമകള്‍ ബാലന്‍സ് ചെയ്യലുമൊന്നും പറ്റില്ല. ഒരു നല്ല കഥാപാത്രത്തിന് ഓഫര്‍ വന്നാല്‍, 30 ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാവുന്നതാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പോയി ചെയ്യും.
ഞാന്‍ ഇതിന് ചേരില്ലെന്ന് തോന്നി ‘നോ’ പറഞ്ഞിട്ടുണ്ട്. തിയേറ്ററില്‍ വിജയം നേടിയ പടങ്ങള്‍ പോലും ആ ലിസ്റ്റിലുണ്ട്, ഉദാഹരണത്തിന് ‘ആമേന്‍’. എന്നോട് പറഞ്ഞ കഥയാണ്. പക്ഷേ എനിക്ക് എന്നെയതില്‍ കാണാന്‍ പറ്റിയില്ല. അതില്‍ ഫഹദ് തന്നെയാണ് ചേരുന്നത് എന്നാണ് എനിക്കിപ്പോഴും തോന്നുന്നത്. എല്ലാ കുപ്പായവും എനിക്കു ചേരണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് മോശമല്ലേ. പിന്നെ, ഓരോ അരിമണിയിലും അത് ആര് കഴിക്കണമെന്ന് എഴുതി വെച്ചിട്ടുണ്ട്.
മക്കളുടെ ഏറ്റവും നല്ല ‘മൊമന്റു’കളിലൊക്കെ ഞാന്‍ ഉണ്ടാവണം എന്നെനിക്കുണ്ട്, അവര്‍ക്ക് ഒരുപാട് നല്ല ഓര്‍മ്മകള്‍ കൊടുക്കണം. എനിക്കും ജീവിതത്തെ കുറിച്ചോര്‍ക്കുമ്ബോള്‍ നല്ല ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. മരിക്കുന്നതിന് തൊട്ടു മുന്‍പ് ജീവിതത്തിലെ എല്ലാ നല്ല ‘മൊമന്റു’കളും ‘ടക്ക് -ടക്ക്’ അടിച്ചു പോയാണ് നമ്മുടെ കണ്ണുകള്‍ അടയുക എന്നു ഞാനെവിടെയോ വായിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ അതില്‍ ഒരുപാട് നല്ല ‘മൊമന്റ്സ്’ ഉണ്ടാവണമെന്നേ ഇപ്പോള്‍ ആഗ്രഹമുള്ളൂ.
എന്റെ മോനോട് ഞാനൊരിക്കല്‍ ചോദിച്ചു, ‘അച്ഛനെ കുറിച്ച് ഓര്‍ക്കുമ്ബോള്‍ എന്താണ് നിനക്ക് ആദ്യം ഓര്‍മ്മ വരികയെന്ന്’ – അത്യാവശ്യം വിലകൂടിയ കുറേ സാധനങ്ങള്‍ ഞാനവനു വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. അവന് പക്ഷേ അതൊന്നും പറഞ്ഞില്ല. ‘അച്ഛാ നമ്മള് ഡ്രൈവിനു പോവുന്നത്, നടക്കാന്‍ പോവുന്നത്, ഒന്നിച്ചു കളിക്കുന്നത്’ അതൊക്കെയാണ് അവന് എടുത്തു പറഞ്ഞത്. എല്ലാവരുടെയും മനസ്സില്‍ തങ്ങി നില്ക്കുക ‘മൊമന്റ്സ്’ തന്നെയാണെന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷം കൂടിയായിരുന്നു അത്.
ദാമ്ബത്യത്തിലും അതു തന്നെയാണ് പ്രധാനം. വിവാഹമോചനങ്ങള്‍ കൂടുന്നതു പോലും ഓര്‍ത്തു വെയ്ക്കാന്‍ സന്തോഷമുള്ള ‘മൊമന്റ്സ്’ ഇല്ലാത്തതു കൊണ്ടാണെന്നു തോന്നാറുണ്ട്. പ്രണയിക്കുമ്ബോള്‍ ആളുകള്‍ ചെറിയ കാര്യത്തിനു പോലും പരസ്പരം അഭിനന്ദിക്കും. വിവാഹത്തിനു ശേഷം അത് നില്ക്കും. വേറെയെവിടെ നിന്നാണ് ഒരു നല്ല വാക്ക് കേള്‍ക്കുക?
ദാമ്ബത്യത്തില്‍ പലപ്പോഴും യാത്രകളും ജോലിയുമൊക്കെയായി ഒരാള്‍ മാനസികമായി വളരും. ചിലപ്പോള്‍ മറ്റേയാള്‍ അവിടെ തന്നെ നില്ക്കും. അപ്പോള്‍ മനസ്സിലാവാതെ പോവും. മറ്റേയാളെ കൂടി കൈപ്പിടിച്ച് കൂടെകൂട്ടിയാല്‍ മനസ്സിലാക്കലുകള്‍ എളുപ്പമാവും.
ജയസൂര്യ എന്ന നടന് ഇന്നുണ്ടെങ്കില്‍ സരിത എന്നു പറയുന്ന ഒരു വലിയ വ്യക്തിയുടെ സ്വാധീനം കൊണ്ട് മാത്രമായിരിക്കും. എന്നെ എന്നിലേക്ക് നോക്കാന്‍ പഠിപ്പിച്ചത് അവളാണ്. ഞാനെന്തു കാര്യവും അവളോട് ചര്‍ച്ച ചെയ്യാറുണ്ട്, തിരിച്ചുമതേ. പണ്ടു മുതലേ അങ്ങനെയൊരു സൗഹൃദമുണ്ട്. ഭാര്യ എന്ന ‘ഇന്വെര്ട്ടര്മൂഡ് കോമ’യിലേക്ക് മാത്രമായി ഒതുക്കാതെ ഒരു നല്ല കൂട്ടുകാരിയായി, എന്തും പറയാവുന്ന ഒരാളായി അവള് കൂടെയുണ്ട്.
jayasurya life story
