ഇരുന്ന ഇരുപ്പില്‍ മരിച്ചു പോയാലോ, ഇരിക്കുന്ന ഭൂമി പിളര്‍ന്ന് താഴേക്ക് പോയാല്‍ മതിയെന്നായിപ്പോയി;തന്നെ തകർത്ത സംഭവത്തെ കുറിച്ച് ജയസൂര്യ !
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. സിനിമയിലെ കുടുംബ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് ജയസൂര്യ ഇന്നത്തെ നിലയിലേക്ക് എത്തുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി പിന്നീട് സഹനടനും നായകനായുമെല്ലാം വളരുകയായിരുന്നു ജയസൂര്യ. വില്ലനായും നായകനായുമെല്ലാം കയ്യടി നേടാനും പുരസ്‌കാരങ്ങള്‍ നേടാനുമൊക്കെ ജയസൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്.
സിനിമയിലേക്കുള്ള ജയസൂര്യയുടെ വഴികള്‍ പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ നിറഞ്ഞതായിരുന്നു. പക്ഷെ പറ്റില്ല എന്ന വാക്ക് താന്‍ കേള്‍ക്കുമായിരുന്നില്ലെന്നാണ് ജയസൂര്യ പറയുന്നത്. ഇപ്പോഴിതാ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഒരു അനുഭവം പങ്കുവെക്കുകയാണ് ജയസൂര്യ. ജ്യോതിഷത്തില്‍ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിനുള്ള താരത്തിന്റെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഒരു സിനിമ കാണാന്‍ ഇരിക്കുമ്പോള്‍ ക്ലൈമാക്‌സ് പറയാന്‍ പോയാല്‍ പറയല്ലേ പറയല്ലേ എന്ന് നമ്മള്‍ പറയില്ലേ. ക്ലൈമാക്‌സ് അറിഞ്ഞാല്‍ പിന്നെ എന്ത് രസം. അതുപോലെ ജീവിതത്തിന്റെ ഭാവി അറിഞ്ഞാല്‍ പിന്നെന്ത് രസം. ഇതാണ് ഇപ്പോള്‍ ജോതിഷത്തെക്കുറിച്ച് പറയാനുള്ളത്. പക്ഷെ മുമ്പ് ഇങ്ങനെയായിരുന്നില്ല. ജോതിഷത്തില്‍ വിശ്വസിച്ചിരുന്നു ഒരുകാലത്ത്. ഞാന്‍ രക്ഷപ്പെടുമോ, എന്താകുമെന്നോ അറിയാതിരുന്ന സമയത്താണെന്നും താരം പറയുന്നു.
ഒരിക്കല്‍ വീട്ടുകാര്‍ വീടിന്റെ അടുത്തുള്ളൊരു ജോത്സ്യന്റെ മുമ്പില്‍ കൊണ്ടിരുത്തിയിട്ടുണ്ട്. അയാള്‍ നോക്കിയിട്ട് ഇരിക്കാന്‍ പറഞ്ഞു. നാളെ സിനിമാ നടന്‍ ആകണമെന്ന ആഗ്രഹത്തോടെ ഞാന്‍ മുമ്പില്‍ ഇരിക്കുകയാണ്. അദ്ദേഹം നോക്കിയ ശേഷം സിനിമാ നടന്‍ അല്ലേ, എന്ന് ചോദിച്ചു. ഞാന്‍ അതെ എന്നു പറഞ്ഞു. ആവില്ലാട്ടോ എന്നായിരുന്നു മറുപടി. അവിടുന്നുള്ള മോട്ടിവേഷന്‍. ഇയാള്‍ക്ക് പുറത്തേക്ക് പോകാന്‍ ആണ് യോഗം. ജോലിയൊക്കെയായി ദുബായിയിലേക്കോ മറ്റോ പോകാന്‍ നോക്കൂ എന്നു പറഞ്ഞു.
ശരി അടുത്തയാളോട് വരാന്‍ പറയൂവെന്നും അദ്ദേഹം പറഞ്ഞു. അത് കേട്ടതും ഞാനാകെ തകര്‍ന്നു. ഇരുന്ന ഇരുപ്പില്‍ മരിച്ചു പോയാലോ, ഇരിക്കുന്ന ഭൂമി പിളര്‍ന്ന് താഴേക്ക് പോയാല്‍ മതിയെന്നായിപ്പോയി. സ്വപ്‌നത്തിന്റെ കൂടാരുമായി ചെന്നതായിരുന്നു ഞാന്‍. മൂപ്പരെ എന്റെ വീട്ടില്‍ ഭയങ്കര വിശ്വാസമാണ്. നടന്നു പോകുമ്പോള്‍ അയാള്‍ പറഞ്ഞാല്‍ തെറ്റില്ല. നീ സിനിമ എന്നൊന്നും പറഞ്ഞ് ഇനി നടക്കണ്ട എന്ന് അമ്മ പറഞ്ഞു.
അന്നത്തെ ദിവസം എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ആ രാത്രി എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. സിനിമാ സിനിമാ എന്ന സ്വപ്‌നവുമായി നടക്കുകയാണ്. രാത്രി ഉറക്കം വരാതെ അമ്മയുടെ അടുത്തു പോയി അമ്മയോട് എനിക്ക് പുറത്ത് പോകണ്ട എന്ന് പറഞ്ഞു. ഇപ്പോള്‍ പുറത്ത് പോകണ്ട പോയി കിടന്നുറങ്ങൂവെന്നായിരുന്നു അമ്മയുടെ മറുപടി. എനിക്ക് സിനിമാനടാനായാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നാളെയാകാം സിനിമാ നടന്‍ എന്നായിരുന്നു അമ്മ പറഞ്ഞത്.
എന്റെ വികാരം അവര്‍ക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. എന്തായാലും എന്റെ ഭ്രാന്ത് കണ്ട് അവര്‍ കൂടെ നിന്നു. അവര്‍ ആര്‍ട്ടിസ്റ്റുകളായിരുന്നില്ല. പക്ഷെ സിനിമ ഇഷ്ടമാണെന്ന് മാത്രം. എല്ലാ അച്ഛനും അമ്മയ്ക്കുമെന്നത് പോലെ മകനില്‍ പ്രതീക്ഷയുണ്ടായിരുന്നതിനാല്‍ അവര്‍ എന്റെ കൂടെ നിന്നു. അവന്‍ രക്ഷപ്പെടുമെന്ന ചിന്ത അവരുടെ മനസില്‍ ഉണ്ടായിക്കാണുമെന്നാണ് ജയസൂര്യ പറയുന്നത്.