Connect with us

അവസാനമായി അദ്ദേഹത്തെ ഇങ്ങനെ കാണേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി; വേദന കടിച്ചമര്‍ത്തി ജയറാം

Malayalam

അവസാനമായി അദ്ദേഹത്തെ ഇങ്ങനെ കാണേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി; വേദന കടിച്ചമര്‍ത്തി ജയറാം

അവസാനമായി അദ്ദേഹത്തെ ഇങ്ങനെ കാണേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി; വേദന കടിച്ചമര്‍ത്തി ജയറാം

വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ ആവുന്നതിലും അപ്പുറമാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ താരമാണ് അദ്ദേഹമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. മലയാള സിനിമയ്ക്ക് ഇന്നസെന്റിന്റെ വിയോഗം നികത്താനാവാത്തതാണ്.

ഹാസ്യ നടനായും സ്വഭാവനടനായും തിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്. ഇന്നസെന്റ് വിടവാങ്ങി ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഒരു വാക്കെങ്കിലും അദ്ദേഹത്തെക്കുറിച്ച് പറയാത്തവരോ എഴുതാത്തവരോ വിരളമായിരിക്കും.

ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് ഇന്നസെന്റിന്റെ മരണം. രണ്ട് തവണ അര്‍ബുദത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇന്നസെന്റ് ഇത്തവണയും മടങ്ങി വരുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ നടന്റെ മരണ വാര്‍ത്ത മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. ഇന്നസെന്റിന്റെ വിയോഗം ആരാധകര്‍ക്കും സിനിമാ ലോകത്തിനും കടുത്ത വേദനയായിരുന്നു.

ഇന്നച്ചന്‍ എന്ന് മലയാളികളെല്ലാം സ്‌നേഹത്തോടെ വിളിക്കുന്ന അദ്ദേഹത്തിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ജയറാം. അപ്പനും മകനുമായും ചേട്ടനും അനിയനുമായും അമ്മാവനും മരുമകനായും കൂട്ടുകാരായുമെല്ലാം ഇരുവരും അഭിനയിച്ച് തകര്‍ത്തിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം എഴുതിയ കുറിപ്പിലൂടെ ഇന്നസെന്റിനെ ഓര്‍ക്കുകയാണ് ജയറാം.

35 വര്‍ഷം. അപരന്‍ മുതല്‍ മകള്‍ വരെ. ഞാനാദ്യമായി അഭിനയിച്ച സിനിമയാണ് അപരന്‍. എനിക്കൊപ്പം ഇന്നസെന്റേട്ടനും ആ സിനിമയിലുണ്ടായിരുന്നു. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച അവസാനത്തെ സിനിമ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മകള്‍ ആയിരുന്നു. ഇക്കാലമത്രയും പലരൂപത്തിലും അദ്ദേഹം എനിക്കൊപ്പമുണ്ടായിരുന്നു. അച്ഛനായും ജ്യേഷ്ഠനായും സുഹൃത്തായും അമ്മാവനായുമൊക്കെ. അദ്ദേഹവുമായുള്ള ബന്ധത്തില്‍ മലയാള സിനിമയിലെ മറ്റ് പലര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം തനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് ജയറാം പറയുന്നത്.

അദ്ദേഹത്തിന്റെ കോള്‍ ലിസ്റ്റില്‍ മൂന്നാമതോ നാലാമതോ ആയി തന്റെ പേര് ഉണ്ടായിരുന്നുവെന്നാണ് ജയറാം പറയുന്നത്. കാന്‍സര്‍ വന്ന് ചികിത്സയിലായിരുന്നപ്പോഴും അദ്ദേഹത്തിന്റെ കോള്‍ തനിക്ക് വരുമായിരുന്നു. ആദ്യത്തെ കോള്‍ പോയിട്ടുണ്ടാവുക സത്യന്‍ അന്തിക്കാടിനായിരിക്കുമെന്നും ജയറാം പറയുന്നു. എന്താടാ അവിടെ, പ്രത്യേകിച്ച് എന്തെങ്കിലും ജോലിയുണ്ടോ? ഇല്ല ചേട്ടാ പറയ്. ഒരു നല്ല തമാശ കിട്ടിയിട്ടുണ്ട്. അത് നിന്നോട് പറയാനാണ്. ആ വേദനക്കിടയിലും അദ്ദേഹം നമ്മളെ ചിരിപ്പിച്ചു. അങ്ങനൊരു വ്യക്തിത്വത്തെ താനിതുവരെ കണ്ടിട്ടില്ലെന്നും ജയറാം പറയുന്നു.

ഇന്നസെന്റേട്ടന്‍ ആശുപത്രിയിലായ സമയത്ത് വിശാഖപട്ടണത്ത് മഹേഷ് ബാബുവിന്റെ സിനിമയുടെ ലൊക്കേഷനിലായിരുന്നു ഞാന്‍. അന്നന്ന് വിളിച്ച് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇന്നസെന്റേട്ടന്‍ മരിക്കുന്നതിന്റെ തലേന്ന് രാത്രി എനിക്ക് കോള്‍ വന്നു. നാളെ ജയറാമിന് ഷൂട്ടില്ല എന്ന് പറഞ്ഞു. ആ നേരം പെട്ടെന്ന് എന്നെ ഇന്നസെന്റേട്ടന്‍ വിളിക്കുന്നത് പോലെ തോന്നി. അന്ന് രാത്രിയ്ക്ക് തന്നെ താന്‍ കൊച്ചിക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റെടുത്തോളാന്‍ പറഞ്ഞുവെന്നും ജയറാം പറയുന്നു.

രാവിലെ കൊച്ചിയിലെത്തി. നേരെ ആശുപത്രിയിലേക്ക് പോയി. അദ്ദേഹത്തെ കണ്ടു. കുറേനേരം സോണറ്റിന്റേയും ചേച്ചിയുടേയും ഒപ്പമിരുന്നു. രാത്രിയായപ്പോള്‍ അദ്ദേഹം പോയി. ആ ശ്വാസം നിലച്ചതായി എനിക്ക് തോന്നിയതേയില്ല. അവസാനമായി അദ്ദേഹത്തെ ഇങ്ങനെ കാണേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി. പിറ്റേദിവസമൊന്നും ഞാന്‍ പോയതേയില്ല. ആ മുഖം കണ്ടുകൊണ്ടുനില്‍ക്കാന്‍ എനിക്ക് വയ്യായിരുന്നു. എന്നും ചിരിച്ചു തന്റെ കൂടെയിരിക്കുന്ന ഇന്നസെന്റേട്ടന്റെ ആ മുഖം മതിയായിരുന്നുവെന്നാണ് ജയറാം പറയുന്നത്.

തന്നെ ഇന്നസെന്റ് സ്വാമിയെന്നായിരുന്നു വിളിച്ചിരുന്നത്. തന്റെ പ്രണയം ആദ്യം കണ്ടുപിടിച്ചത് ഇന്നസെന്റേട്ടനായിരുന്നു. എത്രയെത്ര കഥകള്‍. അദ്ദേഹത്തിന് അടുപ്പമുള്ള സുഹൃത്തുക്കളേയും വീട്ടുകാരെയുമൊക്കെയാണ് ഇന്നസെന്റ് കഥകളിലെ കഥാപാത്രങ്ങളായി അവതരിപ്പിക്കാറുള്ളത്. സഹോദരി, അപ്പന്‍, ഭാര്യ.. ആ കഥകള്‍ കേള്‍ക്കുമ്പോള്‍ ചിരിയല്ലാതെ ആരുടേയും മുഖത്ത് പരിഭവം കാണാറില്ലെന്നും ജയറാം പറയുന്നുണ്ട്.

1989 ല്‍ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തില്‍ ഒരു വഴിത്തിരിവായത്. റാംജിറാവുവിലെ മന്നാര്‍ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയുംചെയ്തു.

തുടര്‍ന്ന് ഗജകേസരി യോഗം, ഗോഡ് ഫാദര്‍, കിലുക്കം, വിയ്റ്റ്‌നാം കോളനി, ദേവാസുരം, കാബൂളിവാല എന്നിങ്ങനെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. കോമഡിറോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള നടനാണ്.നടന്‍, നിര്‍മാതാവ്, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ഇന്നസെന്റ്.

സംവിധായകന്‍ മോഹന്‍ മുഖേനയാണ് ഇന്നസെന്റ് സിനിമാരംഗത്തു വരുന്നത്. 1972ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തി. പില്‍ക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളാണ്. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top