Actor
സംവിധാന രംഗത്തേയ്ക്ക് ചുവട് വെയ്ക്കുവാൻ ഒരുങ്ങി ജയം രവി; തന്റെ ചിത്രത്തിലെ നായകൻ ആരെന്ന് വെളിപ്പെടുത്തി നടൻ
സംവിധാന രംഗത്തേയ്ക്ക് ചുവട് വെയ്ക്കുവാൻ ഒരുങ്ങി ജയം രവി; തന്റെ ചിത്രത്തിലെ നായകൻ ആരെന്ന് വെളിപ്പെടുത്തി നടൻ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം. തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്ന ഈ നടൻ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നതിൽ വലിയ ശ്രദ്ധ പുലർത്തുന്ന കലാകാരൻ കൂടിയാണ്.
അദ്ദേഹത്തിന്റെ കഴിഞ്ഞ റിലീസ് ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിരുന്നു. മലയാളി പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട തമിഴ് നടന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങൾ കേരളത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്. ഇപ്പോഴിതാ സംവിധാന രംഗത്തേയ്ക്ക് ചുവട് വെയ്ക്കുവാൻ ഒരുങ്ങുകയാണ് നടൻ.
തന്റെ പുതിയ ചിത്രമായ ‘ബ്രദറി’ന്റെ റിലീസിനോട് അനുബന്ധിച്ച് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയം രവി ഇതേ കുറിച്ച് പറഞ്ഞത്. താൻ ഉടൻ തന്നെ സംവിധായകനായി അരങ്ങേറ്റം കുറിക്കുമെന്ന് പറഞ്ഞ ജയം രവി ആരായിരിക്കും തന്റെ ചിത്രത്തിലെ നായകൻ എന്നതും വെളിപ്പെടുത്തി. തമിഴ് താരം യോഗി ബാബുവായിരിക്കും തന്റെ ചിത്രത്തിലെ നായകൻ എന്നാണ് ജയം രവി പറഞ്ഞത്.
അതേസമയം ‘ജെനി’, ‘കാതലിക്ക നേരമില്ലെ’, ‘ജെആർ34’ തുടങ്ങിയ പ്രോജക്റ്റുകളാണ് ജയം രവിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. ജയം രവിയുടെ സഹോദരനും സംവിധായകനുമായ മോഹൻരാജ സംവിധാനം ചെയ്യുന്ന തനി ഒരുവൻ 2 എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.
ചിത്രത്തിലെ അരവിന്ദ് സാമിയുടെയും ജയം രവിയുടെ പ്രകടനത്തിനും തിരക്കഥക്കും നിരവധി നിരൂപക പ്രശംസയാണ് ലഭിച്ചത്. ആദ്യം ഭാഗം നിർമിച്ച എജിഎസ് എന്റെർറ്റൈന്മെന്റ്സ് തന്നെയാണ് തനി ഒരുവൻ രണ്ടാം ഭാഗവും നിർമിക്കുന്നത്. നയൻതാരയും ചിത്രത്തിലൊരു പ്രധാന വേഷത്തിലുണ്ടാകുമെന്നാണ് വിവരം.
2003 ൽ പുറത്തിറങ്ങിയ ജയം എന്ന സിനിമയിലൂടെയാണ് നടൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമ തന്നെ സംവിധായകൻ മോഹൻ രാജയുടെ സഹോദരനാണ് മോഹൻ രവി എന്ന ജയം രവി. ആദ്യം അഭിനയിച്ച സിനിമയുടെ പേര് കൂടി ചേർത്താണ് ജയം രവി എന്ന പേരിലേക്ക് താരം മാറിയത്. പിൽക്കാലത്ത് ആ പേര് സ്ഥിരമാവുകയായിരുന്നു.
പിന്നീട് എം. കുമാരൻ സൺ ഓഫ് മഹാലക്ഷ്മി, തൂങ്കു നടുവും, ദീപാവലി, സന്തോഷ് സുബ്രഹ്മണ്യം, പേരന്മൈ, തില്ലലങ്ങാടി, എങ്കെയും കാതൽ, തനി ഒരുവൻ, വനമകൻ, കോമാളി, പൊന്നിയിൻ സെൽവൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ജയം രവി അഭിനയിച്ചു. ഇതുവരെ 30 ലധികം സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിലെ കഥാപാത്രത്തിന് ഏറെ പ്രശംസയാണ് ലഭിച്ചത്.