Actor
തെലുങ്കിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പ്രണവ്; നായികയായി എത്തുന്നത് കൃതി ഷെട്ടി
തെലുങ്കിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പ്രണവ്; നായികയായി എത്തുന്നത് കൃതി ഷെട്ടി
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും.
ഇപ്പോൾ തെലുങ്കിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടൻ. ‘ജനത ഗാരേജ്’, ‘ദേവരാ’ എന്നീ സിനിമകൾക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെയാണ് നടൻ തെലുങ്കിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത്.
ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. ‘പുഷ്പ’, ‘പുഷ്പ 2’, ‘ജനത ഗാരേജ്’ തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണവിനൊപ്പം മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
‘കിൽ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജുയലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു റൊമാന്റിക് ആക്ഷൻ ഴോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഹരീഷ് കല്യാൺ, നിത്യ മേനോൻ, കാവ്യ ഥാപ്പർ, നവീൻ പോളി ഷെട്ടി, കാശ്മീരാ, ചേതൻ കുമാർ തുടങ്ങി നിരവധി താരങ്ങളും വേഷമിടുന്നുണ്ട്. എന്നാൽ സിനിമയിലെ കാസ്റ്റിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
അതേസമയം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, നിവിൻ പോളി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മികച്ച പ്രതികരണം നേടിയ ചിത്രം 80 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്.
ഇപ്പോൾ തന്റെ ആദ്യത്തെ കവിതാ സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രണവ് എന്നും വാർത്തകളുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കവിതാ സമാഹാരത്തിന്റെ കവർ താരപുത്രൻ പങ്കുവെച്ചിരുന്നു. like Desert Dunes എന്നതാണ് കവിതാ സമാഹാരത്തിന്റെ പേര്. ഞാൻ എന്റെ കവിതാ സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന അടികുറിപ്പോടെയാണ് താരം കവർ പങ്കുവെച്ചിരിക്കുന്നത്.
യാത്രയോട് മാത്രമല്ല അച്ഛനെപ്പോലെ തന്നെ മൾട്ടി ടാലന്റഡാണ് പ്രണവും. സംഗീതവും സാഹസീകതയും പ്രണവിന് ഏറെ ഇഷ്ടമാണ്. താരത്തിന്റെ സോഷ്യൽമീഡിയ പേജ് നിറയെ യാത്രകളിൽ താൻ കണ്ട കാഴ്ചകളുടെ ചിത്രങ്ങളാണ്. യാത്രയെ പാഷനാക്കി വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവിനെ കുറിച്ചുള്ള വാർത്തകൾ എപ്പോഴും വൈറലാകാറുണ്ട്. അയാൾക്ക് അതാണ് ഇഷ്ടമെന്നും തനിക്ക് സാധിക്കാത്തത് ആൾ ചെയ്‌തോട്ടെയെന്നുമായിരുന്നു മകന്റെ ഈ ജീവിത രീതികളെ സംബന്ധിച്ച ചോദ്യത്തിന് മോഹൻലാൽ മുൻപ് നൽകിയ മറുപടി.
ബാലതാരമായി അഭിനയിച്ച് തുടങ്ങിയ പ്രണവ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധപ്രകാരമാണ് നായകനായി രണ്ടാം വരവ് നടത്തിയത്. 2018 ൽ ആണ് പ്രേക്ഷകരെ ആവേശം കൊള്ളിച്ച് കൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’എന്ന സിനിമയിൽ നായകനായി പ്രണവ് വേഷമിട്ടത്. സിനിമാ ജീവിതം തുടങ്ങി വർഷങ്ങൾ ഇത്ര കടന്ന് പോയിട്ടും ഇന്നേവരെ ഒരു അഭിമുഖത്തിലും പ്രണവ് പ്രത്യക്ഷപ്പെട്ടിട്ടില്ല.