Malayalam
ഞാന്‍ കൂടുതല്‍ ക്യാരക്ടര്‍ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ്, ഇപ്പോള്‍ അത്തരം റോളുകള്‍ വന്നപ്പോള്‍ കാണാന്‍ അവളില്ല; വിതുമ്പി ജഗദീഷ്
ഞാന്‍ കൂടുതല്‍ ക്യാരക്ടര്‍ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ്, ഇപ്പോള്‍ അത്തരം റോളുകള്‍ വന്നപ്പോള്‍ കാണാന്‍ അവളില്ല; വിതുമ്പി ജഗദീഷ്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ, സംവിധാനം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് ജഗദീഷ്. ഓഫ് സ്‌ക്രീനില്‍ നല്ലൊരു അധ്യാപകന്‍ കൂടിയാണ് ജഗദീഷ്.
അവതാരകന്‍ എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള ജഗദീഷ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. കോമഡിയാണ് ജഗദീഷിനെ താരമാക്കുന്നതെങ്കിലും നായകനായും വില്ലനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് ജഗദീഷ്. ഇപ്പോള്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടന്‍.
നെഗറ്റീവ് വേഷങ്ങളടക്കം ചെയ്താണ് തിരിച്ചുവരവില്‍ ജഗദീഷ് കയ്യടി നേടുകയാണ്. എന്നാല്‍ ഓണ്‍ സ്‌ക്രീനില്‍ കയ്യടികള്‍ നേരിടുമ്പോഴും ജഗദീഷിന്റെ വ്യക്തിജീവിതം കടന്നു പോയത് വലിയ വിഷമഘട്ടത്തിലൂടെയായിരുന്നു. ഈയ്യടുത്തായിരുന്ന താരത്തിന് ഭാര്യ രമയെ നഷ്ടമായത്. ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
സിനിമയില്‍ താന്‍ കൂടുതല്‍ ക്യാരക്ടര്‍ വേഷം ചെയ്യണം എന്നായിരുന്നു ഭാര്യ രമയുടെ വലിയ ആഗ്രഹമെന്നാണ് ജഗദീഷ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ വന്നപ്പോള്‍ കാണാന്‍ അവള്‍ ഇല്ലെന്നും സങ്കടത്തോടെ താരം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
ഞാന്‍ കൂടുതല്‍ ക്യാരക്ടര്‍ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഭാര്യ രമ. ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ കൂടുതല്‍ വന്നപ്പോള്‍ കാണാന്‍ അവളില്ല. ഞാന്‍ രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും രമ മനസിലേക്ക് കടന്ന് വരും. എന്റെ കഴിവില്‍ എന്നെക്കാള്‍ വിശ്വസിച്ചിരുന്നത് അവളായിരുന്നു. നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ ഉറപ്പായും തേടി വരും എന്നവള്‍ക്ക് ഉറപ്പായിരുന്നു. സിനിമയുടെ പ്രശസ്തിയോ സിനിമാനടന്റെ ഭാര്യയെന്ന പേരോ രമ ഒരിക്കലും ആഗ്രഹിച്ചില്ല.
മക്കളുടെ കല്യാണത്തിന് അതിഥികള്‍ വരുമ്പോള്‍ ഞാന്‍ രാഷ്ട്രീയക്കാരെയും സിനിമാക്കറെയും സ്വീകരിക്കാന്‍ നില്‍ക്കുമ്പോള്‍ രമ അവളുടെ ജോലിയുമായി ബന്ധപ്പെട്ട സ്റ്റാഫിനെയും പഴയ കൂട്ടുകാരെയും സ്വീകരിക്കാന്‍ ആണ് മുന്നില്‍ നിന്നത്. തനിക്ക് പിടിപെട്ട രോഗാവസ്ഥയെ കുറിച്ച് ഡോക്ടറെന്ന നിലയില്‍ രമയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രമേ രമയുടെ കണ്ണ് നിറഞ്ഞ് ഞാന്‍ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം കണ്ണിരോടെ പറയുന്നു.
എന്റെ ഭാര്യ എന്ന നിലയിലല്ല അവള്‍ അറിയപ്പെട്ടിരുന്നത്. മരിച്ചപ്പോള്‍ വാര്‍ത്ത വന്നത് ജഗദീഷിന്റെ ഭാര്യ മരിച്ചുവെന്നല്ല, ഡോക്ടര്‍ പി രമ മരിച്ചുവെന്നായിരുന്നു. ജീവിതത്തില്‍ ഒരിക്കലും എന്റെ ആഗ്രഹങ്ങള്‍ക്ക് എതിര് നിന്നിട്ടില്ല. ആകെ മൂന്ന് തവണയാണ് എന്റെ കൂടെ വിദേശ യാത്രയ്ക്ക് വന്നിട്ടുള്ളത്. ഫങ്ഷനുകള്‍ക്കൊന്നും വരാറുണ്ടായിരുന്നില്ല. വിളിക്കുമ്പോള്‍ ഞാനില്ലെന്ന് പറയും. ഒരു വിദ്യാര്‍ത്ഥിയെ പോലെയാണ് പിറ്റേദിവസത്തെ ക്ലാസിനായി രമ തയ്യാറായിരുന്നത്.
അറേഞ്ച്ഡ് മാര്യേജായിരുന്നു. എന്റെ ചേച്ചി രമയുടെ അമ്മയെ കാണാനായി അവരുടെ വീട്ടില്‍ പോയപ്പോഴാണ് രമയെ കാണുന്നത്. മകളാണ് എംബിബിഎസിന് പഠിക്കുകയാണെന്ന് പറഞ്ഞു. പിന്നീട് അളിയന്‍ വഴിയാണ് വിവാഹ ആലോചന വന്നത്. എന്റെ വീടിന്റെ നാഥ അവളായിരുന്നു. ഞാന്‍ എത്ര സമ്പാദിക്കുന്നുണ്ടെന്നോ എത്ര കൊണ്ടു വരുന്നുണ്ടെന്നോ ഒന്നും ഒരിക്കലും ചോദിച്ചിരുന്നില്ല. നല്ലൊരു ജോലി കയ്യിലുണ്ടായിരുന്നിട്ട് സിനിമയിലേക്ക് പോയപ്പോള്‍ എതിര്‍ത്തില്ല, താല്‍പര്യമുണ്ടോ ആത്മവിശ്വാസമുണ്ടോ എന്നാല്‍ പൊക്കോളൂവെന്നാണ് പറഞ്ഞതെന്നും ജഗദീഷ് പറയുന്നുണ്ട്.
അന്ന് ഈ കുടുംബം മൊത്തം താങ്ങി നിര്‍ത്തിയത് രമയാണ്. കുട്ടികളെ വളര്‍ത്തുന്നതും എന്റെ കാര്യങ്ങള്‍ നോക്കുന്നതുമെല്ലാം. ഞാന്‍ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട് വീട്ടിലെ ഗൃഹനാഥയും ഗൃഹനാഥനും രമയായിരുന്നു. എന്റെ വ്യക്തിത്വത്തിന് ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് നൂറില്‍ അമ്പതാണെങ്കില്‍ രമയുടെ വ്യക്തിത്വത്തിന് നല്‍കുന്നത് നൂറില്‍ തൊണ്ണൂറ് മാര്‍ക്കാണ്. അവസാന നിമിഷം വരെ പൊരുതി ജീവിച്ച സ്ത്രീയാണെന്നും ജഗദീഷ് പറയുന്നു.
അതേസമയം, തന്റെ മൂത്ത മോള്‍ക്ക് കുറച്ച് ജോത്സ്യമൊക്കെ വശമുണ്ടെന്നാണ് ജഗദീഷ് പറയുന്നത്. അച്ഛാ, ഇനി അച്ഛന്റെ സമയമാണ് വരുന്നതെന്ന് റോഷാക്കിന് മുന്‍പ് മോള്‍ പറഞ്ഞിരുന്നുവെന്നും താരം ഓര്‍ക്കുന്നു. അച്ഛന് ശുക്രദശയാണ്, ആ സമയത്ത് തന്നെയാണ് വലിയ നഷ്ടവും. അച്ഛന് നല്ല നേട്ടം വരുമെന്ന് മൂത്ത മോള്‍ പറഞ്ഞപ്പോള്‍ കിളി ജോത്സ്യം എന്ന് പറഞ്ഞ് ഇളയ മോള്‍ കളിയാക്കിയിരുന്നു എന്നും ജഗദീഷ് ഓര്‍ക്കുന്നുണ്ട്.
എന്തിനാണ് മോളെ സൈക്ക്യാട്രിക്ക് വിട്ടതെന്ന് ചോദിച്ചവരോട് എനിക്കെന്തെങ്കിലും ആവശ്യം വന്നാല്‍ ആള് വേണ്ടേ എന്നായിരുന്നു താന്‍ നല്‍കിയ മറുപടി എന്നാണ് ജഗദീഷ് തമാശ രൂപേണേ പറയുന്നത്. എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഞാന്‍ ഇടയ്ക്ക് അവളോട് ചോദിക്കാറുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ അവള്‍ ചിരിക്കുമെന്നും താരം പറയുന്നു.
