News
തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് തുക; പുതിയ റെക്കോര്‍ഡിട്ട് വിജയ്
തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് തുക; പുതിയ റെക്കോര്‍ഡിട്ട് വിജയ്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കോളിവുഡില്‍ പുതിയൊരു റെക്കോര്‍ഡിട്ടിരിക്കുകയാണ് വിജയ്. ലോകേഷ് കനകരാജ്-വിജയ് കൂട്ടുക്കെട്ടില്‍ എത്തുന്ന ‘ലിയോ’യുടെ നേടിയ ഓവര്‍സീസ് റൈറ്റ്‌സ് സംബന്ധിച്ച കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കോടികളാണ് ചിത്രം നേടിയിരിക്കുന്നത്. വിദേശ വിതരണാവകാശം വിറ്റ വകയില്‍ ചിത്രം 60 കോടി നേടിയതായാണ് കണക്കുകള്‍. പ്രമുഖ കമ്പനിയായ ഫാര്‍സ് ഫിലിം ആണ് റൈറ്റ് നേടിയത് എന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് തുകയാണ് ഇത്.
‘പൊന്നിയിന്‍ സെല്‍വന്‍’ നേടിയ ഓവര്‍സീസ് ഷെയര്‍ 60 കോടിക്ക് താഴെയായിരുന്നു. ലോകേഷ് കനകരാജിന്റെ ‘വിക്രം’ നേടിയത് 52 കോടിയോളവും. ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്‌സിന്റെ വില്‍പ്പന വഴിയും ചിത്രം വന്‍ തുക നേടുമെന്നാണ് കരുതപ്പെടുന്നത്.
റിലീസിന് മുമ്പ് തന്നെ ചിത്രം 300 കോടിയോളം നേടിയാലും അത്ഭുതപ്പെടാനില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. വിജയ്‌ക്കൊപ്പം സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൗതം മേനോന്‍, അര്‍ജുന്‍ മാത്യു തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തും.
തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെടുന്ന സിനിമയാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കഴിഞ്ഞ ദിവസം നടന്‍ ഇന്‍സ്റ്റാഗ്രാമാല്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സിനെയാണ് നടന്‍ സ്വന്തമാക്കിയത്. തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് തുടക്കം കുറിച്ച ഇന്‍സ്റ്റാഗ്രാമിന് നിലവില്‍ 40 ലക്ഷം ഫോളോവേഴേസുണ്ട്. ആദ്യ പോസ്റ്റിന് 46 ലക്ഷം ലൈക്കും.
43 മിനിറ്റുകള്‍ക്കുള്ളില്‍ ഏറ്റവും വേഗത്തില്‍ ഒരു ദശലക്ഷം ഫോളോവേഴ്‌സ് എന്ന റെക്കോര്‍ഡ് ദക്ഷിണ കൊറിയന്‍ കെപോപ് ബാന്‍ഡായ ബിടിഎസ് താരം വിയ്ക്കാണ്. പിന്നാലെ 59 മിനിറ്റില്‍ റെക്കോര്‍ഡിട്ടുകൊണ്ട് ഹോളിവുഡ് താരം ആഞ്ജലീന ജോളിയും. 99 മിനിറ്റില്‍ ഈ നേട്ടം കൈവരിച്ച് മൂന്നാം സ്ഥാനത്താണ് വിജയ്.
