സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്; ഇപ്പോൾ തന്നെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തി; ഉപ്പും മുളകും സീരിയലിനെ വിമർശിച്ച് സോഷ്യൽ മീഡിയ!!
By
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും നര്‍മം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ പരമ്പരയിലെ ഓരോ താരങ്ങള്‍ക്കുമായി.
ഉപ്പും മുളകും കുടുംബത്തിലെ ഒരോ കഥാപാത്രവും ഇന്ന് മലയാളികളുടെ വീട്ടിലെ അംഗങ്ങളാണ്. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അവരെ മലയാളികള്‍ കാണുന്നത് ബാലുവും നീലവും ലച്ചുവും കേശുവും ശിവയും മുടിയനും പാറുക്കുട്ടിയുമൊക്കെയായിട്ടാണ്. ഇത്രത്തോളം മലയാളികള്‍ സ്‌നേഹിച്ച മറ്റൊരു ഓണ്‍ സ്‌ക്രീന്‍ കുടുംബം ഉണ്ടാകില്ലെന്നുറപ്പാണ്.
മൂന്നാം സീസണിലേക്ക് എത്തുമ്പോൾ നിരവധി മാറ്റങ്ങളാണ് സീരിയലിന് ഉണ്ടായിട്ടുള്ളത്. മുൻ സീസണുകളിലെ പ്രധാന കഥാപാത്രങ്ങളായ ബിജു സോപാനം അവതരിപ്പിച്ച ബാലുവും നിഷ സാരംഗ് അവതരിപ്പിച്ച നീലുവും വല്ലപ്പോഴും വന്നുപോകുന്ന നിലയിലാണ്. ഇടയ്ക്ക് വന്ന വിവാദങ്ങളാണോ ഇവരെയൊക്കെ അകറ്റി നിർത്തുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന ചോദ്യം.
2015 ഡിസംബർ 14നാണ് ഉപ്പും മുളകും ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഒന്നാമത്തെ സീസൺ മികച്ച വിജയമായതുകൊണ്ടാണ് രണ്ടാം സീസണും അണിയറപ്രവർത്തകർ കൊണ്ടുവന്നത്. പരമ്പര അവസാനിച്ചപ്പോഴും ഇന്നും ഓരോ എപ്പിസോഡും നിരവധിവട്ടമാണ് യുട്യൂബിൽ മാത്രം സ്ട്രീം ചെയ്യപ്പെടുന്നത്. എന്നാൽ ഇപ്പോൾ സീരിയൽ അങ്ങേയറ്റം വെറുപ്പിക്കലാണ് എന്നാണ് പ്രേക്ഷകർ ഒന്നുപോലെ പറയുന്നത്.
സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത് എന്നും എത്രയും പെട്ടെന്ന് ഈ സീരിയൽ അവസാനിപ്പിക്കുകയാണെങ്കിൽ കുറച്ചെങ്കിലും ആളുകൾക്ക് താല്പര്യം തോന്നും എന്നുമാണ് ഇപ്പോൾ പലരും സോഷ്യൽ മീഡിയയിലൂടെ കമന്റ് ചെയ്യുന്നത്. എന്തിനാണ് ഇനിയും ഈ സീരിയൽ ഇത്തരത്തിൽ ഇട്ടുകൊണ്ട് ആളുകളെ വെറുപ്പിക്കുന്നത്.
ഇപ്പോൾ തന്നെ സീരിയൽ വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തി എന്നുമാണ് പലരും പറയുന്നത്. ഇപ്പോൾ നിർത്തുകയാണെങ്കിൽ വളരെ സന്തോഷപൂർവ്വം സീരിയൽ അവസാനിപ്പിക്കാം, ഇനിയും വലിച്ചു നീട്ടിയാൽ ആ സീരിയലിന്റെ ആത്മാവ് തന്നെ നഷ്ടമായി പോകും എന്നാണ് ഒരാളുടെ കമന്റ്.
പ്രേക്ഷകർക്ക് ഏറ്റവും വലിയ നിരാശ സമ്മാനിച്ചത് ബാലുവിന്റെയും നീലുവിന്റെയും മൂത്തമകൻ മുടിയനായി അഭിനയിക്കുന്ന റിഷി കുമാറിന്റെ പിന്മാറ്റമായിരുന്നു. താൻ പോലും അറിയാതെ തന്റെ കഥാപാത്രത്തിന്റെ കഥയുടെ ഗതി മാറ്റിയതിനാലാണ് റിഷി ഉപ്പും മുളകിൽ നിന്നും പിന്മാറിയത്. തന്നെ പരമ്പരയിൽ നിന്നും പൂർണ്ണമായിട്ടും മാറ്റി നിർത്താൻ സംവിധായകൻ ശ്രമിക്കുകയാണെന്നും റിഷി ആരോപിച്ചിരുന്നു.
സിറ്റ്കോം പരമ്പരയായ ഉപ്പും മുളകിനെ ഒരു സീരിയൽ പോലെയാക്കി മാറ്റുന്നതിനെ സംവിധായകനെ ചോദ്യം ചെയ്തതിനാണ് എന്നെ കഥയിൽ നിന്നും മാറ്റിയത് എന്നുമാണ് ഋഷി പറഞ്ഞിരുന്നത്. സഹതാരങ്ങൾക്ക് ഒന്ന് പ്രതികരിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ് ഉപ്പും മുളകിന്റെ സെറ്റിൽ നടക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ വിവാഹം നടക്കുന്നത് വരെ പരമ്പര ഒരു സിറ്റ്കോം മാതൃകയിലാണ് പോയിരുന്നത്.
എന്നാൽ അതിനുശേഷം ഉപ്പും മുളകും ഒരു സീരിയൽ പരുവത്തിലായി. ഇത് സോഷ്യൽ മീഡിയയിൽ ഞങ്ങൾക്ക് മോശം കമന്റുകൾ ലഭിക്കുന്നതിന് ഇടയാക്കി. ഇതെ തുടർന്നാണ് ഉപ്പും മുളകിനെ സീരിയൽ പോലെയാക്കുന്നതിനെതിരെ സംവിധാകനോട് പറഞ്ഞത്. തുടർന്നാണ് എന്നെ പരമ്പരയിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നതെന്നുമായിരുന്നു റിഷി പറഞ്ഞിരുന്നത്.
