Malayalam
ഇര്ഫാന് ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഫഹദ് ഫാസിലിന്റെ സിനിമയുടെ സംവിധായകനൊപ്പം സിനിമ ചെയ്യണമെന്ന് പറഞ്ഞേനേ’; കുറിപ്പുമായി ഭാര്യ
ഇര്ഫാന് ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഫഹദ് ഫാസിലിന്റെ സിനിമയുടെ സംവിധായകനൊപ്പം സിനിമ ചെയ്യണമെന്ന് പറഞ്ഞേനേ’; കുറിപ്പുമായി ഭാര്യ
വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ അതുല്യ പ്രതിഭയായിരുന്നു ഇര്ഫാന് ഖാന്. ഇപ്പോഴിതാ ഇര്ഫാന് ഖാന്റെ നാലാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ സുതപ സിക്ദര്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഇര്ഫാന് ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ എന്തായിരിക്കും സംസാരിക്കുക എന്നാണ് സുതപ കുറിപ്പില്‍ പറയുന്നത്.
‘ഇര്ഫാന് വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷവും മൂന്ന് ദിവസവും. നാലു വര്‍ഷങ്ങള്‍ സങ്കടവും ഭയവും നിരാശയും കടുത്ത നിസ്സഹായതയുമായി 4 വര്‍ഷം ഞങ്ങള്‍ അദ്ദേഹമില്ലാതെ ജീവിച്ചു. പിന്നീട് ഞാന്‍ ചിന്തിച്ചു, ഞാന്‍ അദ്ദേഹത്തോടൊപ്പം കൂടുതല്‍ കാലം ജീവിച്ചല്ലോയെന്ന്. 1984 മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. അദ്ദേഹത്തെ ഞാന്‍ കൂടുതലായി അറിയാന്‍ തുടങ്ങിയിട്ട് 36 വര്‍ഷമായിരിക്കുന്നു. 2024 ല്‍ അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ സംഭാഷണം എങ്ങനെയായിരിക്കുമെന്ന് ഞാന്‍ ആലോചിച്ചു. കാരണം ഞാനിന്ന് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന കാര്യം അതാണ്.
ഞാന്‍: നിങ്ങള്‍ ചംകീല കാണണം.
ഞാന്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ ഇര്ഫാന് എന്നെ നോക്കില്ല. (ഇര്ഫാന് പുസ്തകം വായിക്കുന്ന സമയത്ത് ഒരിക്കലും അങ്ങനെ ചെയ്യാറില്ല)
ഞാന്‍: അയാള്‍ എന്ത് രസമാണ്, എനിക്ക് അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് ഒത്തിരി ഇഷ്ടപ്പെട്ടു.
ഇര്ഫാന്: ആണോ ആരുടെ?
ഞാന്‍: ദില്‍ജിത് ദോസാഞ്ചിന്റെ..
ഇര്ഫാന്: (എന്നെ നോക്കിയിട്ട്) അതെയോ, അദ്ദേഹം അത്രയും മികച്ചതായിട്ട് നിനക്ക് തോന്നിയോ
ഞാന്‍: പിന്നെ തീര്‍ച്ചയായിട്ടും, ക്വിസ്സയും ടു ബ്രദേഴ്സും പോലൊരു പടത്തില്‍ നിങ്ങളൊരു സര്‍ദാറായി വീണ്ടും അഭിനയിക്കണം, അതില്‍ നിങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യണം. അതൊരു വിസ്മയമായിരിക്കും.
ഇര്ഫാന്: (അദ്ദേഹത്തിന്റെ ഫോണ്‍ അടിക്കുന്നു.) ഹേ ദിനു (ദിനേശ് വിജയന്) എടാ.. സുതപ പറയുന്നു ദില്‍ജിത് ദോസഞ്ച് അടിപൊളിയാണെന്ന്.
ഞാന്‍: അടിപൊളിയല്ല, കിടിലനാണ്.
ഇര്ഫാന്: അതേ.. നമുക്ക് എന്തെങ്കിലും ചെയ്യാം. ഈ പഞ്ചാബി സൂഫി കവികളെക്കുറിച്ച് എന്തെങ്കിലും. ഞാന്‍ ഇന്ന് തന്നെ ചംകീല കാണാം. ശേഷം അദ്ദേഹം ഇയര്‍ ഫോണില്‍ ശ്രദ്ധിച്ചു കൊണ്ട് പറയും. സുതുപ്… ഇര്‍ഷാദ് എന്താണീ എഴുതി വച്ചിരിക്കുന്നത്. (അദ്ദേഹത്തിന് ഇര്‍ഷാദ് കാമിലിനെ ഇഷ്ടമായിരുന്നു) വിദാ കരോ എന്ന പാട്ട് നീ കേട്ടോ എന്തൊരു പാട്ടാണ് അത്.
എന്നിട്ട് അദ്ദേഹവും അദ്ദേഹത്തിന്റെ മാനേജര്‍ മന്‍പ്രീതും ഒരുമിച്ചിരിക്കുമ്പോള്‍ അദ്ദേഹം മന്‍പ്രീതിനോട് എനിക്കൊരു മലയാള സിനിമ ചെയ്യണമെന്ന് പറയും. ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വര്‍ക്ക് ചെയ്യണം എന്ന്. ശേഷം ബോളിവുഡ് അതിന്റെ വഴിക്ക് മാറ്റം വരുത്തിയില്ലെങ്കില്‍ എന്ന് തുടങ്ങി കുറേ കാര്യങ്ങള്‍ സംസാരിക്കും, അവസാനം ഞാന്‍ ഒരു മലയാളം സിനിമ ചെയ്യും എന്ന് അദ്ദേഹം പറയും. 2024 ല്‍ ഞങ്ങള്‍ സംസാരിക്കുക ഇതായിരിക്കും’ എന്നാണ് സുതപ പറഞ്ഞിരിക്കുന്നത്.
2020ലാണ് ഇര്ഫാന് ഖാന്റെ വിയോഗം. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. 2018ല്‍ ഇര്ഫാന് ന്യൂറോ എന്‍ഡോെ്രെകന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. നടന് ബാബില്‍ ഖാന്, ആര്യന് എന്നിവര്‍ മക്കളാണ്.
