Actor
മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാന്; ഇന്ദ്രജിത്ത്
മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാന്; ഇന്ദ്രജിത്ത്
റിലീസിനൊരുങ്ങുന്ന മലയാള സിനിമകളില്‍ കാത്തിരിപ്പ് ഏറെയുള്ള ചിത്രമാണ് എമ്പുരാന്. സ്കെയിലിലും കാന്‍വാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാന് വമ്പന്‍ വിജയം നേടിയ ലൂസിഫറിന്റെ (ഘൗരശളലൃ) തുടര്‍ച്ചയാണ്. ‘ലൂസിഫര്‍’ സിനിമയുടെ ഗംഭീര വിജയം തന്നെയാണ് എമ്പുരാന് ഇത്രയധികം ഹൈപ്പ് ലഭിക്കാന്‍ കാരണവും.
എമ്പുരാനെ കുറിച്ച് പൃഥ്വിരാജിന്റെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ ഏറ്റവും മുതല്‍മുടക്കും വലിയ സിനിമയുമാകും എമ്പുരാന് എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ഇനിയും ആറ് മാസത്തോളം ഷൂട്ടിംഗ് ഉണ്ടാകുമെന്നും ഇന്ദ്രജിത്ത് പറയുന്നു.
‘എമ്പുരാന് വലിയൊരു സിനിമയാണ്. ലൂസിഫറിനെക്കാള്‍ ഭയങ്കര വലിയ സിനിമയാണ്. ലൊക്കേഷനുകള്‍ വളരെ കൂടുതലാണ്. ഒരുപാട് രാജ്യങ്ങളില്‍ എമ്പുരാന് ഷൂട്ട് ചെയ്യുന്നുണ്ട്. എല്ലാ രീതിയിലും പ്രൊഡക്ഷന്‍ വാല്യു അനുസരിച്ച് ഏറ്റവും വലിയ പണം മുടക്ക് വരാന്‍ പോകുന്ന സിനിമയാകും ഇത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അത്രയധികം രാജ്യങ്ങളില്‍ ഷൂട്ടിംഗ് ഉണ്ട്. നമുക്കൊരു ബഡ്ജറ്റ് ഇടാന്‍ പറ്റിയൊരു സിനിമയല്ല. നിലവില്‍ ഇന്ത്യയില്‍ ഒരു ഷെഡ്യൂള്‍ കഴിഞ്ഞു. യുകെയില്‍ ഒന്ന് കഴിഞ്ഞു.
അമേരിക്കന്‍ ഷെഡ്യൂള്‍ അടുത്താഴ്ച തുടങ്ങാന്‍ പോകുന്നു. അതിലാണ് ഞാന്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നത്. അത് കഴിഞ്ഞാലും വീണ്ടും ഷൂട്ടുണ്ട്. ഏകദേശം ആറ് മാസത്തോളം ഷൂട്ടിംഗ് ഷെഡ്യൂള്‍ തുടരും. എപ്പോഴാണ് റിലീസ് എന്ന കാര്യം എനിക്ക് അറിയില്ല. പക്ഷേ സ്കെയില്‍ വയ്സ് മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാന് എന്ന് എനിക്ക് തോന്നുന്നു’ ഇന്ദ്രജിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
മുരളി ഗോപിയാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസസും ലൈക പ്രൊഡക്ഷന്‍സും സംയുക്തമായാകും എമ്പുരാന് നിര്‍മ്മിക്കുക. 20ഓളം വിദേശരാജ്യങ്ങളിലാണ് ചിത്രീകരണം. സുരേഷ് ബാലാജിയും ജോര്‍ജ് പയസ് തറയിലും ചേര്‍ന്നുള്ള വൈഡ് ആംഗിള്‍ ക്രിയേഷന്‍സാകും ലൈന്‍ പ്രൊഡക്ഷന്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും ചിത്രം പ്രദര്‍ശനത്തിന് എത്തുക.
