Malayalam
ജനങ്ങൾ ഭയക്കുന്ന ‘സുമതി വളവ്’ : ഹൊറർ ചിത്രം തിയേറ്ററുകളിലേക്ക് ; തിയ്യതി പ്രഖ്യാപിച്ചു
ജനങ്ങൾ ഭയക്കുന്ന ‘സുമതി വളവ്’ : ഹൊറർ ചിത്രം തിയേറ്ററുകളിലേക്ക് ; തിയ്യതി പ്രഖ്യാപിച്ചു
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഹൊറർ ചിത്രമാണ് ‘സുമതി വളവ്’. മാളികപ്പുറം ടീം വീണ്ടുമൊന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്തുവന്നത് മുതൽ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ സുമതി വളവിന്റെ ഓൾ ഇന്ത്യ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഡ്രീം ബിഗ് ഫിലിംസ്. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്.
അതേസമയം ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ശ്യാം, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം വിഷ്ണു ശശി ശങ്കറാണ് സംവിധാനം ചെയ്യുന്നത്. ജയ്ലർ, ജവാൻ, ലിയോ, പൊന്നിയിൻ സെൽവൻ, മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങിയ വൻ ഹിറ്റ് ചിത്രങ്ങൾ തിയേറ്ററിൽ എത്തിച്ച ഡ്രീം ബിഗ് ഫിലിംസാണ് ‘സുമതി വളവ്’ തിയേറ്ററുകളിലെത്തിക്കുന്നത്.
നേരത്തെ സുമതി വളവിന്റെ ടൈറ്റിൽ വീഡിയോ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുന്ന ദൃശ്യങ്ങൾ കോർത്തിണക്കിയതായിരുന്നു ടൈറ്റിൽ വീഡിയോ.
തിരുവനന്തപുരം പാലോടിന് സമീപത്തുള്ള സ്ഥലമാണ് സുമതി വളവ്. പണ്ട് കാലം മുതലേ രാത്രി വൈകി ആളുകൾ പോകാൻ ഭയക്കുന്ന ഇടമാണ് സുമതി വളവ്. സുമതി എന്ന പെൺകുട്ടിയെ ജീവനോടെ ചുട്ടുകൊന്ന സ്ഥലമെന്നാണ് സുമതി വളവ് പറയപ്പെടുന്നത്. എന്നാൽ ഈ വളവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥയുമാണോ ചിത്രം പറയുന്നത് എന്നതിൽ വ്യക്തതയില്ല.
