News
ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പൊലീസ് നിരീക്ഷണത്തിൽ; നടിയുടെ മൊഴി രേഖപ്പെടുത്തി
ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പൊലീസ് നിരീക്ഷണത്തിൽ; നടിയുടെ മൊഴി രേഖപ്പെടുത്തി
കഴിഞ്ഞ ദിവസമായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിൽ നടി ഹണി റോസ് പൊലീസിൽ പരാതി നൽകിയത്. ഇപ്പോൾ ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവർക്കെതിരെ ഉടനടി കേസെടുക്കും. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം കുമ്പളം സ്വദേശിയാണ് പിടിയിലായത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഹണി റോസ് മൊഴി നൽകിയത്. കൂടുതൽ അറസ്റ്റുകളും ഉണ്ടാകുമെന്നാണ് വിവരം. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുളള അന്വേഷണം പൊലീസ് തുടരുകയാണ്. വ്യാജ ഐഡികളാണെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.
നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റിട്ടാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നേരത്തെ തന്നെ പൊതുമധ്യത്തിൽ അവഹേളിച്ച് സംസാരിക്കുന്ന പ്രമുഖ വ്യക്തിക്കെതിരെ ഹണി റോസ് രംഗത്ത് വന്നിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ച് കൊണ്ട് തനിക്കെതിരെ തുടരെ പരാമർശം നടത്തുന്നയാൾക്കെതിരെയാണ് ഹണി കുറിപ്പ് പങ്കുവെച്ചത്. ഈ വ്യക്തി തുടരെ ഇത്തരം അധിക്ഷേപങ്ങൾ നടത്തിയതോടെയാണ് ഹണി റോസ് പ്രതികരിച്ചത്. തന്റെ കുറിപ്പിൽ ഇതേക്കുറിച്ച് ഹണി വിശദീകരിക്കുന്നുണ്ട്. ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു.
പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.
പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്.
ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല, ഹണിയുടെ കുറിപ്പിൽ പറയുന്നതിങ്ങനെ. അതേസമയം ഈ വ്യക്തിയുടെ പേര് തുറന്ന് പറയാൻ നടി തയ്യാറായിട്ടില്ല. പേര് പറഞ്ഞില്ലെങ്കിലും ആളെ മനസിലാകുമെന്നാണ് ഹണി പറയുന്നത്.
