Hollywood
ഹോളിവുഡ് താരം വിറ്റ്‌നി റിഡ്‌ബെക്ക് അന്തരിച്ചു
ഹോളിവുഡ് താരം വിറ്റ്‌നി റിഡ്‌ബെക്ക് അന്തരിച്ചു
പ്രശസ്ത ഹോളിവുഡ് താരം വിറ്റ്‌നി റിഡ്‌ബെക്ക് അന്തരിച്ചു. 79ാം വയസിലായിരുന്നു അന്ത്യം. ഏറെ നാളുകളായി അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കാലിഫോർണിയയിലെ ചാറ്റ്‌സ്‌വർത്തിൽ ഹോസ്പിസ് കെയറിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
താരത്തിന്റെ ഫ്രൈഡേ ദി 13 ത് എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സൈനികനായ റോയ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്തും സംവിധായകനുമായ ടോമി മക്ലോഗ്ലിൻ പറയുന്നതനുസരിച്ച് കാൻസർ സങ്കീർണതകൾ മൂലമാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം വെറുമൊരു ഹാസ്യനടനോ നടനോ മാത്രമായിരുന്നില്ല മറിച്ച് നല്ലൊരു മനുഷ്യൻ കൂടിയായിരുന്നുവെന്നും ടോമി മക്ലോഗ്ലിൻ പറഞ്ഞു.
“ഞങ്ങൾക്ക് ശരിക്കും ഒരു ഹാസ്യനടനെയോ അഭിനേതാവിനെയോ മാത്രമല്ല നഷ്ടപ്പെട്ടത്… എനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും നല്ല മനസ്സുള്ള മനുഷ്യരിൽ ഒരാൾ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, സമാധാനത്തോടെ വിശ്രമിക്കൂ.. വിറ്റ്നി റൈഡ്ബെക്ക്. നമ്മുടെ നഷ്ടം സ്വർ ഗത്തിന്റെ നേട്ടമാണ്.”- എന്നാണ് ടോമി മക്ലോഗ്ലിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ദി ബ്രാഡി ബഞ്ച്, സ്റ്റാർ ട്രെക്ക്: ദി നെക്സ്റ്റ് ജനറേഷൻ, സ്‌ക്രബ്‌സ്, ഫിലിസ്, മാഷ്, കാഗ്നി & ലേസി, ഹൈവേ ടു ഹെവൻ, സിസ്റ്റേഴ്‌സ്, ലിവിംഗ് സിംഗിൾ, പാർട്ടി ഓഫ് ഫൈവ് എന്നിവയുൾപ്പെടെ നിരവധി ടിവി ഷോകളിലും റിഡ്‌ബെക്ക് ഭാഗമായിരുന്നു. 1945 മാർച്ച് 13 ന് ലോസ് ഏഞ്ചൽസിലാണ് വിറ്റ്‌നി റിഡ്‌ബെക്കിന്റെ ജനനം.
