Malayalam
‘വരാഹരൂപ’ത്തിന്റെ താത്കാലിക വിലക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി
‘വരാഹരൂപ’ത്തിന്റെ താത്കാലിക വിലക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി
കന്നഡയില്‍ നിന്നെത്തി നിരവധി പ്രശംസകള്‍ സ്വന്തമാക്കിയ ചിത്രമാണ് കാന്താര. ചിത്രത്തിലെ ‘വരാഹരൂപം’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ വിവാദങ്ങളിലും പെട്ടിരുന്നു. ഇപ്പോഴിതാ ‘വരാഹരൂപം’ ഒടിടിയിലോ തിയേറ്ററിലോ പ്രദര്‍ശിപ്പിക്കുന്നതിന് കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതി ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
കീഴ്ക്കോടതി ഉത്തരവിനെതിരെ കാന്താരയുടെ നിര്‍മാതാക്കളായ ഹോമ്പാല ഫിലിംസ് സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഇടപെടല്‍. ഈ മാസം 28 വരെയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കീഴ്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. മാതൃഭൂമിയുടെ ഹര്‍ജയിലാണ് വരാഹരൂപത്തിന് അഡീഷണല്‍ സെഷന്‍സ് കോടതി വിലക്കേര്‍പ്പെടുത്തിയത്.
പ്രഥമദൃഷ്ട്യാ പകര്‍പ്പവകാശലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതി വരാഹരൂപത്തിന്റെ പ്രദര്‍ശനം താത്കാലികമായി തടഞ്ഞത്. ഗാനം പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ മാതൃഭൂമിക്കും തൈക്കുടം ബ്രിഡ്ജിനും അതിന്റെ അംഗീകാരം നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പ ടിവിയില്‍ പ്രദര്‍ശിപ്പിച്ച തൈക്കുടം ബ്രിഡ്ജ് ബാന്‍ഡ് അവതരിപ്പിച്ച നവരസം ഗാനത്തിന്റെ കോപ്പിയാണ് വരാഹരൂപം എന്നായിരുന്നു ആരോപണം. മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജും നല്കിയ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പകര്പവകാശ നിയമത്തിലെ സെക്ഷന്‍ 63 പ്രകാരം കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
‘വരാഹരൂപം’ ഉള്‍പ്പെട്ട ‘കാന്താര’ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. നിര്‍മാതാവിന്റെയും സംവിധായകന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോളാണ് വരാഹരൂപത്തിനും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ വരാഹരൂപം കാന്താരയില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ വിധിയെ രൂക്ഷമായി വിമര്‍ശിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, പകര്‍പ്പവകാശ പ്രശ്നങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രീംകോടതി നിര്‍ദേശപ്രകാരം ഋഷഭ് ഷെട്ടിയും ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് കിരഗന്ദൂരും കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയിരുന്നു. പകര്പവകാശ ലംഘനം ആരോപിച്ച് പരാതിക്കാര്‍ ഇതിനകം രണ്ട് വ്യത്യസ്ത സിവില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഈ ഹര്‍ജികള്‍ കോഴിക്കോട്, പാലക്കാട് ജില്ലാ കോടതികളാണ് ആദ്യം പരിഗണിച്ചത്. ജില്ലാ കോടതി ഉത്തരവുകള്‍ ചോദ്യം ചെയ്ത് മാതൃഭൂമിയും തൈക്കുടവും നല്കിയ ഹര്‍ജികളും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
