റിവ്യു ബോബിംങ്ങിന്റെ പിന്നില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്.. സിനിമ വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാറിനും നിയമങ്ങള്‍ക്കും ബാധ്യതയുണ്ട്; ഹരീഷ് പേരടി
നിരൂപണമെന്ന പേരിൽ സിനിമകളെ തകർക്കാൻ റിവ്യൂ ബോംബിങ് നടത്തുന്ന ഓൺലൈൻ വിമർശകർക്കെതിരേ ഹൈക്കോടതി കടുത്ത വിമർശനം നടത്തിയിരുന്നു .ഹൈക്കോടതിക്കുപിന്നാലെ സർക്കാരും പിടിമുറുക്കുന്നു. ഹൈക്കോടതിയുടെ തീരുമാനം അനുസരിച്ച് മറ്റുനടപടികളിലേക്കു സർക്കാർ കടക്കും എന്നാണ് സൂചന .
ഇപ്പോഴിതാ സിനിമ റിവ്യൂ ബോംബിങ് വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് . സ്വന്തം പേജിലൂടെ സ്വന്തം മുഖം കാണിച്ച് നിരുപണം നടത്തുന്നവരും സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്ന സാധാരണ പ്രേക്ഷകരും അവരുടെ പൗരാവകാശങ്ങളാണ് ഉപയോഗിക്കുന്നത് ഹരീഷ് പേരടി പറയുന്നു. എന്നാല്‍ റിവ്യു ബോബിംങ്ങിന്റെ പിന്നില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെ കണ്ടെത്തി സിനിമയെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെയും നിയമത്തിന്റെയും ബാധ്യതയാണെന്ന് ഹരീഷ് പേരടി പങ്കു വെച്ച് കുറിപ്പിൽ പറയുന്നു .
ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ
സിനിമാ റിവ്യൂ …സ്വന്തം പേജിലൂടെ സ്വന്തം മുഖം കാണിച്ച് നിരുപണം നടത്തുന്നവര്‍ ,സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്ന സാധാരണ പ്രേക്ഷകര്‍..അവരുടെ പൗരാവകാശങ്ങളാണ് ഉപയോഗിക്കുന്നത്…അത് അവരുടെ ആവിഷക്കാര സ്വാതന്ത്ര്യമാണ് …പക്ഷെ റിവ്യു ബോബിംങ്ങിന്റെ പിന്നില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്…അവര്‍ ആരാണെന്ന് ഇതുവരെ നമ്മള്‍ അറിഞ്ഞിട്ടുമില്ല…കുഞ്ഞാലിമരക്കാര്‍ എന്ന സിനിമക്കെതിരെ ചാനല്‍ സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ചവരെ റെയ്ഡ് നടത്തി പിടിച്ചു എന്ന് നിര്‍മ്മാതാവ് സന്തോഷ് കുരുവിള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്…(12 മണിക്ക് തുടങ്ങിയ ഷോയുടെ പ്ലാന്‍ഡ് റിവ്യൂ 12.30 ന് തുടങ്ങിയിരുന്നു)..ആ യഥാര്‍ത്ഥ പ്രതികള്‍ ആരാണെന്ന് അറിയാന്‍ ഇന്റ്റലിജന്‍സ് വിഭാഗത്തിന്റെ പഴുതടച്ച അന്വേഷണമാണ് വേണ്ടത്…അല്ലാതെ ആ അധോലോകം കൊടകര പോലീസ് സ്റ്റേഷനില്‍ സ്വയം ഹാജരാകും എന്ന് കരുതരുത്…
മദ്യവും ലോട്ടറിയും പോലെ സര്‍ക്കാറിന് ഏറ്റവും അധികം നികുതി നല്‍കുന്ന വ്യവസായമാണ് സിനിമ…ഈ വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാറിനും നിയമങ്ങള്‍ക്കും ബാധ്യതയുണ്ട്…ഇനി ഈ വിഷയത്തോട് ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു വിഷയവുകൂടി ചേര്‍ത്ത് വെക്കുന്നു…നാടകവും പ്രേക്ഷകന്‍ ടിക്കറ്റെടുത്ത് കാണുന്ന ഒരു വലിയ വ്യവസായമായി മാറണം എന്നാണ് എന്റെ സ്വപ്നം … നാടകക്കാര്‍ നികുതിദായകരായി മാറുമ്പോള്‍ മാത്രമേ അവര്‍ക്ക് ജീവിത നിലവാരവും സാമൂഹിക അന്തസ്സും ഭരിക്കുന്ന സര്‍ക്കാറിനും ബഹുമാനമുള്ളവരും ആകുകയുള്ളു…
അല്ലാത്ത കാലത്തോളം സംഗിത നാടക അക്കാദമിയുടെ ശബ്ദമില്ലാത്ത മൈക്കും മഴ ചോരുന്ന ഹാളിലുമിരുന്ന് പ്രഖ്യാപിച്ച തുകക്ക് വേണ്ടി പിച്ച തെണ്ടുന്ന നാണം കെട്ട മനുഷ്യരായി മാറേണ്ടിവരും…നാടകം കണ്ടിറങ്ങി അതിനെ നീരുപണം ചെയ്യുന്ന മുഖമുള്ള പ്രേക്ഷകനും ആള്‍കൂട്ടവും ഹിറ്റ് നാടകങ്ങളുടെ റെയിറ്റിങ്ങും എന്റെ സ്വപ്നത്തിലുണ്ട്…ഈ പോസ്റ്റ് എന്റെ മനസ്സിനോട് ഒപ്പം ചേര്‍ന്ന് വായിക്കുക…