Actress
അവർ ചെയ്തു വെച്ച കഥാപാത്രങ്ങളുടെ അടുത്തെത്താൻ പോലും എന്നെക്കൊണ്ട് പറ്റില്ല; ഗ്രേസ് ആന്റണി
അവർ ചെയ്തു വെച്ച കഥാപാത്രങ്ങളുടെ അടുത്തെത്താൻ പോലും എന്നെക്കൊണ്ട് പറ്റില്ല; ഗ്രേസ് ആന്റണി
ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നടി ഗ്രേസ് ആന്റണി. ‘രാത്രി ശുഭരാത്രി’ എന്ന ഗാനം മാത്രം മതി ഗ്രേസിനെ മലയാളികൾ തിരിച്ചറിയാൻ. ടീന എന്ന കോളജ് വിദ്യാർഥിനിയുടെ വേഷമായിരുന്നു സിനിമയിൽ ഗ്രേസിന്. വളരെ കുറച്ച് സീനുകളിൽ മാത്രമെ ഗ്രേസ് പ്രത്യക്ഷപ്പെട്ടുള്ളൂവെങ്കിലും ആ ഒറ്റ സിനിമകൊണ്ടാണ് ഗ്രേസിന്റെ തലവര മാറിയത്. ഹാപ്പി വെഡ്ഡിങിലെ പ്രകടനമായിരുന്നു ഗ്രേസിനെ കുമ്പളങി നൈറ്റ്‌സ് സിനിമയിലേക്ക് എത്തിച്ചത്.
കോമഡി കൈകാര്യം ചെയ്യുന്നതിൽ പുതുതലമുറ നടിമാരിൽ ഗ്രേസ് ആന്റണി ഇന്നും മുൻപന്തിയിലാണെന്നാണ് ആരാധകർ പറയുന്നത്. ഏറ്റവും ഒടുവിലായി നിതിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്ത നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സീരീസിൽ ലില്ലികുട്ടി എന്ന കഥാപാത്രമായി എത്തിയിരിക്കുകയാണ് താരം. ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.
ഇപ്പോഴിതാ നാഗേന്ദ്രൻസ് ഹണിമൂൺസിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രത്തെ കുറിച്ചും ഈ കഥാപാത്രത്തിന് കിട്ടിയ പ്രശംസകളെ കുറിച്ചും സംസാരിക്കുകയാണ് ഗ്രേസ് ആന്റണി. മഞ്ജു ചേച്ചി എനിക്ക് മെസ്സേജ് അയച്ചു ‘നല്ല വർക്കാണ് നന്നായിട്ടുണ്ട് ഗ്രേസ്’ എന്ന് പറഞ്ഞു. ഇത്തരത്തിലുള്ള പ്രതികരണങ്ങളൊക്കെ നല്ല പ്രചോദനമാണ്.
ഉർവശി ചേച്ചി, കല്പന ചേച്ചി, ബിന്ദുപണിക്കർ ചേച്ചി ഇവരുമായിട്ടൊക്കെ താരതമ്യം ചെയ്ത് ചില പോസ്റ്റുകൾ കണ്ടു. ശരിക്കും പറഞ്ഞാൽ ഞാൻ ഒരുപാട് ആരാധിക്കുന്ന താരങ്ങളാണ് ഇവരൊക്കെ. അവർ ചെയ്തു വെച്ച കഥാപാത്രങ്ങളുടെ അടുത്തെത്താൻ പോലും എന്നെക്കൊണ്ട് സാധിക്കുമോ എന്ന് ചോദിച്ചാൽ പറ്റില്ല എന്നേ ഞാൻ പറയൂ. പക്ഷേ ഇങ്ങനെയൊക്കെ കേൾക്കുന്നത് സന്തോഷമാണ്.
പക്ഷേ ഞാൻ എന്ത് കേട്ടാലും ഒരു പരിധിയിൽ കൂടുതൽ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യാറില്ല. ഒരു വർക്ക് കഴിയുമ്പോൾ അതിനെക്കുറിച്ചുള്ള പ്രതികരണങ്ങളും അവിടെ കഴിയുന്നു. ആ ഒരു രീതിയിൽ പോകാനാണ് എനിക്കിഷ്ടം എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗ്രേസ് ആന്റണി പറഞ്ഞത്.
അതേസമയം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൻറെ നാലാമത്തെ മലയാളം വെബ് സീരീസാണ് നാഗേന്ദ്രൻസ് ഹണിമൂൺ. കേരള ക്രൈം ഫയൽ, മാസ്റ്റർ പീസ്, പെരല്ലൂർ പ്രീമിയർ ലീഗ് എന്നിവയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്ത മലയാളം വെബ് സീരീസുകൾ. കോമഡി- എന്റർടൈനർ ഴോണറിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.
ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദനൻ തുടങ്ങീ വൻ താരനിരയാണ് വെബ് സീരീസിൽ അണിനിരക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ആണ് പ്രധാന കഥാപാത്രമായെത്തുന്നത്.