Actor
എന്നെ അറിയാത്തവർ ഉണ്ടെങ്കിൽ ഗൂഗിൾ ചെയ്തു നോക്കാം; പ്രതികരണവുമായി ഗൂഗിൾ
എന്നെ അറിയാത്തവർ ഉണ്ടെങ്കിൽ ഗൂഗിൾ ചെയ്തു നോക്കാം; പ്രതികരണവുമായി ഗൂഗിൾ
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം വിഖ്യാതമായ ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ ഈ വർഷത്തെ കരിയർ അച്ചീവ്മെന്റ് അവാർഡ് ഷാരുഖിന് ആയിരുന്നു. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്.
ഇതിന് പിന്നാലെ നടൻ ഒരു അഭിമുഖം നൽികിയിരുന്നു. ഈ വേളയിൽ അദ്ദേഹം പറഞ്ഞ വാക്കുകളും പിന്നീട് നടന്ന സംഭവങ്ങളുമാണ് ഇപ്പോൾ േസാഷ്യൽ മീഡിയയുടെ സംസാര വിഷയം. എന്നെ അറിയാത്തവർ ഉണ്ടെങ്കിൽ ഗൂഗിൾ ചെയ്തു നോക്കാമെന്നായിരുന്നു ഷാരൂഖ് ഖാൻ പറഞ്ഞിരുന്നത്.
എന്നാൽ ഇതിന് പിന്നാലെ പ്രതികരണവുമായി ഗൂഗിളും രംഗത്തെത്തിയിരുന്നു. രാജാവ് എന്നാണ് ഗൂഗിളിന്റെ മറുപടി. എസ്.ആർ.കെയെ മെൻഷൻ ചെയ്ത് കിരീടത്തിന്റെ ഇമോജിയാണ് എക്സിൽ കുറിച്ചിരിക്കുന്നത്. ‘ഗൂഗിൾ ചെയ്തതിന് ശേഷം തിരിച്ചു വരൂ’ എന്ന് പറയുന്ന നടന്റെ വാക്കുകളും എക്സിൽ ഷെയർ ചെയ്തിട്ടുണ്ട്. ഗൂഗിൾ ഇന്ത്യയുടെ എക്സ് പോസ്റ്റ് എസ്.ആർ.കെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
പിന്നാലെ നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹം രാജാവാണെന്ന് ഗൂഗിളിന് പോലും അറിയാമെന്നും ഞങ്ങളുടെ ഒരേയൊരു കിംഗ ഖാൻ എന്നിങ്ങനെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം, ഷാരൂഖ് ഇപ്പോൾ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്.
‘കിങ്’ ആണ് ഷാറൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം. സുജയ് ഘോഷ് ആണ് ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിൽ മകളായ സുഹാന ഖാനും എത്തുന്നുണ്ട്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവ് ഷാരൂഖ് ഖാൻ ആഘോഷമാക്കിയ വർഷമായിരുന്നു 2023. ജനുവരിയിൽ സിദ്ധാർത്ഥ് ആനന്ദിന്റെ പത്താൻ എന്ന ചിത്രത്തിലൂടെയാണ് ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 500 കോടിയിലധികം കളക്‌റ്റ് ചെയ്യുകയും ചെയ്തു.