Movies
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
പൃഥ്വിരാജിന്റെ ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ ‘ഗോഡ്ഫാദർ ഒടിടിയിലേക്ക്. നവംബർ 19നാണ് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുക. നെറ്റ്ഫ്ലിക്സിനാണ് ഒടിടി അവകാശം വിറ്റുപോയിരിക്കുന്നത്.
ചിത്രം ഒക്ടോബർ അഞ്ചിനാണ് തിയറ്ററുകളിൽ എത്തിയത്.
മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിന്റെ തെലുങ്ക് പേര് ബ്രഹ്മ തേജ റെഡ്ഡി എന്നാണ്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി ഗോഡ്ഫാദറില് നയന്‍താരയാണ് എത്തിയത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. മെഗാസ്റ്റാർ ചിരഞ്ജീവി ആരാധകർ ഏറെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരുന്ന ചിത്രമാണ് ‘ഗോഡ്ഫാദര്’.
കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. സൽമാൻ ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ലൂസിഫറില്‍ തനിക്ക് പൂര്‍ണ്ണ തൃപ്തി ഇല്ലെന്ന് പ്രമോഷനിടെ ചിരഞ്ജീവി പറഞ്ഞത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. “ലൂസിഫറില്‍ എനിക്ക് പൂര്‍ണ്ണ തൃപ്തി ഉണ്ടായിരുന്നില്ല. വിരസമായ നിമിഷങ്ങളൊന്നും ഇല്ലാത്ത രീതിയില്‍ ഞങ്ങളതിനെ പുതുക്കിയെടുത്തിട്ടുണ്ട്. ഏറ്റവും എന്‍ഗേജിംഗ് ആയ തരത്തിലാണ് ഗോഡ്ഫാദര് എത്തുക. ഈ ചിത്രം എന്തായാലും നിങ്ങള്‍ ഏവരെയും തൃപ്തിപ്പെടുത്തും”എന്നാണ് ചിരഞ്ജീവി പറഞ്ഞിരുന്നത്.