Malayalam
ബേബിയെ അധ്യാപിക തല്ലിയതില്‍ വേദനിച്ചത് കൂട്ടുകാരന് ജോണിയ്ക്ക്, ബേബി സ്കൂളില്‍ നിന്നു പടിയിറങ്ങുമ്പോള്‍ ജോണിയും ഇറങ്ങി; ഉറ്റ ചങ്ങാതിയുടെ വേര്‍പാടില്‍ നീറി സുഹൃത്ത്
ബേബിയെ അധ്യാപിക തല്ലിയതില്‍ വേദനിച്ചത് കൂട്ടുകാരന് ജോണിയ്ക്ക്, ബേബി സ്കൂളില്‍ നിന്നു പടിയിറങ്ങുമ്പോള്‍ ജോണിയും ഇറങ്ങി; ഉറ്റ ചങ്ങാതിയുടെ വേര്‍പാടില്‍ നീറി സുഹൃത്ത്
കൊടൂര വില്ലനായും ചിരിപ്പിക്കുന്ന വില്ലനായും സഹനടനായും ഒക്കെ മലയാളി മനസുകളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ജോണി ജോസഫ് എന്ന കുണ്ടറ ജോണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. കിരീടത്തില്‍ കീരിക്കാടന്‍ ജോസിന്റെ വലംകൈയായ പരമേശ്വരന്, നാടോടിക്കാറ്റില്‍ കള്ളക്കടത്തുകാരന് നമ്പ്യാരുടെ കൈയാള്‍, ആറാംതമ്പുരാനിലെ കുളപ്പുള്ളിഅപ്പന്റെ കളരിയഭ്യാസി, സ്ഫടികത്തിലെ പൊലീസുകാരന് മണിയന്, െ്രെകംഫയലിലെ പാപ്പി… ചെറുതും വലതുമായ അനവധി വില്ലന്‍വേഷങ്ങളിലൂടെ മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് വിടപറഞ്ഞ കുണ്ടറ ജോണി.
കീരിക്കാടന്റെ സകല ക്രൂരതകള്‍ക്കും കുടപിടിക്കുന്ന വില്ലന്റെ രൗദ്രതയെയും എല്ലാം നഷ്ടപ്പെട്ട സേതുമാധവനൊപ്പം തെരുവില്‍ അലിഞ്ഞുചേരുന്ന സാധാരണക്കാരന്റെ നിസ്സഹായതയെയും ഒരേ തന്മതത്വത്തോടെ ജോണി തിരശ്ശീലയില്‍ നിറച്ചു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം മാത്രമല്ല, ജയനും പ്രേംനസീറും അടക്കമുള്ള മുന്‍കാല നായകര്‍ക്കൊപ്പവും ജോണി സ്ക്രീനിലെത്തിയിട്ടുണ്ട്.
1979ല്‍ തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. അതിലെ ജേക്കബ് എന്ന കഥാപാത്രം ജോണിയുടെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായി. കഴുകന്, അഗ്നിപര്‍വതം, കരിമ്പന, രജനീഗന്ധി, താരാട്ട്, മീന്‍, അങ്ങാടിക്കപ്പുറം, വാര്‍ത്ത, ആവനാഴി, നാടോടിക്കാറ്റ്, രാജാവിന്റെ മകന്, ഒരു സിബിഐ ഡയറിക്കുറിപ്പ്, കിരീടം, ഗോഡ്ഫാദര്, ചെങ്കോല്‍, കാബൂളിവാല, സ്ഫടികം, ആറാംതമ്പുരാന്, ഭരത്ചന്ദ്രന് ഐപിഎസ്, കാക്കി, അവന് ചാണ്ടിയുടെ മകന്, രൗദ്രം, കുട്ടിസ്രാങ്ക്, ഓഗസ്റ്റ് 15 തുടങ്ങിവയാണ് പ്രധാന സിനിമകള്‍.
2022ല്‍ ഉണ്ണിമുകുന്ദന് നായകനായ മേപ്പടിയാനായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി സീരിയലുകളിലും വേഷമിട്ടു. കുണ്ടറ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി എന്ന സാംസ്കാരിക സംഘടനയുടെ അമരക്കാരനായ ജോണി റോട്ടറിയിലും ഇതര സംഘടനകളിലും സജീവമായിരുന്നു. 1970കളില്‍ ആറുവര്‍ഷം ജില്ലാ ഫുട്ബോള്‍ ടീം അംഗമായിരുന്നു. കുണ്ടറ മുളവന കുറ്റിപ്പുറത്ത് ജോസഫിന്റെയും കത്രീനയുടെയും മകനാണ്. സഹോദരന് അലക്സ് രണ്ടാഴ്ച മുമ്പാണ് മരിച്ചത്.
അദ്ദേഹത്തിന്റെ വേര്‍പാട് സിനിമാ പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ വേളയില്‍ ഉറ്റ സുഹൃത്തിന്റെ വേര്രാടില് നീറിക്കഴിയുകയാണ് ബേബി. കുഞ്ഞുനാള് മുതല്‍ തുടങ്ങിയത് ഇവരുടെ സൗഹൃദം. രണ്ടാം ക്ലാസുകാരന് ബേബി കവിത ചൊല്ലി തെറ്റിച്ചപ്പോള്‍ അധ്യാപിക തല്ലിയതില്‍ വേദനിച്ചത് കൂട്ടുകാരന് ജോണിക്ക്. തുടര്‍ന്ന് ബേബി സ്കൂളില്‍നിന്നു പടിയിറങ്ങുമ്പോള്‍ ജോണിയും ഒപ്പംകൂടി. ഓര്‍മവച്ച കാലം മുതല്‍ രണ്ടുപേരും തമ്മിലുള്ള ഈ ഹൃദയബന്ധം അവസാന നാളുകളിലും ദൃഢമായിരുന്നുവെന്ന് പറയുമ്പോള്‍ ബേബിയുടെ കണ്ഠമിടറി.
കുണ്ടറ ജോണിയുടെ ഉറ്റ ചങ്ങാതിയാണ് എ ബേബി. ബേബിയുടെ ചെമ്പകംവിള വീടും ജോണിയുടെ കുറ്റിപ്പുറത്തുവീടും തമ്മിലുള്ള ദൂരം ഒന്നരക്കിലോമീറ്റര്‍. കാഞ്ഞിരകോട് സെന്റ് ആന്റണീസ് സ്കൂളിലായിരുന്നു ഇരുവരും പഠനം തുടങ്ങിയത്. ‘നിരന്ന വീഥികള്‍’ എന്ന കവിതയാണ് ബേബി തെറ്റിച്ചത്. ബേബിയെ ടീച്ചര്‍ തല്ലുന്നത് ജോണിക്ക് സഹിച്ചില്ല. ഇരുവരും ഒരുമിച്ച് ടിസി വാങ്ങി തൊട്ടടുത്ത സെന്റ് മാഗ്നറ്റ് എല്‍പിഎസില്‍ ചേരുകയായിരുന്നു.
ബിരുദപഠനത്തിനുശേഷം 1973ല്‍ ബേബി കുണ്ടറ മുക്കടയില്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് എന്ന ട്യൂട്ടോറിയല്‍ കോളേജ് ആരംഭിച്ചപ്പോള്‍ കണക്ക് അധ്യാപകനായി കുണ്ടറ ജോണിയും ഉണ്ടായിരുന്നു. സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ഇപ്പോള്‍ കലാഗ്രാമം എന്ന പേരിലാണ് അറിയപ്പെടുന്നത്. കുറേനാള്‍ മുമ്പ് സുവര്‍ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചപ്പോള്‍ ഓര്‍മകള്‍ പങ്കുവച്ചവരില്‍ ജോണിയുമുണ്ടായിരുന്നു.
ജോണി മികച്ച ഫുട്ബോള്‍ കളിക്കാരനുമായിരുന്നു. ഫുട്ബോളിനെ അത്രയേറെ പ്രണയിച്ചു. പഠനത്തിലും മുന്‍നിരക്കാരനായി. കൊല്ലം ഫാത്തിമ മാതാ കോളേജിലെയും എസ് എന്‍ കോളേജിലെയും പഠനകാലത്ത് ഇത് പലവട്ടം തെളിയിച്ചു. മുഖത്തലയിലുള്ള സുഹൃത്ത് വഴിയാണ് സിനിമയില്‍ എത്തുന്നത്. ഇതോടെ ഫുട്ബോളിനൊപ്പമുള്ള യാത്ര മുടങ്ങി. സിനിമയില്‍ പ്രതികൂല സാഹചര്യങ്ങള്‍ പലതവണ നേരിട്ടിട്ടുണ്ട്. ജോണിയുടെ കഠിനാധ്വാനത്തിലും നിശ്ചയദാര്‍ഢ്യത്തിലും തടസ്സങ്ങള്‍ വഴി മാറുകയായിരുന്നു.
ജോണി സിനിമയിലൂടെ കുണ്ടറ ജോണി ആയപ്പോള്‍ നാടും സന്തോഷിച്ചു. ജോണിയുടെ വീട്ടിലെത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ മലയാള സിനിമയിലെ മുന്‍നിര താരങ്ങളെ അടുത്തുകാണാന്‍ കാഞ്ഞിരകോടുകാര്ക്ക് അവസരം ലഭിച്ചു. ഒരു മാസം മുമ്പ് കണ്ണനല്ലൂരില്‍ നടന്ന ഒരു കുടുംബ ചടങ്ങിലാണ് ജോണിയെ ഏറ്റവും ഒടുവില്‍ കണ്ടത്. ഉറ്റചങ്ങാതിയുടെ വേര്‍പാടില്‍ വിങ്ങുകയാണ് ബേബി. മകനൊപ്പം ചെങ്ങന്നൂരിലാണ് ബേബി ഇപ്പോള്‍ താമസം.
