Malayalam
സിനിമ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി
സിനിമ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഐഷ വിവാഹിതയായി എന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്.
ദില്ലിയിൽ വെച്ച് ജൂൺ 20നായിരുന്നു രജിസ്റ്റർ വിവാഹം എന്നാണ് റിപ്പോർട്ടുകൾ. ആന്ത്രോത്ത്, കൽപേനി, അഗത്തി എന്നീ ദ്വീപുകളിൽ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹർഷിത് സൈനിയാണ് വരൻ. നിലവിൽ ദില്ലിയിൽ ഡെപ്യൂട്ടി കലക്ടറാണ് ഹർഷിത് സൈനി. ഇരുവരും ഏറെ കാലമായി സൗഹൃദത്തിലായിരുന്നുവെന്നാണ് വിവരം.
ലക്ഷദ്വീപിലെ 2021 -ലെ അഡ്മിനിസ്ട്രേറ്റർ ഭരണവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അഡ്മിനിസ്ട്രേറ്റർ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചെന്ന് ആരോപിച്ച് ഐഷയ്ക്കെതിരെ ലക്ഷദ്വീപ് ബിജെപി പ്രസിഡണ്ടിന്റെ പരാതിയെത്തുടർന്ന് കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.
ഒരു ചാനൽ ചർച്ചയ്ക്കിടയിൽ ആയിരുന്നു കേസിനാസ്പദമായ പദപ്രയോഗം. ചാനൽ ചർച്ചയിൽ പങ്കെടുത്ത ബിജെപി പ്രതിനിധി പരാമർശം പിൻവലിക്കണമെന്ന് ഐഷയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഐഷ തയ്യാറായില്ല. തുടർന്നാണ് കേന്ദ്രസർക്കാരിനെതിരെ രാജ്യദ്രോഹ പരാമർശം നടത്തിയെന്ന് ആരോപിച്ച് കേസെടുത്തത്.
ദ്വീപിൽ കോവിഡ് പടരാനിടയാക്കിയ ആൾ എന്ന നിലയിലാണ് അദ്ദേഹത്തെ ‘ജൈവായുധം’ എന്ന് വിശേഷിപ്പിച്ചതെന്ന് ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു. പിന്നാലെ കടുത്ത സൈബർ ആക്രമണത്തിന് ഐഷ സുൽത്താന ഇരയായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് ഐഷ.
