സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ ജനപ്രതിനിധിയ്ക്ക് കണ്ണീരോടെ വിട; കോടിയേരിയുടെ വിയോഗത്തില്‍ സിനിമ-സാംസ്കാരിക ലോകം !
സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. അദ്ദേഹവുമായി ദീർഘനാളത്തെ ബന്ധമായിരുന്നു എന്നും നല്ലൊരു സുഹൃത്തായിരുന്നു എന്നും മോഹൻലാൽ തന്റെ അനുസ്മരണ കുറിപ്പിൽ പറഞ്ഞു. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച വ്യക്തിയായിരുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘
സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട.’
മലായള സിനിമ ലോകം ഒന്നടങ്കം പ്രിയ സഖാവിനെ അനുസ്മരിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ‘പ്രിയ സുഹൃത്തും അഭ്യുദയകാംഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. കഞ്ചാക്കോ ബോബൻ, അജു വർഗീസ്, നിവിൻ പോളി, മാല പാർവതി, സംവിധായകൻ വൈശാഖ്, എൻ എം ബാദുഷ, ആന്റോ ജോസഫ്, ഷാജി കൈലാസ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, മുകേഷ്, സുരാജ് വെഞ്ഞാറുമൂട്, ഇന്നസെന്റ്, ശരത് അപ്പാനി തുടങ്ങിയവരും കോടിയേരിക്ക് ആദരാഞ്ജലികൾ അറിയിച്ചു.’
ഏതൊരു കലുഷിത രാഷ്ട്രിയ കാലാവസ്ഥയിലുംCPI(M) എന്ന രാഷ്ട്രിയ പ്രസ്ഥാനത്തിന്റെ സൗമ്യവും സ്നേഹവുമായി നിന്ന ധീരനായ സഖാവിന് ആദരാഞ്ജലികൾ’ എന്നാണ് ഹരീഷ് പേരടി അനുസ്മരിച്ചത്.ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി രാത്രി എട്ട് മണി ഓടെയാണ് അന്തരിച്ചത്. മൃതദേഹം ചെന്നൈയില്‍ നിന്ന് നാളെ നാട്ടിലെത്തിക്കും. സംസ്കാരം തിങ്കാളാഴ്ച്ച മൂന്ന് മണിക്കാണ്. രോഗബാധയെ തുടര്‍ന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഗസ്റ്റ് 28ന് കോടിയേരി ചുമതല ഒഴിഞ്ഞിരുന്നു. 2022 മാര്‍ച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കുന്നത്.
