News
സിനിമയില്‍ ഇങ്ങനെ ചിലരുണ്ട്, സൂര്യന് മുന്‍പേ ഉണരുന്നവര്‍… ഇവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എല്ലാനക്ഷത്ര തിളക്കങ്ങളും; പിന്നണി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളുമായി ഫെഫ്ക!
സിനിമയില്‍ ഇങ്ങനെ ചിലരുണ്ട്, സൂര്യന് മുന്‍പേ ഉണരുന്നവര്‍… ഇവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എല്ലാനക്ഷത്ര തിളക്കങ്ങളും; പിന്നണി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളുമായി ഫെഫ്ക!
ഇന്ത്യന്‍ സിനിമ മേഖലയില്‍ ആദ്യമായി ചലച്ചിത്ര മേഖലയിലെ സംഘടനകള്‍ക്ക് പരിരക്ഷ നല്‍കിക്കൊണ്ട് തുടങ്ങുന്ന കൂട്ടായ്മയാണ് മലയാള സിനിമയില്‍ ഫെഫ്ക ഒരുക്കിയിരിക്കുന്നത്. ഫെഫ്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കൂട്ടായ്മയില്‍ സിനിമയുടെ പിന്നില്‍ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന അംഗങ്ങളുണ്ട്. ഇപ്പോള്‍ ഫെഫ്കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സിനിമയിലെ എല്ലാ തൊഴിലാളികള്‍ക്കും അഭിവാദ്യങ്ങള്‍ നല്‍കിക്കൊണ്ട് പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്.
സിനിമയില്‍ ഇങ്ങനെ ചിലരുണ്ട്. സൂര്യന് മുന്‍പേ ഉണരുന്നവര്‍, സൂര്യനെ പോലെ വെട്ടം തരുന്നവര്‍, ഭൂമിയെ പോലെ സഹനം ഉള്ളവര്‍, അന്നം വിളമ്പുന്നവര്‍, വിയര്‍ക്കുന്നവര്‍, വിശക്കാതിരിക്കാന്‍ പഠിച്ചവര്‍, ഹര്‍ഷാരവങ്ങളിലും പുരസ്കാരങ്ങളിലും അടയാളപ്പെടാത്തവര്‍. ഇവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എല്ലാനക്ഷത്ര തിളക്കങ്ങളും. സഹയാത്രികരെ, നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍, എന്ന് കുറിച്ചുകൊണ്ടാണ് സിനിമ സെറ്റിലെ എല്ലാ മേഖലയിലുള്ളവരുടെയും ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ഫെഫ്ക തൊഴിലാളി സംഘടനയുടെ കൂട്ടായ്മയില്‍ ഫെഫ്ക അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 27ന് നടന്നു. ഫെഫ്കയിലെ 21 യൂണിയനുകളില്‍ നിന്നായി 5000ത്തിലേറെ സാങ്കേതിക പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടി മോഹന്ലാണ് ഉദ്ഘാടനം ചെയ്തത്.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ താരം അംഗത്വവും സ്വീകരിച്ചിരുന്നു. ചലച്ചിത്ര മേഖലയിലെ ഒരു തൊഴിലാളി സംഘടന ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിക്കാതെ സ്വന്തമായി രൂപീകരിച്ച വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് അംഗങ്ങളുടെ ചികിത്സ ചെലവ് വഹിക്കുകയാണ് പുതിയ കൂട്ടായ്മയിലൂടെ.
ഒരംഗത്തിന് പ്രതിവര്‍ഷം മുന്ന് ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവാണ് വഹിക്കുക. ഇതില്‍ ഭൂരിപക്ഷം അംഗങ്ങളുടെ വിഹിതം അതത് സംഘടനയാണ് വഹിക്കുക. ഇതോടൊപ്പം കുടുംബങ്ങള്‍ അടുത്തില്ലാത്ത ഘട്ടത്തില്‍ ആശുപത്രി ചികിത്സ വേണ്ടിവരുന്ന അംഗങ്ങളെ സഹായിക്കാന്‍ ബൈസ്റ്റാന്‍ഡറെ ഫെഫ്ക നിയോഗിക്കും.
