പ്രശസ്ത സംവിധായകൻ കുമാര്‍ സാഹ്നി അന്തരിച്ചു!!!
By
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസ്സായിരുന്നു. മായാ ദര്‍പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവ കുമാര്‍ സാഹ്നിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. രാജ്യത്തിന് മികച്ച സമാന്തര ചിത്രങ്ങള്‍ സംഭാവന ചെയ്ത കുമാര്‍ സാഹ്നിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് എത്തുകയാണ് സിനിമ ലോകം.
അധ്യാപകന്, എഴുത്തുകാരന് എന്നീ നിലകളിലും കുമാര്‍ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ചു. പ്രശസ്ത സംവിധായകൻ ഋത്വിക് ഘട്ടക്കിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു കുമാര്‍ സാഹ്നി. 1940 ഡിസംബർ ഏഴിന് ലർക്കാനയിലായിരുന്നു ജനനം. പിന്നീട് കുടുംബസമേതം മുംബൈയിലേയ്ക്ക് താമസം മാറുകയായിരുന്നു.
1972-ല്‍ ഒരുക്കിയ മായാ ദര്‍പണ്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. സംഗീതത്തെയും നൃത്തത്തേയും ആസ്പദമാക്കി ഒരുക്കിയ രണ്ടുചിത്രങ്ങളില്‍ ദൈനംദിന ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് അദ്ദേഹം പകര്‍ത്തിയത്. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997-ല്‍ രബീന്ദ്രനാഥ് ടാഗോറിന്റെ ഛാര്‍ അധ്യായ് എന്ന നോവലിനെ കുമാര്‍ സാഹ്നി ചലച്ചിത്രമാക്കി. ഒഡീസ്സി നര്‍ത്തകി നന്ദിനി ഘോഷാലായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
