Malayalam
ഫഹദ് ഫാസിലിന്റെ ആഡംബര വാഹന കൂട്ടത്തിലേയ്ക്ക് മിനി കണ്ട്രിമാന് കൂടി
ഫഹദ് ഫാസിലിന്റെ ആഡംബര വാഹന കൂട്ടത്തിലേയ്ക്ക് മിനി കണ്ട്രിമാന് കൂടി
നിരവധി ആരാധകരുള്ള താരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ വാഹന ശേഖരത്തിലേക്ക് മിനി കണ്ട്രിമാന് കൂടി എത്തിയിരിക്കുന്നുവെന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. ലംബോര്‍ഗിനി ഉറുസ്, പോര്‍ഷെ 911 കരേര, ടൊയോട്ട വെല്‍ഫയര്‍ തുടങ്ങിയ ആഡംബര വാഹനങ്ങള്‍ താരത്തിനുണ്ട്.
ഇതിനൊപ്പമാണ് പതിയ മിനി കണ്ട്രിമാന് ജെസിഡബ്ല്യു ഇന്‍സ്പയേഡ് എഡിഷന് കൂടി ഫഹദ് സ്വന്തമാക്കിയിരിക്കുന്നത്. മിനി വാഹന നിരയിലെ ഏറ്റവും കരുത്തന് വാഹനം എന്ന വിശേഷണം കണ്ട്രിമാനിനുണ്ട്. ഏകദേശം 58 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. ആറ് നിറങ്ങളില്‍ എത്തുന്ന കണ്‍ട്രിമാന്റെ സെയ്ജ് ഗ്രീന്‍ നിറത്തിലുള്ള മോഡലാണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം.
അതേസമയം, ‘മലയന്‍കുഞ്ഞ്’ ആണ് ഫഹദിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സര്‍വൈവല്‍ ത്രില്ലര്‍ ആയി എത്തിയ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഉദയനിധി സ്റ്റാലിന് നായകനാകുന്ന ‘മാമന്നന്’ ആണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രം.
ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് ഫഹദ് എത്തുക. തെലുങ്ക് ചിത്രം ‘പുഷ്പ 2’വും ഫഹദിന്റെതായി ഒരുങ്ങുന്നുണ്ട്. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഫഹദ് വേഷമിടുന്നത്. ‘പാട്ട്’, ‘ഹനുമാന് ഗിയര്‍’, ‘പാച്ചുവും അത്ഭുതവിളക്കും’ എന്നീ മലയാള ചിത്രങ്ങളും താരത്തിന്റെതായി പ്രഖ്യാപിച്ചിട്ടുണ്ട്.
