Malayalam
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി ഫഹദ് ഫാസിലും നസ്രിയയും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി ഫഹദ് ഫാസിലും നസ്രിയയും
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭീകരതയിൽ വിറച്ചിരിക്കുകയാണ് കേരളജനത. ഇതിനോടകം തന്നെ നിരവധി പേർ തങ്ങളാലാകുന്ന സഹായങ്ങളുമായി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ദുരന്ത ഭൂമിയായി മാറിയ വയനാടിനെ ചേർത്തുപിടിച്ചിരിക്കുകയാണ് ഫഹദ് ഫാസിലും നസ്രിയയും. 25 ലക്ഷം രൂപ ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുള്ള ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്ന പ്രൊഡക്ഷൻ കമ്പനിയാണ് തുക നൽകിയിരിക്കുന്നത്. നേരത്തെ മമ്മൂട്ടിയും ദുൽഖറും ചേർന്ന് 35 ലക്ഷം രൂപയും സൂര്യ, ജ്യോതിക, കാർത്തിയും ചേർന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന പത്ത് ലക്ഷം രൂപയും വിക്രം 20 ലക്ഷം രൂപയും നൽകിയിരുന്നു.
ഇവരെ കൂടാതെ കൂടാതെ ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി, കല്ല്യാൺ ജുവലേഴ്സ് ഉടമ ടിഎസ് കല്ല്യാണരാമൻ എന്നിവർ 5 കോടി വീതവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും 5 കോടി വീതം സംഭാവന നൽകിയിരുന്നു.
ഉൾപൊട്ടൽ നടന്ന വയനാട് മുണ്ടക്കൈ, ചൂരൽ മലയിൽ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാൻ സാധ്യതയില്ലെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. 500 സൈനികർ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ട്. മൂന്നു സ്‌നിഫർ നായകളുമുണ്ട്. കടാവർ നായ്ക്കളെയും കൊണ്ടുവരുമെന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കേരള-കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് (ജി.ഒ.സി.) മേജർ ജനറൽ വിനോദ് മാത്യുവാണ് ഇക്കാര്യമറിയിച്ചത്. ജീവനോടെയുള്ള കുടുങ്ങി കിടക്കുന്ന എല്ലാവരെയും രക്ഷിക്കാനായതായി യോഗം വിലയിരുത്തി.
രുൾപൊട്ടലിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 296 ആയി. മുണ്ടക്കൈയിലും ഇന്ന് രക്ഷാപ്രവർത്തനം നടത്തും. ചാലിയാർ കേന്ദ്രീകരിച്ചും പരിശോധനയുണ്ടാകും. പരിശോധനയിൽ നേവിയും വനംവകുപ്പും കോസ്റ്റ് ഗാർഡും ഭാഗമാകും. ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. 40 ടീമുകൾ ആറ് സെക്ടറുകളായാണ് ഇന്ന് വിവിധയിടങ്ങളിൽ പരിശോധന നടത്തുക.
107 മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞു. 105 മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 96 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,300ൽ അധികം ആളുകളാണ് കഴിയുന്നത്. ഇതിനിടെ മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് ഇപ്പോഴും കനത്ത മഴ പെയ്യുകയാണ്.