Actor
ഏറെക്കാലമായുള്ള പ്രണയം; നടന് ഡോണ്‍ ലീ വിവാഹിതനാകുന്നു!
ഏറെക്കാലമായുള്ള പ്രണയം; നടന് ഡോണ്‍ ലീ വിവാഹിതനാകുന്നു!
കൊറിയന്‍ സിനിമാലോകത്തെ സൂപ്പര്‍താരം മാ ഡോങ് സിയോക്ക് എന്ന ഡോണ്‍ ലീ വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. അടുത്തമാസമായിരിക്കും വിവാഹം. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവര്‍. ഡോണ്‍ ലീയ്ക്ക് കേരളത്തിലും നിരവധി ആരാധകരുണ്ട്.
2016 മുതല്‍ ഡോണ്‍ ലീയും യി ജുങ് ഹ്വായും പ്രണയത്തിലാണ്. 2021ല്‍ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തു. സിയോളില്‍ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോണ്‍ ലീയുടെ ഏജന്‍സിയായ ബിഗ് പഞ്ച് എന്റര്‍ടെയിന്‍മെന്റ് അറിയിച്ചു.
വധൂവരന്മാരുടെ തിരക്കും കോവിഡ്19 മായി ബന്ധപ്പെട്ട ആശങ്കകളും മുന്‍നിര്‍ത്തി വിവാഹത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
‘ഡോണ്‍ ലീയുടേയും യി ജുങ്ങിന്റേയും വിവാഹം തികച്ചും സ്വകാര്യമായ ചടങ്ങില്‍വെച്ചായിരിക്കും നടക്കുക. കുടുംബം, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, പരിചയക്കാര് എന്നിവര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ.’ എന്ന് ഡോണ്‍ ലീയുടെ ഏജന്‍സി പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ.
2022ല്‍ ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ യി ജുങ്ങിനെ ഡോണ്‍ ലീ ഭാര്യ എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലായിരുന്നെന്നും രജിസ്റ്റര്‍ വിവാഹം കഴിഞ്ഞുവെന്നുമുള്ള വാര്‍ത്ത ആരാധകര്‍ക്കിടയില്‍ പരക്കുന്നത്.
അതിനിടെ ഈ മാസം 24ന് ഡോണ്‍ലീയുടെ പുതിയ ചിത്രമായ ദ റൗണ്ടപ്പ്: പണിഷ്മെന്റ് എന്ന ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യും. ട്രെയിന്‍ റ്റു ബുസാന്‍, ഔട്ട്ലോസ്, ദ ഗ്യാങ്സ്റ്റര്‍ ദ കോപ് ദ ഡെവിള്‍, അണ്‍സ്റ്റോപ്പബിള്‍, ഡിറയില്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് മാ ഡോങ് സിയോക്ക് എന്ന ഡോണ്‍ലീ.
