Movies
റഷ്യയിലെ കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്‌സ്; സിനിമ കണ്ട് പല റഷ്യക്കാരും കരഞ്ഞെന്ന് സംവിധായകൻ ചിദംബരം
റഷ്യയിലെ കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്‌സ്; സിനിമ കണ്ട് പല റഷ്യക്കാരും കരഞ്ഞെന്ന് സംവിധായകൻ ചിദംബരം
കേരളത്തിലും തമിഴ് നാട്ടിലും റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്. ഇപ്പോഴിതാ റഷ്യയിലെ കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയിരിക്കുകയാണ് ചിത്രം. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തെ തേടിയെത്തിയത്.
‘മഞ്ഞുമ്മൽ ബോയ്‌സ് കണ്ട് പല റഷ്യക്കാരും കരഞ്ഞെന്നും സ്‌ക്രീനിങ്ങിന് ശേഷം നിരവധി പ്രേക്ഷകരാണ് തങ്ങളെ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തതെന്നും സംവിധായകൻ ചിദംബരം പറഞ്ഞിരുന്നു.
കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നടന്ന മത്സരത്തിൽ പായൽ കപാഡിയയുടെ കാൻ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് , എസ്എസ് രാജമൗലിയുടെ ആർആർആർ എന്നിവയും പ്രദർശിപ്പിച്ചിരുന്നു.
ആഗോളതലത്തിൽ 200 കോടി രൂപയിൽ അധികമാണ് മഞ്ഞുമ്മൽ ബോയ്സ് കളക്റ്റ് ചെയ്തത്. യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഏറെ നിരൂപകപ്രശംസ നേടിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ മാത്രമല്ല നോർത്ത് അമേരിക്കയിലും ചിത്രത്തിനു വൻ സ്വീകാര്യതയാണ് ലഭിച്ചത്.
