Actor
ഉര്‍വശി ചിത്രത്തില്‍ അന്ന് ദിലീപിന് കൊടുത്തത് വെറും 3000 രൂപ; കണ്ണ് ഒക്കെ നിറഞ്ഞ് ആണ് ദിലീപ് എന്റെ അടുത്ത് വന്നത്; വിജി തമ്പി
ഉര്‍വശി ചിത്രത്തില്‍ അന്ന് ദിലീപിന് കൊടുത്തത് വെറും 3000 രൂപ; കണ്ണ് ഒക്കെ നിറഞ്ഞ് ആണ് ദിലീപ് എന്റെ അടുത്ത് വന്നത്; വിജി തമ്പി
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസിന്റെ ഓരോ ഘട്ടവും കടന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ദിലീപിന് കിട്ടിയ തുച്ഛമായ പ്രതിഫലത്തെക്കുറിച്ചും പിന്നീട് അത് കൂട്ടിക്കൊടുത്തിനെക്കുറിച്ചും സംസാരിക്കുകയാണ് വിജി തമ്പി എന്ന സംവിധായകന്. വിജി തമ്പി സംവിധാനം ചെയ്ത ചിത്രം പ്രൊഡ്യൂസ് ചെയ്തതും നായികയായി അഭിനയിച്ചതും ഉര്‍വശിയായിരുന്നു. എന്നാല്‍ ഉര്‍വശി അറിയാതെയാണ് നടന് ദിലീപിന് 3000 രൂപ പ്രൊഡക്ഷനില്‍ നിന്ന് നല്‍കിയതെന്നും വിജി തമ്പി വ്യക്തമാക്കി.
ഒരു മാസത്തോളം സെറ്റില്‍ നിന്ന ദിലീപിന് കുറഞ്ഞ കാശ് കിട്ടിയപ്പോള്‍ അദ്ദേഹം കരഞ്ഞുവെന്നും വിജി തമ്പി ഓര്‍ത്തെടുത്തു. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയിലേക്ക് മനോജ് കെ ജയനെ ആയിരുന്നു നായകനായി കാസ്റ്റ് ചെയ്തത്. ഈ സമയം അദ്ദേഹത്തിന്റെ കൂട്ടുകാരായി അഭിനയിക്കാന്‍ കുറച്ച് പേര് വേണം. അതിനായി ഇടവേള ബാബു, നന്ദു, യദു കൃഷ്ണന് തുടങ്ങിയവരെ ആലോചിച്ചു.
അവരൊക്കെ ആ സമയത്ത് അത്യാവശ്യം സിനിമകളില്‍ ഒക്കെ അഭിനയിച്ച് നില്ക്കുന്ന സമയമാണ്. പക്ഷെ ഒരു പയ്യനെ കൂടി വേണം. അയാളെ കാസ്റ്റ് ചെയ്തത് ഉര്‍വശിയാണ്. ചേട്ടാ നല്ല ഒരു പയ്യനുണ്ട്. മിമിക്രി ഒക്കെ ചെയ്യുന്ന പയ്യനാണ്. പരിപാടിയുടെ കാസറ്റ് ഒക്കെ കണ്ടിരുന്നു. നല്ല പയ്യനാണ്. ആലുവക്കാരനാണ് എന്നും ഉര്‍വശി പറഞ്ഞു. അത് നടന് ദിലീപ് ആയിരുന്നു. ആ സമയത്ത് ദിലീപ് സൈന്യം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞു. നന്ദു അടക്കം പല നടന്മാരും അന്ന് തിരുവനന്തപുരത്ത് തന്നെ ഉള്ളവരായിരുന്നു. ഷൂട്ടിംഗ് തീരുന്ന അവസാന ദിവസം വരെ ദിലീപ് ഉണ്ടായിരുന്നു. ഇടയ്ക്ക് ഉര്‍വശി ദിലീപിനെ വിളിപ്പിച്ച് ചില മിമിക്രി ഒക്കെ ചെയ്യിക്കുമായിരുന്നു. ദിലീപ് ഇന്നസെന്റിനെ മനോഹരമായി ചെയ്യുകയും ചെയ്യും. അങ്ങനെ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് പോകുന്ന ദിവസം ദിലീപ് കണ്ണ് ഒക്കെ നിറഞ്ഞ് എന്റെ അടുത്ത് വന്നു.
തമ്പിച്ചേട്ടാ എനിക്ക് വലിയ ഒരു വിഷമമുണ്ടെന്ന് പറഞ്ഞാണ് ദിലീപ് വന്നത്. എന്തുപറ്റിയെന്ന് ചോദിച്ചു. ഞാന്‍ 30 ദിവസം ഉണ്ടായിരുന്നു ഇവിടെ. പക്ഷെ എനിക്ക് മൂവായിരം രൂപ മാത്രമാണ് തന്നതെന്ന് പറഞ്ഞു. കഷ്ടമായി പോയെന്ന് ഞാനും പറഞ്ഞു. അങ്ങനെ ഞാന്‍ ഉര്‍വശിയെ മാറ്റി നിര്‍ത്തി പറഞ്ഞു. ഉര്‍വശി പറഞ്ഞിട്ടാണ് ദിലീപിനെ സിനിമയിലേക്ക് വിളിച്ചത്. പോകുമ്പോള്‍ ന്യായമായ എന്തെങ്കിലും കൊടുക്കണ്ടേ എന്ന് ഞാന്‍ ചോദിച്ചു.
അപ്പോള്‍ ഉര്‍വശി ചോദിച്ചു, എന്തുപറ്റി അങ്ങനെ ചോദിക്കാന്‍ എന്ന്. ഞാന്‍ പറഞ്ഞു, ആകെ 3000 രൂപയാണ് ദിലീപിന് കൊടുത്തതെന്ന്. അയ്യോ ആരാണ് അത് ചെയ്തത്, താന്‍ അറിഞ്ഞില്ലെന്ന് ഉര്‍വശി ചോദിച്ചു. ഉര്‍വശി ഉടനെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിനെ വിളിച്ച് നിങ്ങള്‍ ആരോട് ചോദിച്ചിട്ടാ അങ്ങനെ ചെയ്തതെന്ന് ചോദിച്ചു. എന്നിട്ട് ന്യായമായ ഒരു തുക തന്നെ ദിലീപിന് നല്‍കുകയും ചെയ്തു എന്നും വിജി തമ്പി പറഞ്ഞു.
അതേസമയം, പവി കെയര്‍ ടേക്കര്‍ ആണ് ദിലീപിന്റെ പുതിയ ചിത്രം. വിനീത് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഏപ്രില്‍ 26ന് ആണ് റിലീസ് ചെയ്യുന്നത്. ദിലീപിന്റെ കോമഡി നമ്പറുകളാകും സിനിമയുടെ പ്രധാന ആകര്‍ഷണം. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍.
മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുന്ന താന്‍ കഴിഞ്ഞ കുറച്ച് നാളുകളായി കരയുകയാണെന്നാണ് ദിലീപ് പറഞ്ഞത്. എന്റെ അവസ്ഥ ഒക്കെ നിങ്ങള്‍ക്ക് അറിയാം. കഴിഞ് 29 വര്‍ഷമായി കൊച്ചുകൊച്ചു വേഷങ്ങളൊക്കെ ചെയ്ത് ഇവിടെ എത്തിയൊരാളാണ് ഞാന്‍. തനിക്ക് പിടിച്ച് നില്ക്കാന് പുതിയ സിനിമയുടെ വിജയം ആവശ്യമാണെന്നും നടന് പറഞ്ഞു.
