Actor
ഗോപാലകൃഷ്ണനില്‍ നിന്നും ദിലീപിലേയ്ക്കുള്ള യാത്ര; വിവാദങ്ങളില്‍ തളരാത്ത താരപദവി
ഗോപാലകൃഷ്ണനില്‍ നിന്നും ദിലീപിലേയ്ക്കുള്ള യാത്ര; വിവാദങ്ങളില്‍ തളരാത്ത താരപദവി
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. താരരാജക്കന്മാര്‍ അരങ്ങ് വാണിരുന്ന സമയത്ത് തന്റേതായ ശൈലിയിലൂടെ പ്രേക്ഷകരുടെ നെഞ്ചിലേയ്ക്ക് ചേക്കേറാന്‍ ദിലീപിന് സാധിച്ചു. ഗോപാലകൃഷ്ണനായി മിമിക്രി ലോകത്തുകൂടെ ഇന്റസ്ട്രിയിലേക്ക് വന്ന്, പിന്നീട് മലയാള സിനിമയുടെ ജനപ്രിയ നായകനായി ആരാധകരുടെ സ്വന്തം ദിലീപേട്ടനായി വളര്‍ന്നത് ഒരു വലിയ കഥയാണ്.
എറണാകുളത്തെ എടവന്‍കാട് എന്ന സ്ഥലത്ത് പത്മനാഭന്‍ പിള്ളയുടെയും സരോജത്തിന്റെയും മകനായി പിറന്ന ഗോപാലകൃഷ്ണന് ചെറുപ്പം മുതലേ കലയോടും അനുകരണത്തോടും എല്ലാം വലിയ താത്പര്യമായിരുന്നു. പഠനകാലത്ത് എല്ലാം തന്നിലെ ആ ചെറിയ കഴിവിനെ വളര്‍ത്തിയെടുക്കാന്‍ കിട്ടുന്ന ഒരവസരവും, ഒരു സ്‌റ്റേജും ഗോപാലകൃഷ്ണന്‍ പാഴാക്കി കളഞ്ഞില്ല.
1980 കളില്‍ കലാഭവനില്‍ മിമിക്രി ചെയ്തുകൊണ്ടാണ് കരിയറിന്റെ ആദ്യത്തെ പടി എടുത്തു വയ്ക്കുന്നത്. ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റ് ഒക്കെ ആ കാലത്ത് ഹിറ്റായിരുന്നു. അതുവഴി ടെലിവിഷന്‍ ചാനലുകളില്‍ അവസരം ലഭിച്ചു. ‘കോമിക്കോള’ എന്ന ഷോ കഴിഞ്ഞതിന് ശേഷമാണ് കമലിന്റെ അസിസ്റ്റന്റ് ഡയരക്ടറായി ചേരുന്നത്. ഒപ്പമുള്ള ലാല്‍ ജോസൊക്കെ എങ്ങനെയെങ്കിലും കമലില്‍ നിന്ന് സംവിധാനം പഠിച്ച് ഒരു വലിയ സംവിധായകനാകണം എന്ന് സ്വപ്‌നം കാണുമ്പോഴും, ഗോപാലകൃഷ്ണന് താത്പര്യം അഭിനയത്തോടായിരുന്നു.
അസിസ്റ്റന്റ് ഡയരക്ടറായി പ്രവൃത്തിക്കുമ്പോള്‍ തന്നെ കമലിന്റെ എന്നോടിഷ്ടം കൂടാമോ എന്ന സിനിമയില്‍ എല്ലാം സപ്പോര്‍ട്ടിങ് റോള്‍ ചെയ്തിരുന്നു. ‘ഇയാള്‍ നല്ല ഒരു നടനാണ്’ എന്ന് പറഞ്ഞ് പല സംവിധായകരോടും ഗോപാലകൃഷ്ണന്റെ കമല്‍ തന്നെ സജസ്റ്റ് ചെയ്തിരുന്നു. ഒന്ന് രണ്ട് സിനിമകളില്‍ ചെറിയ റോളുകള്‍ ചെയ്തതിന് ശേഷം ഗോപാലകൃഷ്ണന് മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ അവസരം ലഭിച്ചു. ആ സിനിമ ഹിറ്റായി, അതിലെ കഥാപാത്രത്തിന്റെ പേര് നടന്‍ സ്വീകരിച്ചു, അങ്ങനെ ഗോപാലകൃഷ്ണന്‍ ദിലീപ് ആയി.
ദിലീപില്‍ നിന്ന് ജനപ്രിയ നായകനിലേക്കുള്ള യാത്രയ്ക്ക് പിന്നെയും ഒരുപാട് ദൂരമുണ്ടായിരുന്നു. ഈ പുഴയും കടന്ന്, സല്ലാപം എന്നീ സിനിമകളാണ് ഒരു നായകന്‍ എന്ന നിലയില്‍ ദിലീപിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലൂടെ ഹരിശ്രീ അശോകന്‍ ദിലീപ് കോമ്പോ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി. ഈ പറക്കും തളിക, കുബേരന്‍, സിഐഡി മൂസ, മീശ മാധവന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ദിലീപ് തന്റെ കരിയര്‍ കൂടുതല്‍ തിളക്കമുള്ളതാക്കി. കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ലക്ഷ്യം വച്ചുകൊണ്ടുള്ള സിനിമകള്‍ ദിലീപിനെ കൂടുതല്‍ ജനകീയനാക്കി.
കരിയറില്‍ വെല്ലുവിളികളുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ പരീക്ഷിക്കുന്നതായിരുന്നു ദിലീപിന്റെ മറ്റൊരു ഹൈലൈറ്റ്. ചാന്ത്‌പൊട്ടിലെ രാധയായും, കുഞ്ഞിക്കൂനനിലെ കുഞ്ഞനായും, മായാമോഹിനിയില്‍ മായാമോഹിനിയായും ദിലീപ് തന്നെ സ്വയം പരീക്ഷിച്ചു. കുഞ്ഞിക്കൂനന്‍ എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ആ പരീക്ഷണത്തിന്റെ വിജയമാണ്. ചാന്തുപൊട്ട്, പച്ചക്കുതിര, മായാമോഹിനി, വില്ലാളി വീരന്‍ തുടങ്ങിയ സിനിമകളിലെല്ലാം പരീക്ഷണം നടത്തുമ്പോഴും ദിലീപ് മലയാള സിനിമയിലെ തന്റെ ഇരിപ്പിടം കൂടുതല്‍ ഭദ്രമാക്കുകയായിരുന്നു.
മലയാള സിനിമയെ പല അവസരത്തിലും ദിലീപ് സിനിമകള്‍ തുണച്ചിട്ടുണ്ട്. മലയാള സിനിമയുടെ തിളക്കം മങ്ങിത്തുടങ്ങുന്ന ഒരു സമയത്താണ് മീശമാധവന്‍ എന്ന സിനിമയിലൂടെ ലാല്‍ ജോസും ദിലീപും ഒരു പുതുഉണര്‍വ് നല്‍കിയത്. അമ്മ എന്ന സംഘടനയ്ക്ക് വേണ്ടി ദിലീപ് ട്വന്റി 20 എന്ന സിനിമ നിര്‍മിച്ചതും വലിയ ബ്രേക്ക് ആയിരുന്നു. സ്വയം വളരുന്നതിനൊപ്പം ദിലീപ് പലരെയും സഹായിച്ചിട്ടുണ്ട്. അച്ഛന്റെ പേരില്‍ നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ദിലീപിന്റെ കൈ സഹായം സഹപ്രവര്‍ത്തകരിലേക്കും സാധാരണക്കാരിലേക്കും നീണ്ടു.
പല പുതുമുഖ നടീ നടന്മാര്‍ക്കും സംവിധായകര്‍ക്കും തന്റെ സിനിമകളിലൂടെ ദിലീപ് അവസരം നല്‍കി. പതിനൊന്നോളം സിനിമകള്‍ ദിലീപ് നിര്‍മിച്ചു. മലര്‍വാടി ആട്‌സ് ക്ലബ്ബ് അടക്കം പല സിനിമകളും അതില്‍ പെടുന്നു. നിവിന്‍ പോളി, അജു വര്‍ഗ്ഗീസ് പോലുള്ളവര്‍ക്കും അവസരം കൊടുത്തത് ദിലീപാണെന്ന് സാരം. എന്നാല്‍ വ്യക്തി ജീവിതത്തിലെ പല പ്രശ്‌നങ്ങളും ദിലീപിന്റെ കരിയറിനെ പല ഘട്ടങ്ങളിലും ബാധിച്ചിരുന്നു. മഞ്ജുവുമായുള്ള ബന്ധം വേര്‍പിരിഞ്ഞപ്പോള്‍ തുടങ്ങിയതാണ് ദിലീപിനോട് ചിലര്‍ക്കുള്ള അതൃപ്തി. പിന്നീട് കാവ്യയെ വിവാഹം ചെയ്തപ്പോള്‍ ആ അതൃപ്തി ഒന്നുകൂടെ കൂടി. പിന്നാലെ വന്ന നടിയെ ആക്രമിച്ച കേസും ദിലീപിന്റെ കരിയറില്‍ റെഡ് മാര്‍ക്ക് വീഴ്ത്തി.
എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാന്‍ അനുഭവങ്ങള്‍ കൊണ്ട് ദിലീപ് പാകപ്പെട്ടിരുന്നു. അതിന് തെളിവാണ് ഇന്നും ആ ജനപ്രിയ നായകന്‍ എന്ന പേര് മറ്റൊരാളിലേക്ക് പോകാത്തതിന് കാരണം. ഇന്നും ആ സ്ഥാനം ദിലീപിന് തന്നെയാണ് സ്വന്തം. തങ്ങളുടെ പ്രിയതാരം അങ്ങനൊരു കൃത്യം ചെയ്യില്ലെന്ന് ഒരുകൂട്ടര്‍ പറയുമ്പോഴും ചിലര്‍ വാക്കുകളാല്‍ കീറിമുറിക്കുമ്പോഴും സത്യം ഒരു നാള്‍ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
