Malayalam
ദിലീപിനെ പോലെ ദിലീപ് മാത്രം, 19 വർഷം മുമ്പ് ചെയ്ത സിനിമയിലെ സീനിലിലെ ഒരു ഡയലോഗ് പോലും തെറ്റാതെ അതേ നർമത്തോടെ അവതരിപ്പിച്ച് നടൻ; കയ്യടിച്ച് പ്രേക്ഷകർ
ദിലീപിനെ പോലെ ദിലീപ് മാത്രം, 19 വർഷം മുമ്പ് ചെയ്ത സിനിമയിലെ സീനിലിലെ ഒരു ഡയലോഗ് പോലും തെറ്റാതെ അതേ നർമത്തോടെ അവതരിപ്പിച്ച് നടൻ; കയ്യടിച്ച് പ്രേക്ഷകർ
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്.
മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു. എത്തിയ ചിത്രങ്ങൾക്കും പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായില്ല.
അതിന് കാരണമായി ചിലർ പറയുന്നത് ദിലീപ് മലയാള സിനിമയുടെ മാറ്റങ്ങൾ തിരിച്ചറിയുന്നില്ല എന്നതാണ്. മലയാള സിനിമയുടെ ഇന്നത്തെ മാറ്റങ്ങൾ മനസിലാക്കി നല്ല സിനിമകളുടെ ഭാഗമായി ദിലീപ് തിരിച്ച് വരണമെന്നാണ് പ്രേക്ഷകരുടെയും ആഗ്രഹം. ഇപ്പോൾ ദിലീപിന്റേതായി പുറത്തെത്തിയ ഒരു വീഡിയോയാണ് ഈ ചർച്ചകൾക്ക് ആധാരം. ഒരു ടെലിവിഷൻ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴുള്ള വീഡിയോയാണ് വൈറലാകുന്നത്.
ലക്ഷ്മി നക്ഷത്ര അവതാരകയായ ഷോയിൽ ദിലീപിനൊപ്പം അതിഥികളായി നവ്യ നായരും സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും എത്തി. വൈറൽ വീഡിയോയിൽ ദിലീപിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ പാണ്ടിപ്പടയിലെ നവ്യ നായരുമായുള്ള കോമഡി രംഗം ഇരുവരും ചേർന്ന് വീണ്ടും അവതരിപ്പിച്ചിരുന്നു.
ചിത്രത്തിലെ നവ്യയുടെ മീന എന്ന കഥാപാത്രത്തോട് മുറി ഇംഗ്ലീഷ് സംസാരിച്ച് പാണ്ടിദുരൈയുടേയും സംഘത്തിന്റെയും മുമ്പിൽ പേരെടുക്കാൻ ശ്രമിക്കുന്ന ഭുവനചന്ദ്രന്റെ കോമഡി സീൻ മലയാളികൾക്ക് കാണാപാഠമാണ്. ആ രംഗങ്ങളാണ് ദിലീപ് പുനരാവിഷ്കരിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
സോഷ്യൽ മീഡിയയിലും പ്രേക്ഷകർ ഈ വീഡിയോ സ്വകരിച്ചിരിക്കുകയാണ്. പത്തൊമ്പത് വർഷം മുമ്പ് റിലീസ് ചെയ്ത സിനിമയിലെ സീനിലിലെ ഒരു ഡയലോഗ് പോലും തെറ്റാതെ അതേ നർമത്തോടെയും സ്വഭാവികതയോടെയും അവതരിപ്പിച്ച ദിലീപിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്.
കോമഡി ടൈമിങ്ങിന് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല. നല്ലൊരു സ്ക്രിപ്റ്റ് കിട്ടിയാൽ പഴയപോലെ ഒരു അഴിഞ്ഞാട്ടം കാണാം. അതിനുള്ള മരുന്നൊക്കെ ഇന്നും മൂപ്പരുടെ കയ്യിലുണ്ട്. ദിലീപിനെ പോലെ ദിലീപ് മാത്രം, മാസ്സും ഡയലോഗും കോമഡിയും കൊണ്ട് നമ്മളെയൊക്കെ അത്ഭുതപെടുത്തിയ നായകനാണ് ദിലീപ്, പിന്നെയും പിന്നെയും കാണാൻ തോന്നുന്ന ഒരു പറ്റം സിനിമകൾ ഇദ്ദേഹം തന്നിട്ടുണ്ട്, ദിലീപ് ചെയ്ത് വെച്ചിരിക്കുന്നതെല്ലാം വേറെ ലെവൽ ആണ്.
മലയാള സിനിമയിൽ ഒരു ശക്തമായ തിരിച്ചുവരവ് കാണാൻ കാത്തിരിക്കുന്നു എന്നെല്ലാം ചിലർ കമന്റ് ചെയ്യുമ്പോൾ ദിലീപിനെതിരെയും ചിലർ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. പഴയ കളം പിടിക്കാൻ ദിലീപ് വല്ലാണ്ട് ബുദ്ധിമുട്ടുന്നു, ഇമേജ് തിരിച്ച് പിടിക്കാനുള്ള തന്ത്രപ്പാട്, എന്തൊക്കെ കാണണം, ഇങ്ങനെയെല്ലാം ചെയ്തിട്ടും കാര്യമില്ല. പോയതൊന്നും തിരിച്ച് വരില്ല എന്നിങ്ങനെയാണ് വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ.
പ്രിൻസ് ആന്റ് ഫാമിലി അടക്കമുള്ള ദിലീപിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളിലാണ് ദിലീപ് സിനിമാ പ്രേമികളുടെ പ്രതീക്ഷ. ഗോകുലം മൂവീസിന്റെ ബാനറിൽ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭഭബ’. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
പവി കെയർടേക്കർ ആണ് അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ്’പവി കെയർടേക്കർ’ എന്ന് പലരും പറഞ്ഞിരുന്നു. അഞ്ച് പുതുമുഖ നായികമാരായിരുന്നു പവി കെയർ ടേക്കറിൽ എത്തിയിരുന്നത്.
