എട്ടാം വിവാഹവാർഷികത്തിൽ ദിലീപിനൊപ്പമുള്ള ചിത്രവുമായി കാവ്യ; ആശംസകളുമായി ആരാധകർ
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.
ഇപ്പോഴിതാ ദിലീപിനൊപ്പമുള്ള ദാമ്പത്യം എട്ട് വർഷം പിന്നിടുമ്പോൾ നടനൊപ്പമുള്ള മനോഹരമായ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കാവ്യ. നെഗറ്റീവ് കമന്റുകൾ ഭയന്നാകാം നടി കമന്റ് ബോക്സ് ഓഫാക്കിയിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നുള്ളവർ അടക്കം ഇരുവരുടെയും ഫോട്ടോയ്ക്ക് സ്നേഹം അറിയിച്ച് എത്തി.
രാവിലെ മുതൽ ഇരുവരുടെയും ഫാൻ പേജുകളിൽ വിവാഹ വാർഷിക ആശംസകൾ ദമ്പതികൾക്ക് നേർന്നുള്ള ഫോട്ടോയും വീഡിയോയും പ്രചരിക്കുന്നുണ്ട്. നിങ്ങളോട് എല്ലാ അർത്ഥത്തിലും അങ്ങേയറ്റം പൊരുത്തമുള്ള ഒരു വ്യക്തിയുമായി നിങ്ങൾ ചേർന്നപ്പോൾ ഐക്യവും സന്തോഷവും തുളുമ്പുന്ന ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിൽ നിങ്ങൾ എളുപ്പത്തിൽ വിജയിച്ചു. വളരെ മുമ്പുതന്നെ നിങ്ങളുടെ കുടുംബത്തെ പുനസംഘടിപ്പിക്കേണ്ടതായിരുന്നു.
അൽപ്പം വൈകി പോയോ എന്നൊരു സംശയം മാത്രമേയുള്ളൂ എന്നാണ് താരദമ്പതികൾക്ക് ആശംസകൾ നേർന്ന് ആരാധകരിൽ ഒരാൾ കുറിച്ചത്. നിങ്ങളെ നിരീക്ഷിക്കുമ്പോൾ പ്രകടമാകുന്ന, തികച്ചും സ്വാഭാവികമായി സംഭവിച്ച ഒരു ദൈവീകമായ പൊരുത്തമുണ്ട് രണ്ടുപേരും തമ്മിൽ. അത് ദിലീപായാലും, കാവ്യയായാലും, പരസ്പര മാനസിക ഐക്യം നിമിത്തം, തമ്മിൽ അപലപിക്കുന്നവരും തെറ്റ് കണ്ടെത്തുന്നവരും ആകാൻ വിസമ്മതിക്കുകയും സ്നേഹിക്കാനും സ്നേഹിക്കപെടാനും വേണ്ടി മാത്രം ഒരുമിച്ചവരുമാണെന്ന് സ്പഷ്ടം.. ‼
അതുകൊണ്ടാണ് ചേരേണ്ടവർ തമ്മിൽ മാത്രമേ ചേരാവൂ എന്ന പ്രകൃതി നിയമം നിലനിൽക്കുന്നത് .. ‼ നിങ്ങളുടെ ബന്ധത്തിൻ്റെ സ്ഥിരതയും അതിൽ നിന്നുയരുന്ന സ്നേഹവും തീർച്ചയായും മീനൂട്ടിയെയും മാമാട്ടിയെയും സ്വാധീനിച്ചിട്ടുണ്ട്… ‼ കുടുംബമായാൽ ഇങ്ങിനെയിരിക്കണം.. ‼
ഇത് തീർച്ചയായും അഭിനന്ദനാർഹമാണ്..‼ നിങ്ങളുടെ നിരുപാധികമായ സ്നേഹം തഴച്ചുവളരുവാനും രണ്ട് മക്കൾക്കുമൊപ്പം ദീര്ഘകാലം സന്തോഷത്തോടെ ആയൂർ ആരോഗ്യ സൗഖ്യത്തോട് കൂടി ജീവിക്കാനും ആത്മാർത്ഥമായ ആശംസകൾ നേരുന്നുവെന്നുമെല്ലാം ആരാധകർ കുറിച്ചിട്ടുണ്ട്.
വിവാഹിതരായി വൈകാതെ ദിലീപും കാവ്യയും കേസിലും വിവാദത്തിലും ഉൾപ്പെട്ടതോടെ വെറുപ്പും പുച്ഛവും പരിഹാസവും ഇരട്ടിയായി. ഇപ്പോഴും അത്തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും കാവ്യയ്ക്കും ദിലീപിനുമെതിരെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
കുടുംബം കലക്കി എന്നൊക്കെയാണ് കാവ്യയെ സോഷ്യൽമീഡിയയിലെ ഒരു വിഭാഗം ആളുകൾ ഇപ്പോഴും അധിക്ഷേപിക്കാൻ വിളിക്കുന്നത്. മഞ്ജു പോയതോടെ ദിലീപിന്റെ ഐശ്വര്യവും പടിയിറങ്ങിയെന്നും കാവ്യ ദിലീപിന്റെ ഒപ്പമുള്ള വിട്ടൊഴിയാത്ത ശനിദശയാണെന്നുമെല്ലാമാണ് ഇവരുടെ വിവാഹത്തോടും കുടുംബ ജീവിതത്തോടും എതിർപ്പുള്ളവർ കുറിക്കാറുള്ളത്.
ഇപ്പോൾ മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുകയാണ് കാവ്യ എന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നോക്കിയാണ് കാവ്യ മുന്നോട്ട് പോകുന്നതെന്നും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യയാണ് പറയേണ്ടതെന്നുമാണ് ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ.