Malayalam
ദുരിതം നിറഞ്ഞ ജീവിതമാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കസുകാരുടേത്; ജോക്കര്‍ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവത്തെ കുറിച്ച് സിനിമാറ്റോഗ്രാഫര്‍
ദുരിതം നിറഞ്ഞ ജീവിതമാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കസുകാരുടേത്; ജോക്കര്‍ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവത്തെ കുറിച്ച് സിനിമാറ്റോഗ്രാഫര്‍
എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.
ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ലോഹിതദാസ് ദിലീപ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ജോക്കര്‍. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ലൊക്കേഷന്‍ ഉണ്ടായ നാടകീയമായ രംഗങ്ങളെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സിനിമാേട്ടോഗ്രാഫര് വേണുഗോപാല്‍.
ദുരിതം നിറഞ്ഞ ജീവിതമാണ് യഥാര്‍ത്ഥത്തില്‍ സര്ക്കസുകാരുടേതെന്ന് വേണുഗോപാല്‍ മഠത്തില്‍ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ സര്‍ക്കസ് കൂടാരത്തിലായിരുന്നു ജോക്കറിന്റെ ഷൂട്ട്. ഒരു ഒറിജിനല്‍ സര്‍ക്കസ് പ്ലേ വാടയ്ക്ക് വാങ്ങിയാണ് ഷൂട്ട് ചെയ്തത്. സര്‍ക്കസുകാരുടെ ശരിയായ ജീവിതം കണ്ടു. പാവങ്ങളായ ആള്‍ക്കാരാണ്. ജോക്കറില് ഇവര്‍ പലിശയ്ക്ക് വാങ്ങിയിട്ട് അപ്പുറത്തുള്ള ടീം വന്ന് അടിയുണ്ടാക്കുന്ന സീനുണ്ട്.
യഥാര്‍ത്ഥത്തില്‍ ലൊക്കേഷനില്‍ അങ്ങനെ നടന്നിട്ടുണ്ട്. ഒരു ദിവസം രാത്രി ഷൂട്ട് ചെയ്യുമ്പോള്‍ ഒരു ഗ്രൂപ്പ് വന്ന് നിരത്തി അടി. ഞങ്ങള്‍ക്കും കിട്ടി. ഞങ്ങളെല്ലാവരും ഓടി മാറി. എന്താണ് സംഭവമെന്ന് മനസിലാകുന്നില്ല. ഈ സര്‍ക്കസിന്റെ ആളുകള്‍ കഴിഞ്ഞ ടെന്റിന്റെ ആളുകളോട് പണം വാങ്ങിയിട്ട് കൊടുക്കാന്‍ പറ്റിയില്ല. അതിന്റെ പേരിലായിരുന്നു വഴക്കെന്നും സിനിമോട്ടോഗ്രാഫര്‍ ഓര്‍ത്തു.
പാവങ്ങളായ പ്ലേയേര്സിനെയാണ് അടിക്കുന്നത്. ചെറിയ പൈസയാണ് ആ പ്ലേയേര്‍സിന് ലഭിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം കൂടാരത്തിലെ മൃഗങ്ങള്‍ക്ക് പലപ്പോഴും ഭക്ഷണം കൊടുക്കാന്‍ സര്‍ക്കസ് നടത്തുന്നവര്‍ക്ക് കഴിഞ്ഞില്ലെന്നും വേണു ഗോപാല്‍ മഠത്തില്‍ തുറന്ന് പറഞ്ഞു.
ആനയ്ക്ക് കൊടുക്കാന്‍ പോലും ഭക്ഷണം ഇല്ല. അവരുടെ കൈയില്‍ പൈസയുണ്ടാകില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദിവസം സര്‍ക്കസ് കൂടാരത്തിനുള്ളിലുണ്ടായ സംഭവത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ഒരു തമിഴന് മദ്യപിച്ച് വന്ന് ബഹളം ഉണ്ടാക്കി. പിന്നെ അയ്യോ എന്ന ശബ്ദമാണ് കേള്‍ക്കുന്നത്. ചെന്ന് നോക്കുമ്പോള്‍ ഇയാള്‍ സിംഹക്കൂട്ടിനുള്ളില്‍ കൈയിട്ട് ഗുഡ് മോര്‍ണിംഗ് പറഞ്ഞു.
സിംഹം കൈയ്ക്ക് കടിച്ചു. മറ്റൊരു ദിവസം ലൈറ്റ് മാനെ സിംഹം കൂട്ടിനുള്ളില്‍ നിന്ന് പിടിച്ചു. അവനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ചുമലിലെ മാംസം പോയതിനാല്‍ കാലില്‍ നിന്നും മാംസമെടുത്ത് പരിക്ക് പറ്റിയിടത്ത് സര്‍ജറി ചെയ്യുകയായിരുന്നെന്ന് വേണുഗോപാല്‍ മഠത്തില്‍ ഓര്‍ത്തു. സിംഹങ്ങള്ക്കൊന്നും മതിയായ ഭക്ഷണം സര്‍ക്കസ് കൂടാരത്തില്‍ നിന്നും ലഭിക്കുന്നില്ലായിരുന്നെന്നും വേണുഗോപാല്‍ മഠത്തില്‍ അന്ന് ചൂണ്ടിക്കാട്ടി.
സര്‍ക്കസുകാരനായ ബാബു എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിച്ചത്. അബൂക്ക എന്ന കഥാപാത്രമായി ബഹദൂറും സുശീല എന്ന കഥാപാത്രമായി ബിന്ദു പണിക്കരും മികച്ച പ്രകടനം ചിത്രത്തില്‍ കാഴ്ച വെച്ചു. സിനിമയിലെ പല രംഗങ്ങളും ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. അടുത്തിടെയും ജോക്കറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ബിന്ദു പണിക്കര്‍ സംസാരിക്കുകയുണ്ടായി.
അതേസമയം, തന്റെ പുത്തന്‍ സിനിമകളുമായി തിരക്കിലാണ് ദിലീപ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്റെ ‘തങ്കമണി’ എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. തങ്കമണി സംഭവത്തിന്റെ തീവ്രത വിളിച്ചോതുന്ന തരത്തിലുള്ളതാണ് പാട്ട്. ബി ടി അനില്‍കുമാര്‍ രചിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് വില്യം ഫ്രാന്‍സിസ് ആണ്. വില്യം തന്നെണ് ആലപിച്ചിരിക്കുന്നതും. ഉടല് എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തങ്കമണി.
ദിലീപിന്റെ സിനിമാ കരിയറിലെ നൂറ്റി നാല്‍പ്പത്തിയെട്ടാമത്തെ ചിത്രമാണ് ‘തങ്കമണി’. ബിഗ് ബജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര് ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്.വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 1986 ഒക്ടോബര്‍ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പും നടത്തിയിരുന്നു. ഈ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം.
