Malayalam
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും!
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും!
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങള്‍ ആദ്യം പിടിയിലായ കേസില്‍ മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്. അതേ വര്‍ഷം ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ തുടങ്ങിയെങ്കിലും ഇടയ്ക്ക് പുതിയ വെളിപ്പെടുത്തലുണ്ടായി. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും നടന് ജാമ്യം ലഭിക്കുകയായിരുന്നു.
ഇപ്പോള്‍ വളരെ നിര്‍ണായക ഘട്ടങ്ങളിലൂടെയാണ് കേസ് കടന്നു പോകുന്നത്. കഴിഞ്ഞമാസം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ജനുവരി എട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് ആണ് ആ നിര്‍ണായക ദിനം. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണു െ്രെകംബ്രാഞ്ചിന്റെ പരാതി. ജസ്റ്റിസ് പി. ഗോപിനാഥാണു വാദം കേട്ടത്. ക്രിസ്മസ് അവധി കഴിഞ്ഞ് അടുത്ത മാസം ആദ്യവാരം കോടതി തുറക്കുമ്പോള്‍ ജഡ്ജിമാരുടെ പരിഗണനാ വിഷയം മാറാന്‍ സാധ്യതയുണ്ട്.
അതിനാല്‍, വാദം പൂര്‍ത്തിയായ സ്ഥിതിക്കു കേസ് പാര്‍ട്ട്‌ഹേര്‍ഡ് ആക്കണമെന്നു ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ െ്രെകംബ്രാഞ്ച് എതിര്‍ത്തു. കേസ് പാര്‍ട്ട്‌ഹേര്‍ഡ് ആക്കിയാല്‍ ജസ്റ്റിസ് പി. ഗോപിനാഥ് തന്നെ തുടര്‍ന്നും കേസ് പരിഗണിച്ചു വിധിപറയുക. അല്ലാത്തപക്ഷം മറ്റൊരു ജഡ്ജി വിധി പറയും. ഇത് ഒഴിവാക്കാനാണു പാര്‍ട്ട്‌ഹേര്‍ഡ് ആക്കണമെന്നു ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.
അതിനിടെ, കേസുമായി ബന്ധപ്പെട്ടു മെമ്മറി കാര്‍ഡിലെ ഹാഷ്‌വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതു തിരിച്ചടിയാകാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിചാരണ കോടതിയ്ക്കുള്ള നിര്‍ദ്ദേശം. ഹാഷ് വാല്യു അന്വേഷണം കേസില്‍ വഴിത്തിരിവാകുമെന്നാണു പ്രോസിക്യൂഷന്‍ വാദം. കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡിലെ വിവരം ചോര്‍ന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഇത് കോടതി ശരി വെയ്ക്കുകയായിരുന്നു. ജില്ല സെഷന്‍സ് ജഡ്ജി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റെയോ മറ്റ് അന്വേഷണ ഏജന്‍സികളുടെ സഹായമോ തേടാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം നടത്തണം. അതിജീവിതയുടെ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് അതിജീവിത ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്. മെമ്മറി കാര്‍ഡ് മൂന്നുതവണ അനധികൃതമായി പരിശോധിച്ചതിന് കാരണമായ സാഹചര്യം സംബന്ധിച്ച് അന്വേഷണത്തിനായാണ് നടി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷനും ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പാക്കണമെന്നാണ് പ്രോസിക്യൂഷന്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടെങ്കിലും അതിലെ ദൃശ്യങ്ങള്‍ക്ക് കേടുപാടില്ലെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിലുണ്ടെന്നാണ് നടന്‍ ദിലീപ് കോടതിയില്‍ വാദിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ മാറ്റമില്ല. ദൃശ്യങ്ങളില്‍ മാറ്റമില്ലെന്നിരിക്കെ ഇത് എങ്ങനെയാണ് അന്വേഷിക്കുന്നത്? കേസിന്റെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ്. ഇതനുവദിക്കരുതെന്നും നടന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പരിശോധനാ ഫലത്തില്‍ മൂന്നു തവണ ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, വിചാരണക്കോടതി, ജില്ലാ കോടതി എന്നിവിടങ്ങളില്‍ ഇരിക്കുമ്പോഴാണ് ഹാഷ് വാല്യു മാറിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ടതില്ലെന്ന വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. ്രൈകംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. 2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.
ഇര എന്ന നിലയില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണം. മെമ്മറി കാര്‍ഡ് ചോര്‍ത്തിയ പ്രതികളെ ഉണ്ടെങ്കില്‍ കണ്ടെത്തണം. മെമ്മറി കാര്‍ഡ് ആരോ മനപ്പൂര്‍വ്വം പരിശോധിച്ചിട്ടുണ്ട്. അതില്‍ നടപടി ഉണ്ടാകണം. വിചാരണ വൈകിക്കാനല്ല ഹര്‍ജി. വിചാരണ പൂര്‍ത്തിയാക്കാനുളള സമയം സുപ്രീം കോടതി നീട്ടി നല്‍കിയിട്ടുണ്ടെന്നും അതിജീവിത കോടതിയില്‍ പറഞ്ഞിരുന്നു.
