Actor
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; നടന് ദലീപ് താഹിലിന് തടവുശിക്ഷ വിധിച്ച് കോടതി
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; നടന് ദലീപ് താഹിലിന് തടവുശിക്ഷ വിധിച്ച് കോടതി
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ പ്രശസ്ത ബോളിവുഡ് നടന് ദലീപ് താഹിലിന് രണ്ടുമാസത്തെ തടവുശിക്ഷ. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച ശേഷം ദലീപ് ഓടിച്ച വാഹനം നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയില്‍ ഇടിച്ചുകയറുകയായിരുന്നു. ഈ ഓട്ടോയിലുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യ വിദഗ്ധര്‍ മൊഴി നല്‍കിയതിനുപിന്നാലെയാണ് നടന് ദലീപിന് തടവുശിക്ഷ വിധിച്ചത്.
അപകടം നടക്കുമ്പോള്‍ നടന് മദ്യലഹരിയിലായിരുന്നെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഇത് പരിശോധിച്ച മുംബൈയിലെ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുംബൈയിലെ ഖര് പ്രദേശത്തായിരുന്നു സംഭവം നടന്നത്. ജെനീറ്റാ ഗാന്ധി, ഗൗരവ് ചഘ് എന്നിവരായിരുന്നു ദലീപിന്റെ കാര്‍ പാഞ്ഞുകയറിയ ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഇതില്‍ ജെനീറ്റയ്ക്ക് പുറത്തും കഴുത്തിലുമാണ് പരിക്കേറ്റത്.
സംഭവം നടന്നതിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച താരം ഗണേശ ചതുര്‍ത്ഥി ഘോഷയാത്രയ്ക്കിടെയുണ്ടായ ഗതാഗത തടസ്സത്തില്‍പ്പെടുകയായിരുന്നു. അന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത ദലീപിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത താരം രക്തപരിശോധനയ്ക്ക് വിസമ്മതിച്ചത് വാര്‍ത്തയായിരുന്നു. സംഭവം നടന്ന് അഞ്ചുവര്‍ഷത്തിന് ശേഷമാണിപ്പോള്‍ 65കാരനായ നടനെതിരെ വിധി വന്നിരിക്കുന്നത്.
1990കളില്‍ ബോളിവുഡ് ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ദലീപ് താഹില്‍. 1993ല്‍ പുറത്തിറങ്ങിയ ഡര് എന്ന ചിത്രത്തിലെ കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
സണ്ണി ഡിയോളിന്റെ പിതാവിന്റെ വേഷമായിരുന്നു ദലീപ് അവതരിപ്പിച്ചത്. തുടര്‍ന്ന് ബാസിഗര്‍, രാജാ, ഖയാമത് സേ ഖയാമത് തക്, ഗുലാം, സോള്‍ജിയര്‍, ഗുപ്ത്, കഹോ നാ പ്യാര് ഹേ, അജ്നബീ, രാ വണ്‍, മിഷന് മംഗള്‍ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.
