Malayalam
അത്യന്തം വയലൻസ്; എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും കാണിക്കുന്നു, മാർക്കോയ്ക്കെതിരെ പരാതിയുമായി കെ.പി.സി.സി അംഗം
അത്യന്തം വയലൻസ്; എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും കാണിക്കുന്നു, മാർക്കോയ്ക്കെതിരെ പരാതിയുമായി കെ.പി.സി.സി അംഗം
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി തിയേറ്ററുകൾ ഇളക്കി മറിക്കുന്ന ചിത്രമാണ് മാർക്കോ. ഇപ്പോഴിതാ ഹനീഫ് അദേനിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ഈ ചിത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.പി.സി.സി അംഗം അഡ്വ.ജെ.എസ് അഖിൽ. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം18 വയസ്സിൽ താഴെയുള്ള കുട്ടികളെയും കാണിക്കുന്നെന്നാണ് ജെ.എസ്. അഖിൽ പരാതിയിൽ പറയുന്നത്.
അത്യന്തം വയലൻസ് നിറഞ്ഞ ഈ ചിത്രം 18 വയസിൽ താഴെ പ്രായമുള്ളവർക്കായി പ്രദർശിപ്പിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ഈ വസ്തുത അറിയാതെ പല തിയേറ്ററുകളിലും കുട്ടികൾക്കൊപ്പമാണ് പലരും വരുന്നത്. തിയേറ്ററുകളിൽ 18 വയസിൽ താഴെയുള്ളവർക്ക് ഈ ചിത്രം കാണുന്നതിൽ യാതൊരു വിലക്കുമില്ല.
സിനിമ കണ്ടുകഴിഞ്ഞാൽ, ചിത്രത്തേക്കുറിച്ച് പറഞ്ഞ അവകാശവാദങ്ങൾ വെറുമൊരു വിപണന തന്ത്രം ആയിരുന്നില്ല എന്ന് നിസ്സംശയം പറയാം. ഇന്ത്യൻ സിനിമയിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള അസ്വസ്ഥതയുണ്ടാക്കുന്ന രംഗങ്ങളാണ് മാർക്കോയിലുള്ളത്. 18 വയസ്സിന് താഴെയുള്ള കുട്ടികൾ സിനിമ കാണാതിരിക്കാൻ സംസ്ഥാനത്തുടനീളമുള്ള എല്ലാ തിയേറ്ററുകളിലും കർശനമായ നിർദ്ദേശം പുറപ്പെടുവിക്കണം എന്നും പരാതിയിൽ പറയുന്നത്.
സെൻസർ ബോർഡിനും സംസ്ഥാന ബാലാവകാശ കമ്മീഷനുമാണ് അഡ്വ.ജെ.എസ് അഖിൽ പരാതി നൽകിയിരിക്കുന്നത്. വൻ മുതൽമുടക്കിൽ എത്തിയ ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ വീണ്ടും ആക്ഷൻ ഹീറോ ആകുകയാണ്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ വയലൻസ് ചിത്രം കൂടിയാണിത്. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്ത ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്ആൻ്റ് ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോ.
ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സൺസ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെയാണ് റിലീസിനെത്തിയത്.
