News
പൈറസി പ്രശ്നം തടയാന്‍ സര്‍ക്കാര്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍
പൈറസി പ്രശ്നം തടയാന്‍ സര്‍ക്കാര്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍
സിനിമ മേഖലയെ ആകെ വലയ്ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ചിത്രം റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ടെലഗ്രാം അടക്കമുള്ള ചില ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ എത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇതിന് തടയിടാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാന്‍ ശേഷിയുള്ള സര്‍ക്കാര്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി.
അടുത്തിടെ പാര്‍ലമെന്റില്‍ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്‍ 2023ന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണ് ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വെള്ളിയാഴ്ച വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്. നിലവില്‍, പകര്‍പ്പവകാശ നിയമത്തിനും ഐപിസിക്കും കീഴിലുള്ള നിയമനടപടിയല്ലാതെ പൈറേറ്റഡ് ഫിലിം ഉള്ളടക്കത്തില്‍ നേരിട്ട് നടപടിയെടുക്കാനുള്ള അനുമതി സര്‍ക്കാറിന് ലഭിച്ചിരുന്നില്ല.
ഒരു നല്ല കണ്ടന്റ് ഉണ്ടാക്കാന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ ധാരാളം സമയവും ഊര്‍ജവും പണവും ചെലവഴിക്കുന്നു. എന്നാല്‍ അത് പൈറസി വഴി സ്വന്തമാക്കുന്നവര്‍ അത് ഒരു നിയന്ത്രണവും ഇല്ലാതെ പ്രചരിപ്പിക്കുന്നു. പ്രതിവര്‍ഷം 20,000 കോടി രൂപയുടെ നഷ്ടമാണ് ഇത് സിനിമ വ്യവസായത്തിനുണ്ടാകുന്നത്, ഇത് തടയാനാണ് ഈ തീരുമാനം എന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറയുന്നത്.
ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനിലും (സിബിഎഫ്സി) 12 നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്ക് സിനിമാ പൈറസിയുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ഇത്തരം പരാതികളില്‍ 48 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പൈറസി നടത്തുന്നവര്‍ക്ക് അവര്‍ 3 ലക്ഷം മുതല്‍ പൈറസി ചെയ്ത കണ്ടന്റിന്റെ നിര്‍മ്മാണ മൂല്യത്തിന്റെ അഞ്ച് ശതമാനം തുകവരെ പിഴയായി നല്‍കേണ്ടി വരും. ഒരു കണ്ടന്റിന്റെ കോപ്പിറൈറ്റ് ഉടമയ്ക്കോ അയാള്‍ ചുമതലപ്പെടുത്തുന്ന ആള്‍ക്കോ പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി നോഡല്‍ ഓഫീസര്‍ക്ക് പരാതി നല്‍കാം. അതേ സമയം പകര്‍പ്പവകാശം ഇല്ലാത്ത ഒരു സാധാരണ വ്യക്തി പരാതി നല്കിയാല് നോഡല്‍ ഓഫീസര്‍ക്ക് പരാതിയുടെ സാധുത നിര്‍ണ്ണയിക്കാന്‍ ഹിയറിംഗുകള്‍ നടത്താവുന്നതാണ്. അത് അനുസരിച്ച് തീരുമാനവും എടുക്കാം.
യൂട്യൂബ്, ടെലിഗ്രാം ചാനലുകള്‍, വെബ്സൈറ്റുകള്‍ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് തുടങ്ങിയ എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് നോഡല്‍ ഓഫീസറില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ പൈറേറ്റഡ് ഉള്ളടക്കമുള്ള ഇന്റര്‍നെറ്റ് ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ പത്രകുറിപ്പ് പറയുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപനവും സിനിമകള്‍ സൗജന്യമായി കാണാനുള്ള ആഗ്രഹവും അടുത്തിടെ പെറസി കൂടാന്‍ കാരണമായി. അതിനാല്‍ തന്നെ പൈറസി കേസുകളില്‍ ഉടനടി നടപടിയെടുക്കാന്‍ കഴിയുന്ന സംവിധാനം സിനിമ വ്യവസായ രംഗത്ത് ആശ്വാസം നല്‍കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
