News
വിവാദ പാമര്‍ശം; ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലും കേസ്
വിവാദ പാമര്‍ശം; ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലും കേസ്
സനാതന ധര്‍മ്മത്തെ കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നടനും തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലെ മീരാ റോഡ് പോലീസ് സ്റ്റേഷനില്‍ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനും (ഐപിസി 153 എ), മതവികാരം വ്രണപ്പെടുത്തിയതിനുമാണ് (ഐപിസി 295 എ) എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ബിജെപി നേതാക്കളുടെ സംഘം ചൊവ്വാഴ്ച സംസ്ഥാന പോലീസിന് നിവേദനം കൈമാറിയിരുന്നു. ഉദയനിധി സ്റ്റാലിനെതിരെ കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശിലെ രാംപൂരില്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മറ്റൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഉദയനിധിയുടെ പരാമര്‍ശത്തെ പിന്തുണച്ചതിന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന് പ്രിയങ്ക് ഖാര്‍ഗെയെയും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാറിലെ മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഉദയനിധിക്കെതിരെ മറ്റൊരു പരാതി കൂടി ഫയല്‍ ചെയ്തിട്ടുണ്ട്.സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ ഉദയനിധി അതിനെ തുടച്ചുനീക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.
‘സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നതിന് പകരം അതിനെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. സനാതന എന്ന പേര് സംസ്കൃതത്തില്‍ നിന്നാണ് വന്നത്. ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്,’ എന്നാണ് ഉദയനിധി പറഞ്ഞത്. ഉദയനിധിയുടെ പരാമര്‍ശം ദേശീയ തലത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. എന്നാല്‍, തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നതായി ഉദയനിധി വ്യക്തമാക്കി.
