News
‘ബിടിഎസ്: യെറ്റ് ടു കം ഇന്‍ സിനിമാസ് ‘; ഇനി തിയേറ്ററുകളിലേയ്ക്ക്
‘ബിടിഎസ്: യെറ്റ് ടു കം ഇന്‍ സിനിമാസ് ‘; ഇനി തിയേറ്ററുകളിലേയ്ക്ക്
പ്രശസ്ത ദക്ഷിണ കൊറിയന്‍ മ്യുസിക് ബാന്‍ഡ് ആയ ബിടിഎസിന്റെ ലൈവ് കണ്‍സെര്‍ട്ട് സിനിമാരൂപത്തില്‍ പുറത്തിറങ്ങുന്നു. ഈ വര്‍ഷം ആദ്യം ബുസാനില്‍ നടന്ന ലൈവ് കണ്‍സെര്‍ട്ട്, അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആണ് ബിഗ്സ്ക്രീനില്‍ എത്തുക. ‘ബിടിഎസ്: യെറ്റ് ടു കം ഇന്‍ സിനിമാസ് ‘ എന്ന പേരില്‍ ദക്ഷിണ കൊറിയയിലെ പ്രശസ്ത ഫിലിം ഡിസ്ട്രിബ്യൂട്ടര്‍ ആയ സിജിവി ആണ് ചിത്രം പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് വില്പന ജനുവരി 11 മുതല്‍ ആരംഭിക്കും. ഫെബ്രുവരി ഒന്ന് മുതല്‍ 110ലധികം രാജ്യങ്ങളില്‍ ചിത്രം തിയേറ്ററുകളിലെത്തും.
ഒക്ടോബര്‍ 15ന് തെക്കന്‍ തുറമുഖ നഗരമായ ബുസാനില്‍ നടന്ന ബാന്‍ഡിന്റെ ‘ബിടിഎസ് : യെറ്റ് ടു കം’ സംഗീത പരിപാടിയില്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ പങ്കെടുത്തിരുന്നു. കോവിഡ് വ്യാപനത്തിന് ശേഷം ബാന്‍ഡ് കൊറിയയില്‍ സംഘടിപ്പിച്ച ഏറ്റവും വലിയ പരിപാടി ആയിരുന്നു ഇത്. ബാന്‍ഡിലെ എല്ലാ അംഗങ്ങളും അവസാനമായി ഒത്തുകൂടിയ പരിപാടി എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.
ഗ്രൂപ്പിലെ മുതിര്‍ന്ന അംഗം ജിന്‍ കഴിഞ്ഞ ആഴ്ച നിര്‍ബന്ധിത സൈനിക സേവനത്തിനായി പോയിരുന്നു. ബാന്‍ഡിന്റെ പുതിയ ഗാനം ‘റണ്‍’ ബിടിഎസ് ആദ്യമായി അവതരിപ്പിച്ചതും ഈ പരിപാടിയിലായിരുന്നു. കൂടാതെ ‘ഡൈനാമൈറ്റ്’, ‘ബട്ടര്‍’, ‘ഐഡോള്‍’, ‘മാപ്പ് ഓഫ് ദി സോള്‍: 7 ‘ ‘ബോയ് വിത്ത് ലവ്’ തുടങ്ങിയ ഗാനങ്ങളും അവതരിപ്പിച്ചിരുന്നു. ഈ സംഗീതപരിപാടിയിലെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 103 മിനിറ്റാണ് സിനിമയുടെ ആകെ ദൈര്‍ഘ്യം.
നൂതന ഓഡിയോ സംവിധാനങ്ങളുള്ള 4DX, screenX, 4DX സ്ക്രീന്‍ എന്നിവയുള്‍പ്പെടെ പ്രീമിയം തിയേറ്ററുകള്‍ക്കായി ഗുണനിലവാരമുള്ള പതിപ്പുകള്‍ ആണ് നിര്‍മ്മിക്കുക എന്ന് സിജിവി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അതിനായി 14 പ്രത്യേക ക്യാമറകള്‍ ഉപയോഗിച്ച് അംഗങ്ങളുടെ പല തരത്തിലുള്ള ഷോട്ടുകള്‍ എടുത്തിട്ടുണ്ട്.
‘ബേണ്‍ ദി സ്റ്റേജ്: ദി മൂവി’, ‘ബ്രിംഗ് ദി സോള്‍: ദി മൂവി’, ‘ബ്രേക്ക് ദ സൈലന്‍സ്: ദി മൂവി’, ‘പെര്മിഷന് ടു ഡാന്‍സ് സിയോള്‍: ലൈവ് വ്യൂവിംഗ്’ എന്നിവക്ക് ശേഷമുള്ള ബിടിഎസിന്റെ അഞ്ചാമത്തെ സ്ക്രീന്‍ റിലീസ് ആണിത്. എല്ലാ ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ആരധകര്‍ക്കിടയില്‍ ലഭിച്ചിട്ടുള്ളത്.
