Malayalam
അവന്‍ ചിരിക്കുമ്പോള്‍ ആ പാട് തെളിഞ്ഞു കാണാമായിരുന്നു, അത് എന്റെ മുഖത്ത് തന്നിട്ട് അവന്‍ അങ്ങ് പോയി; ഇന്നിവിടെയിരിക്കുന്നത് ദൈവാധീനം കൊണ്ടാണെന്ന് ബിനു അടിമാലി
അവന്‍ ചിരിക്കുമ്പോള്‍ ആ പാട് തെളിഞ്ഞു കാണാമായിരുന്നു, അത് എന്റെ മുഖത്ത് തന്നിട്ട് അവന്‍ അങ്ങ് പോയി; ഇന്നിവിടെയിരിക്കുന്നത് ദൈവാധീനം കൊണ്ടാണെന്ന് ബിനു അടിമാലി
മലയാളത്തിന്റെ പ്രിയ താരം കൊല്ലം സുധി വിടപറഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. പ്രോഗ്രാം കഴിഞ്ഞ് തിരികെയുള്ള യാത്രയില്‍ കാര്‍ അപകടത്തില്‍ പെട്ടാണ് സുധി മരിക്കുന്നത്. സുധിയുടെ കൂടെ അപകടത്തില്‍പ്പെട്ട ബിനു അടിമാലി അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണിപ്പോള്‍.
അപകട ദിവസം കാറിന്റെ മുന്‍സീറ്റില്‍ നിന്നും സുധി മാറി ഇരുന്നതേ ഇല്ലെന്നായിരുന്നു ബിനു പറയുന്നത്. മാത്രമല്ല സുധിയുടെ കവിളിലുണ്ടായിരുന്ന ഒരു മുറിവിന്റെ പാട് അതുപോലെ തന്റെ മുഖത്തും വന്നിരിക്കുകയാണെന്നും ശരിക്കും അന്ന് നടന്ന സംഭവമെന്താണെന്നും ബിനു പറയുന്നു. പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
ആക്‌സിഡന്റ് ഉണ്ടായ ദിവസം നമുക്കെന്തോ സംഭവിക്കാന്‍ പോവുകയാണെന്ന തോന്നല്‍ മനസിലുണ്ടായി. അന്ന് സുധി വണ്ടിയുടെ ഫ്രന്റ് സീറ്റില്‍ ഇരിക്കുകയാണ്. എന്നും ഞാന്‍ ആണ് ഇരിക്കുന്നത്. അന്നേ ദിവസം ഇവന്‍ എന്ത് ചെയ്താലും അവിടെ നിന്നും മാറില്ല, അവിടെ തന്നെ ഇരിക്കുന്നു. ആ യാത്രയില്‍ നമ്മള്‍ പല ഇടത്തും വണ്ടി നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. ഞങ്ങള്‍ ഉള്ളിലേക്ക് കയറുമ്പോഴും ഇവന്‍ വേഗം തന്നെ വണ്ടിയുടെ മുന്‍ സീറ്റില്‍ കയറിയിരിക്കും. തിരിച്ച് ഇങ്ങോട്ട് വരുമ്പോഴും ഇങ്ങനെ തന്നെയായിരുന്നു.
മഹേഷ് കുഞ്ഞുമോന്റെ കാര്യവും ഇങ്ങനെയാണ്. വളരെ അത്ഭുതകരമായിട്ടുള്ള കലാകാരനാണ്. അങ്ങോട്ട് പോയപ്പോള്‍ വേറെ വണ്ടിയില്‍ പോയ ആളാണ് മഹേഷ്. തിരിച്ച് പോന്നപ്പോഴാണ് ഞങ്ങളുടെ വണ്ടിയില്‍ കയറിയത്. ഇന്ന് ഞാന്‍ നിങ്ങളുടെ കൂടെ വരാം. എറണാകുളം വരെ കുറേ തമാശ കേട്ട് ചിരിക്കാന്‍ ഉണ്ട് എന്നും പറഞ്ഞാണ് മഹേഷ് ഞങ്ങളുടെ കൂടെ കയറിയത്. അപ്പോഴും സുധി എന്നെ മുന്നില്‍ ഇരുത്തിയില്ല. അന്ന് സംഭവിച്ചതെല്ലാം ഓരോ നിമിത്തങ്ങള്‍ ആയിരുന്നുവെന്നാണ് ബിനു പറയുന്നത്.
സുധിയുടെ മുഖത്ത് ഒരു പാടുണ്ടായിരുന്നു. ഇപ്പോള്‍ എന്റെ മുഖത്തും അങ്ങനൊരു പാടുണ്ട്. അവന്റെ മുഖത്ത് എവിടെയാണോ ആ പാടുള്ളത് അതേ സ്ഥലത്ത് ആണ് എനിക്കും ആ പാട് വന്നിരിക്കുന്നത്. ചിരിക്കുമ്പോള്‍ ഇത് തെളിഞ്ഞു കാണാമായിരുന്നു. ആ പാട് എന്റെ മുഖത്ത് തന്നിട്ട് അവന്‍ അങ്ങ് പോയി. അതില്‍ നിന്നും നമ്മള്‍ ഇപ്പോളും റിക്കവര്‍ ആയിട്ടില്ല.
മനസ്സ് കൊണ്ട് നമ്മളൊക്കെ ദുര്‍ബലന്മാര്‍ ആയതുകൊണ്ട് ഏതെങ്കിലുമൊക്കെ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇതൊക്കെ അങ്ങ് കേറിവരും. അവര്‍ക്ക് അങ്ങനെ പറ്റി എനിക്ക് ഒന്നും പറ്റിയില്ല എന്നതല്ല. പക്ഷെ ദൈവാധീനം കൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ ഇരിക്കുന്നത്. ഞാനും അവനും ഒരുമിച്ചുണ്ടായിരുന്നു, പക്ഷെ അന്ന് അവന്റെ ദിവസമായിരുന്നു എന്നും ബിനു അടിമാലി പറയുന്നു.
ആരോടും ഒരു പരാതിയോ പരിഭവമോ ഇടിച്ച് കയറ്റമോ പരാതി പറയലോ, ഒരാളെ പറ്റി കുറ്റം പറയുകയോ ചെയ്യാത്ത ആളാണ് സുധി. ഞാനൊക്കെ അവനെ പറ്റി എന്തെങ്കിലും കുറ്റം പറഞ്ഞാല്‍ പോലും ചുമ്മാ ചിരിക്കും. ബോഡി ഷെയിമിങ്ങ് എന്നൊക്കെ മറ്റുള്ളവര്‍ പറയുമെങ്കിലും ഞങ്ങള്‍ക്കിടയില്‍ അതൊക്കെ ആസ്വദിക്കുന്ന കാര്യങ്ങളാണെന്ന് ബിനു സൂചിപ്പിച്ചു.
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി നിര്‍ത്തിയായിരുന്നു സുധിയുടെ വിയോഗം. അതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ ഏറെ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. നേരത്തെ തന്നെ വീട് വയ്ക്കാന്‍ സഹായവുമായി പലരും വന്നെങ്കിലും സ്ഥലം ആയിരുന്നു പ്രശ്‌നം ഇപ്പോള്‍ വീട് വയ്ക്കാന്‍ സ്ഥലം സൌജന്യമായി നല്‍കിയിരിക്കുകയാണ് ഒരു പുരോഹിതന്‍.
അംഗ്ലീക്കന്‍ സഭയുടെ മിഷണറി ബിഷപ്പായ നോബിള്‍ ഫിലിപ്പ് അമ്പലവേലിലാണ് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ ഏഴു സെന്റ് സ്ഥലം ദാനം നല്‍കിയത്. സുധിയുടെ മക്കളായ റിതുലിന്റേയും രാഹുലിന്റേയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുധിയുടെ ഭാര്യ രേണുവും മകന്‍ രാഹുലും അത് സംബന്ധിച്ച രേഖകള്‍ നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ നിന്നും ഏറ്റുവാങ്ങി.
കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിതു കൊടുക്കുന്നത്. തന്റെ കുടുംബസ്വത്തില്‍ നിന്നുള്ള സ്ഥലമാണ് സുധിക്കും കുടുംബത്തിനും നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്‌ട്രേഷന്‍ പൂര്‍ണമായും കഴിഞ്ഞു. സുധിയുടെ മക്കളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയതെന്നും വീടുപണി ഉടന്‍ ആരംഭിക്കുമെന്നും ബിഷപ്പ് നോബിള്‍ ഫിലിപ്പ് പറഞ്ഞിരുന്നു.