Malayalam
കുറച്ച് സീരിയസാണ്, ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഌയിഡ് തലയില്‍ നിന്നും വന്നു കൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്; പിന്നീട് സംഭവിച്ചത്; തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് മുകേഷ്
കുറച്ച് സീരിയസാണ്, ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഌയിഡ് തലയില്‍ നിന്നും വന്നു കൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്; പിന്നീട് സംഭവിച്ചത്; തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് മുകേഷ്
മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് മുകേഷ്. സിനിമയിലും രാഷ്ട്രീയത്തിലും വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മാത്രമലല്, അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ വഴി നടന്‍ പങ്കുവെയ്ക്കുന്ന സിനിമാ വിശേഷങ്ങളും ഓര്‍മ്മകളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മുകേഷ് ചെയ്തിട്ടുണ്ട്.അഭിനയത്തിലൂടെ മാത്രമല്ല. തന്റെ കഥ പറച്ചിലൂടേയും മുകേഷ് കയ്യടി നേടാറുണ്ട്. തമാശരൂപേണയാണ് മുകേഷ് പല കഥകളും അവതരിപ്പിക്കാറുള്ളത്.
ഇപ്പോഴിതാ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് പരുക്കേറ്റത്തിന്റെ കഥ പറയുകയാണ് മുകേഷ്. മാന്യന്മാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് അദ്ദേഹം പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ആ കഥ പങ്കുവച്ചത്. ചിത്രത്തിലെ ഒരു ഫൈറ്റ് രംഗത്തിനിടെയായിരുന്നു മുകേഷിന് പരുക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്ന് താരം ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ആശുപത്രിയില്‍ വച്ചുണ്ടായ അനുഭവമാണ് മുകേഷ് പങ്കുവെക്കുന്നത്.
കാര്‍ ചെറിയൊരു വഴിയില്‍ കൂടെ കയറി ഒരു സ്ഥലത്തു കൊണ്ടു നിര്‍ത്തി. കണ്ടിട്ട് പക്ഷെ ആശുപത്രി പോലെ തോന്നിയില്ല. ചെറിയൊരു വീട്. ഇതാണോ ആശുപത്രിയെന്ന് ചോദിച്ചു. അതെ, ഭയങ്കര ഡോക്ടര്‍ ആണെന്നും ഇതിന്റെ സ്‌പെഷ്യലിസ്റ്റാണെന്നും പ്രൊഡക്ഷനിലെ പുള്ളി പറഞ്ഞു. ഭയങ്കര വേദനയാണെന്നും ഷൂട്ടിലുള്ളവര്‍ കാത്തു നില്‍ക്കുകയാണെന്നും പറഞ്ഞ് ഞാന്‍ ഇറങ്ങി.
ആശുപത്രിയില്‍ കയറിയപ്പോള്‍ കുറേ പേര്‍ ഇരുന്ന് ക്യാരംസ് കളിക്കുന്നുണ്ട്. ചോദിച്ചപ്പോള്‍ രണ്ടും കൂടെ ഒരുമിച്ചാണെന്നാണ് പറഞ്ഞത്. നെഹ്‌റു സ്‌പോട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബും ആശുപത്രിയും. മുന്നിലെ രണ്ട് മുറി വാടകയ്ക്ക് കൊടുത്തതാണ്. ആശുപത്രി അകത്താണ്. അവിടെ ചെന്നപ്പോള്‍ രണ്ട് നഴ്‌സുമാരാണ് ഉണ്ടായിരുന്നത്. ഡോക്ടര്‍ പോയിരുന്നു. ഞങ്ങള്‍ ഡ്രസ് ചെയ്ത് തരാമെന്ന് അവര്‍ പറഞ്ഞു. തൊട്ടു പോകരുത് എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി. പുറത്ത് വന്ന പ്രൊഡക്ഷനിലെ പയ്യനെ ചീത്തയും വിളിച്ചു. വണ്ടി നേരെ ഏറ്റവും വലിയ ആശുപത്രിയിലേക്ക് തന്നെ വിടെന്ന് പറഞ്ഞു.
വണ്ടി കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റലിലേക്ക് പോയി. അപ്പോഴേക്കും നല്ല വേദനയായി. കണ്ണ് മലക്കാനൊക്കെ തുടങ്ങി. അവിടെ ചെന്നപ്പോള്‍ പ്രധാന ഡോക്ടറില്ലായിരുന്നു. ഡ്യൂട്ടി ഡോക്ടറായിരുന്നു. പറ്റില്ല പ്രധാന ഡോക്ടറെ വിളിക്കാന്‍ പറഞ്ഞു. അദ്ദേഹം വരാമെന്ന് പറഞ്ഞു. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാര്‍ ഷേവിംഗിനുള്ള സാധനങ്ങളുമായി വന്നു. ഞാന്‍ കരുതി ഇവര്‍ക്കിത് വീട്ടില്‍ വച്ച് ചെയ്തൂടായിരുന്നില്ലേ എന്ന്. പക്ഷെ അവര്‍ എന്റെ നേരെയാണ് വന്നത്. തല ഷേവ് ചെയ്യേണ്ടി വരുമെന്ന് അവര്‍ പറഞ്ഞു. പക്ഷെ ഞാന്‍ സമ്മതിച്ചില്ല, ഷൂട്ടിംഗിന്റെ കണ്ടിന്യുറ്റി പോകും.
പിന്നെയാണ് പ്രധാന ഡോക്ടര്‍ വന്നത്. ഷേവ് ചെയ്യാതെ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ കാണുന്നത് ഡോക്ടറും മറ്റുള്ളവരും തമ്മില്‍ ഭയങ്കരമായ ചര്‍ച്ച നടക്കുന്നതാണ്. ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടില്ല എന്നൊക്കെ പറയുന്നുണ്ട്. ഞാന്‍ ടെന്‍ഷനായി. പ്രധാന ഡോക്ടര്‍ അടുത്തു വന്നു. കുറച്ച് സീരിയസാണ്. ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഌയിഡ് തലയില്‍ നിന്നും വന്നു കൊണ്ടിരിക്കുകയാണ്. അകത്ത് എന്തെങ്കിലും തകരാര്‍ സംഭവിച്ചോ എന്നറിയില്ല. വലിയ മുറിവല്ല, പക്ഷെ സ്റ്റിച്ച് ഇടേണ്ടി വരും. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടു പോകണം.
പെട്ടെന്ന് എനിക്ക് ഓര്‍മ്മ വന്നു. അത് അകത്തു നിന്നും വരുന്ന ഫഌയിഡ് അല്ല. മുറിവ് പറ്റിയാല്‍ ഫൈറ്റേഴ്‌സ് മേക്കപ്പ് മാന്‍ താടി ഒട്ടിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഗം എടുത്ത് ഒഴിക്കുന്ന പതിവുണ്ട്. അതാണ്. വര്‍ഷങ്ങളായി ചെയ്യുന്ന രീതിയാണ് എന്ന് ഞാന്‍ പറഞ്ഞു. ഡോക്ടര്‍ക്ക് ദേഷ്യം വന്നു. അറസ്റ്റ് ചെയ്യണം അവരെ. തലയില്‍ ഗം ഇടുന്നുവോ അതും എത്രയോ കാലം പഴക്കമുള്ളത്! അദ്ദേഹം വേഗം തന്നെ ഗം ക്ലീന്‍ ചെയ്യാന്‍ പറഞ്ഞു. എന്റെ നിലവിളി കാരണം കോസ്‌മോപൊളിറ്റന്‍ ആശുപത്രി ഒന്ന് ചെരിഞ്ഞുവെന്നാണ് പറയപ്പെടുന്നത്.
അപ്പോഴേക്കും ഡോക്ടറുടെ ദേഷ്യം മാറി ചിരിയായി. തന്റെ കരിയറില്‍ ഇതുപോലൊരു കേസ് ആദ്യമായിട്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. ക്ലീന്‍ ചെയ്ത ശേഷം മുറിവില്‍ സ്റ്റിച്ചിട്ടു. എന്റെ അടുത്ത നിലവിളിയോടെ നേരത്തെ ചെരിഞ്ഞു പോയ ആശുപത്രി നേരെയായെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അത്രമാത്രം വേദനയായിരുന്നു. ഇറങ്ങാന്‍ നേരം ഡോക്ടര്‍ അടുത്തു വന്നു, സിനിമാക്കാരോട് പറയണം, മേലാല്‍ തലയ്ക്ക് താഴേക്ക് എന്ത് വേണമെങ്കിലും ചെയ്‌തോളൂ, പക്ഷെ തലയില്‍ ഗമ്മോ വേറെ എന്തെങ്കിലും ഇട്ടാല്‍ അവരെ ഞാന്‍ ജയിലിലാക്കും. തെമ്മാടിത്തരമാണ് എന്ന് ഡോക്ടര്‍ പറഞ്ഞു.