Malayalam
കാവ്യയെ പറഞ്ഞ് പഠിപ്പിച്ചെങ്കിലും അയ്യോ എനിക്കിത് പറ്റില്ല എന്ന് പറഞ്ഞ് പോയി, വിജയിച്ചത് മഞ്ജു വാര്യര്‍ തന്നെ!; ഭാഗ്യലക്ഷ്മി
കാവ്യയെ പറഞ്ഞ് പഠിപ്പിച്ചെങ്കിലും അയ്യോ എനിക്കിത് പറ്റില്ല എന്ന് പറഞ്ഞ് പോയി, വിജയിച്ചത് മഞ്ജു വാര്യര്‍ തന്നെ!; ഭാഗ്യലക്ഷ്മി
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാഗ്യലക്ഷ്മി. നിരവധി ചിത്രങ്ങളിലൂടെ നായികമാര്‍ക്ക് ശബ്ദം നല്കിയ ഭാഗ്യലക്ഷ്മി ഇന്നും സിനിമയില്‍ സജീവമാണ്. ഇടയ്ക്ക് വെച്ച് ബിഗ്ബോസ് മലയാളം സീസണ് മൂന്നിലും താരം എത്തിയിരുന്നു. ഇതോടെയായിരുന്നു ഭാഗ്യലക്ഷ്മിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. മികച്ച പ്രകടനം കാഴ്ചവെച്ച ഭാഗ്യലക്ഷ്മി 49ാം ദിവസമാണ് ഷോയില്‍ നിന്നും പുറത്തായത്. ഇതിലൂടെ നിരവധി വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കുകളും താരം നേരിട്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ഭാഗ്യ ലക്ഷ്മിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. നാല് പതിറ്റാണ്ടുകളില്‍ ഏറെ ആകുന്നു ഭാഗ്യലക്ഷ്മി എന്ന ശബ്ദ സൗന്ദര്യം മലയാള സിനിമയുടെ ഭാഗം ആയിട്ട്. വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയ നായികമാരുടെ അഭിനയത്തിന് മിഴിവേകിയതില്‍ ഭാഗ്യലക്ഷ്മിയുടെ പങ്ക് ചെറുതൊന്നുമല്ല.
ശോഭന, ഉര്‍വശി, രേവതി തുടങ്ങിയ നടിമാരുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളെടുത്താല്‍ ഇവയില്‍ പലതിലും ഡബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്. ഒരു കാലഘട്ടത്തില്‍ പ്രിയദര്ശന് സിനിമകളിലെ നായികമാരില്‍ മിക്കവര്‍ക്കും ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മി തന്നെയാണ്. അതേസമയം നായികമാര്‍ സ്വന്തം ശബ്ദം ഉപയോഗിക്കണമെന്ന അഭിപ്രായക്കാരിയായിരുന്നു ഭാഗ്യലക്ഷ്മി. ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ ഭാഗ്യലക്ഷ്മി സംസാരിച്ചിട്ടുമുണ്ട്.
പാര്‍വതി, കാവ്യ മാധവന് തുടങ്ങിയ നടിമാരെയെല്ലാം സ്വന്തം ശബ്ദം സിനിമയ്ക്ക് ഉപയോഗിക്കാന്‍ താന്‍ ഉപദേശിച്ചിരുന്നെന്ന് ഭാഗ്യലക്ഷ്മി തുറന്ന് പറയുകയുമുണ്ടായി. ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ഭാഗ്യലക്ഷ്മി ഇതേ കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ ആ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. പാര്‍വതി ഡബ്ബിംഗിന് എന്റെ കൂടെ വന്നപ്പോള്‍ സ്വന്തമായി ചെയ്യണം, നിനക്ക് ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ പറഞ്ഞു.
മൈക്കിന് മുന്നില്‍ നിര്‍ത്തി ഞാന്‍ പഠിപ്പിച്ച് കൊടുത്തു. പാര്‍വതിയുടെ പ്രശ്നം വളരെ ലോ വോയ്സിലേ സംസാരിക്കൂ എന്നതാണ്. ദേഷ്യപ്പെടുന്ന സീനില്‍ മുഖത്ത് എക്സ്പ്രഷനുണ്ടെങ്കിലും ശബ്ദത്തില്‍ പരിധിയില്‍ കൂടുതല്‍ മനസിലാവില്ല. കാവ്യ മാധവനെയും ഞാന്‍ ഇതുപോലെ തന്നെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്ത് പറഞ്ഞ് പഠിപ്പിച്ചു. പക്ഷെ അയ്യോ എനിക്കിത് പറ്റില്ല എന്ന് പറഞ്ഞ് കാവ്യയും പോയി.
അതിലെപ്പോഴും വിജയിച്ചത് മഞ്ജു വാര്യര്‍ തന്നെയാണ്. തൂവല്‍ക്കൊട്ടാരം ചെയ്യുന്ന സമയത്താണ് മഞ്ജു ഡബ്ബിംഗ് തിയേറ്ററില്‍ വന്ന് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. എനിക്ക് എന്റെ ശബ്ദം വേണമെന്ന വാശിയും ഉണ്ടായിരുന്നു. പലരും മലയാളത്തിലെ ഏറ്റവും നല്ല നടി മഞ്ജു വാര്യര്‍ ആണെന്ന് പറയുന്നു. തീര്‍ച്ചയായും മഞ്ജു നല്ല നടിയാണ്. പക്ഷെ അതോടൊപ്പം നല്ല കഴിവുള്ള ഒരുപാട് നടിമാരുണ്ട്.
പലപ്പോഴും ആളുകള്‍ അത് പൂര്‍ണമായും അംഗീകരിക്കാത്തത് മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുന്നത് കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. അവരുടെ ശബ്ദം തന്നെ ആയിരുന്നെങ്കില്‍ അവരെയും ആളുകള്‍ വളരെ നല്ല നടി എന്ന് പറഞ്ഞേനെ. ഉര്‍വശിയൊക്കെ എത്രയോ നല്ല കഥാപാത്രങ്ങള്‍ ചെയ്തു. പക്ഷെ സ്വന്തമായി ശബ്ദം കൊടുത്ത് തുടങ്ങിയ ശേഷം അവര്‍ക്ക് നല്ല കഥാപാത്രം കിട്ടിയില്ലെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
മനോഹരമായ ശബ്ദമുള്ളവര്ക്കേ ഡബ് ചെയ്യാവൂ എന്ന രീതി സിനിമയിലുണ്ടായിരുന്നു. എന്നാല്‍ പണ്ട് ഷീലയും ജയഭാരതിയുമെല്ലാം സ്വന്തം ശബ്ദത്തില്‍ സംസാരിച്ചപ്പോള്‍ ആളുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി അന്ന് ചൂണ്ടിക്കാട്ടി. മലയാളത്തില്‍ ഒരു കാലഘട്ടത്തില്‍ സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യാന്‍ സാധിച്ച ചുരുക്കം നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇന്ന് തമിഴ് സിനിമകളിലും മഞ്ജു സ്വന്തമായി ഡബ് ചെയ്യുന്നു. അസുരന് എന്ന സിനിമയില്‍ പ്രാദേശിക മധുര തമിഴ് ശൈലിയെല്ലാം അനായാസമായി നടി പഠിച്ചെടുത്തു.
അതേസമയം, അടുത്തിടെ തന്റെ ശബ്ദം കാത്ത് സൂക്ഷിക്കാന്‍ ഭാഗ്യല്ക്ഷ്മി ചെയ്യാറുള്ള കാര്യങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. അന്നോക്കെ ശബ്ദത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ശബ്ദത്തിന് വേണ്ടി ആരെന്ത് പറഞ്ഞാലും അനുസരിക്കുമായിരുന്നു. പുളിയുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കിയിരുന്നു. അതേ പോലെ എണ്ണമയമുള്ള പലഹാരങ്ങളോ എണ്ണയില്‍ വറുത്ത സാധനങ്ങളോ ഒന്നും കഴിക്കാറില്ലായിരുന്നു.
എണ്ണ തൊണ്ടയിലുണ്ടെങ്കില്‍ ശബ്ദത്തിന് കരകരപ്പ് വരും. സ്വരം നന്നായി നിലനിര്‍ത്തുന്നതിന് വിന്‍സെന്റ് മാഷ് നല്കിയ ടിപ്സിനെക്കുറിച്ചും ഭാഗ്യലക്ഷ്മി അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് പാലില്‍ ഇത്തിരി കുരുമുളകും ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഇട്ട് കുടിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. കുറേനാളായി അങ്ങനെ ചെയ്തതോടെയാണ് ശബ്ദം കുറച്ചുകൂടി ക്ലിയറായത്.
