News
ദിലീപിനെതിരെ തെളിവില്ലെന്ന് ശ്രീലേഖ ഐപിഎസിനും അടൂര്‍ ഗോപാലകൃഷ്ണനും എങ്ങനെ അറിയാം; എന്തുകൊണ്ട് ഇവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി
ദിലീപിനെതിരെ തെളിവില്ലെന്ന് ശ്രീലേഖ ഐപിഎസിനും അടൂര്‍ ഗോപാലകൃഷ്ണനും എങ്ങനെ അറിയാം; എന്തുകൊണ്ട് ഇവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി
മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്. കേരളത്തിലെ സമാന്തര സിനിമയുടെ പതാകവാഹകനോക്കെ ആയിട്ടാണ് അടൂരിനെ വിശേഷിപ്പിക്കാറുള്ളത്. കേരളത്തിന് പുറത്തും വിദേശത്തുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ് അടൂരിന്റെ പല സിനിമകളും. സ്വയംവരം, കൊടിയേറ്റം, മതിലുകള്‍, വിധേയന്, നാല് പെണ്ണുങ്ങള് തുടങ്ങിയ സിനിമകളെല്ലാം അടൂര്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചതാണ്.
അതേസമയം, അടുത്തിടെയായി വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സംവിധായകന്. കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിലെ പ്രതിഷേധങ്ങളില്‍ അടൂര്‍ നടത്തിയ പ്രതികരണങ്ങളും പരാമര്‍ശങ്ങളും മോഹന്‍ലാലിനെതിരെ നടത്തിയ ഗുണ്ടാ പരാമര്‍ശവും, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പരസ്യമായി പിന്തുണച്ചതുമെല്ലാം വിവാദങ്ങളുടെ ആക്കം കൂട്ടിയിരിക്കുകയാണ്.
ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെയാണ് ദിലീപിനെതിരെ യാതൊരു തെളിവുമില്ലെന്ന് പറയുന്നത്. എന്തുകൊണ്ട് ഇവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ല.
ദിലീപിനെതിരെ തെളിവില്ലെന്ന് ശ്രീലേഖ ഐപിഎസിനും അടൂര്‍ ഗോപാലകൃഷ്ണനും എങ്ങനെ അറിയാമെന്നും ഭാഗ്യലക്ഷമി ചോദിച്ചു. അതിജീവിതയുടെ സഹോദരന് അടൂരിനെ വിമര്‍ശിച്ചതിന് പിന്നാലെ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷമി. ദിലീപിന് മാത്രമേ മാനവും അഭിമാനവും കുടുംബവുമൊക്കെയൊളളൂ. അതിജീവിതയ്ക്ക് ഇതൊന്നുമില്ലെ. പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ല.
ശ്രീലേഖ ഐപിഎസും അടൂരും പുരുഷമേധാവിത്വത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. സിനിമയില്‍ നമ്മള് കാണുന്നവരെല്ലാം നല്ലവരാണ്. അതിന് പുറത്ത് എല്ലാ മനുഷ്യന്റെ ഉള്ളിലും മറ്റൊരു കഥാപാത്രമുണ്ടെന്നും ഭാഗ്യലക്ഷമി കൂട്ടിച്ചേര്‍ത്തു. ഇതിനോടകം തന്നെ ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
അതേസമയം, ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അടൂര്‍ ഗോപാലകൃഷ്ണനെ വിമര്‍ശിച്ച് അതിജീവിതയുടെ സഹോദരന് രംഗത്തെത്തിയത്. കേസില്‍ അങ്ങയുടെ പ്രതികരണം കണ്ടപ്പോള്‍ ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടിയെന്ന സഹതാപത്തോടെ നോക്കിക്കാണുകയാണെന്ന് അതിജീവിതയുടെ സഹോദരന് വിമര്‍ശിച്ചു.
‘കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസില്‍ ഇത്രയും ആധികാരികമായി അങ്ങ് വിധി പറയണമെങ്കില്‍ രണ്ടു കാരണങ്ങളാണ് ഉണ്ടായിരിക്കുക. ആദ്യത്തേത് പ്രസ്തുത നടനോടുള്ള അന്ധമായ ആരാധന. രണ്ടാമത്തേത് കോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ച് താങ്കള്‍ക്ക് ഒന്നും തന്നെ അറിയില്ലെന്ന പച്ച പരമാര്‍ത്ഥം’, എന്നും അതിജീവിതയുടെ സഹോദരന് ഫേസ്ബുക്കില്‍ കുറിച്ചു.
നടി ആക്രമിച്ച കേസില്‍ അങ്ങയുടെ പ്രതികരണം കണ്ടപ്പോള്‍ ആദ്യം പ്രതികരിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നതാണ്. ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടിയെന്ന് സഹതാപത്തോടെ നോക്കിക്കാണുകയായിരുന്നു. പിന്നെ ഇപ്പോള്‍ പ്രതികരിക്കാനുള്ള കാരണം, താങ്കളെപ്പോലുള്ളവര്‍ ഇത്തര കുപ്രചരണം നടത്തുമ്പോള്‍ ഞങ്ങള്‍ പ്രതികരിക്കാതിരിക്കുന്നത് ഞങ്ങളുടെ കയ്യിലുള്ള തെറ്റ് കൊണ്ടാണോ അല്ലെങ്കില്‍ താങ്കളെപ്പോലുള്ളവരെ ഭയപ്പെടുന്നത് കൊണ്ടാണോ എന്നൊരു ചോദ്യം പ്രത്യക്ഷമായും പരോക്ഷമായും ഉയര്‍ന്നുവരുന്നത് കൊണ്ടാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന് രംഗത്തുവന്നിരുന്നത്. കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നായിരുന്നു അടൂരിന്റെ പ്രതികരണം. കേസിന് പിന്നില്‍ അറിയാന്‍ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. അങ്ങനെയൊന്നും അയാള്‍ ചെയ്യുമെന്ന് കരുതുന്നില്ല. ദിലീപിനെതിരെയുളള ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ല. ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂര്‍ പറഞ്ഞു.
ദിലീപിന് ആ കേസില്‍ പങ്കുണ്ടെന്നതിന് തെളിവ് എവിടെ. മുന്‍പൊരു സംഭവമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ചന്ദ്രശേഖര്‍ നായര്‍ ഓഡിറ്റോറിയത്തില്‍ സിനിമക്കാരുടെ വലിയൊരു പരിപാടി നടക്കുകയാണ്. ഐ എസ് ആര് ഒ ചാരക്കേസ് വിവാദം നടക്കുന്ന സമയത്താണത്. അന്ന് കെ കരുണാകരനാണ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത്. പരിപാടിക്ക് വന്ന കാണികള്‍ മുഴുവന്‍ അദ്ദേഹത്തെ കൂവി. ഞാന്‍ മാത്രമാണ് കൂവാതിരുന്നത്. എന്തിനാണ് ആളുകള്‍ അങ്ങനെ കൂവുകയും അദ്ദേഹത്തെ അപമാനിക്കുകയും ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല.
ഒടുവില്‍ അദ്ദേഹത്തിന് ആ കേസില്‍ യാതൊരു റോളും ഇല്ലെന്ന് തെളിയിക്കപ്പെട്ടു. മാധ്യമങ്ങള്‍ ചിലപ്പോഴൊക്കെ ഇങ്ങനെ ചെയ്യുന്നുണ്ട്. അത് ഒരിക്കലും നീതീകരിക്കാനാകാത്തതാണ്.ദിലീപ് നിരപരാധിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന്റെ കഥയൊന്നും ഞാന്‍ പറയുന്നില്ല. വ്യക്തിപരമായി ഇടപെട്ടൊരാള്‍ എന്ന നിലയില്‍ പറയുകയാണ്.
അങ്ങനെയൊന്നും അയാള്‍ ചെയ്തെന്ന് വരാന്‍ വഴിയില്ല. അതിന് പിന്നില്‍ അറിയാന്‍ വയ്യാത്ത കുറെ കാര്യങ്ങളുണ്ട്. ഞാന്‍ വിശ്വസിക്കുന്നത് ദിലീപിനെ ശിക്ഷിക്കാന്‍ ആവില്ലെന്നത് തന്നെയാണ്. കാരണം ദിലീപിനെതിരെ യാതൊരു തെളിവുമില്ല. ഒരാള്‍ പറഞ്ഞത് കൊണ്ടോ ഒരേ സമയത്ത് ഒരു ടവറിന് കീഴില്‍ വന്നത് കൊണ്ടോ ഒരാളെ ശിക്ഷിക്കാന്‍ പറ്റുമോ? ടവറിന് കീഴില്‍ എത്രയോ പേര് വരും? എന്നും അടൂര്‍ ഗോപാലകൃഷ്ണന് ചോദിച്ചിരുന്നു.
