Malayalam
വിവാഹത്തിന് ഇനി നാല് ദിനങ്ങള്‍ കൂടി, ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് സുരേഷ് ഗോപിയും കുടുംബവും പച്ച ലെഹങ്കയില്‍ സുന്ദരിയായി ഭാഗ്യ
വിവാഹത്തിന് ഇനി നാല് ദിനങ്ങള്‍ കൂടി, ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് സുരേഷ് ഗോപിയും കുടുംബവും പച്ച ലെഹങ്കയില്‍ സുന്ദരിയായി ഭാഗ്യ
നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകളുടെ വിവാഹം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് നടന്. കുടുംബത്തിലെ ആദ്യത്തെ വിവാഹം എന്ന നിലയിലും വളരെ ആഘോഷപൂര്‍വമായാണ് വിവാഹം. നാലു മക്കളില്‍ മൂത്തയാളായ ഭാഗ്യ സുരേഷ് ശ്രേയസ് മോഹന്റെ ഭാര്യയായി ജീവിതം ആരംഭിക്കുമ്പോള്‍ വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തും. ഗുരുവായൂരമ്പലത്തില്‍ വച്ചാണ് താരപുത്രിയുടെ കല്യാണം.
ഇനി നാലു ദിവസങ്ങള്‍ കൂടിയേ വിവാഹത്തിനുള്ളൂ. ജനുവരി 17നാണ് ഭാഗ്യയുടെ താലികെട്ട്. വിവാഹത്തിന് മുന്നോടിയായി ഒരു പാര്‍ട്ടി കുടുംബം സംഘടിപ്പിച്ചിരുന്നു. പച്ച ലഹങ്ക അണിഞ്ഞാണ് ഭാഗ്യയെ കാണാനായത്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഭാഗ്യയുടെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചത്. വിവാഹശേഷം ജനുവരി 20ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിവാഹ പാര്‍ട്ടി ഒരുക്കുവാനും സുരേഷ് ഗോപി പ്ലാന്‍ ചെയ്യുന്നുണ്ട്. ഭാഗ്യയുടെ വരന് ശ്രേയസ് മാവേലിക്കര സ്വദേശിയാണ്. ബിസിനസ് പ്രൊഫഷണലാണ്. കഴിഞ്ഞവര്‍ഷം സുരേഷ് ഗോപിയുടെ വീട്ടില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹ നിശ്ചയം നടന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 17ന് രാവിലെ ആറുമുതല്‍ ഒമ്പതുവരെ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. നേരത്തെ ബുക്ക് ചെയ്ത വിവാഹങ്ങള്‍ രാവിലെ ആറിനു മുമ്പോ ഒമ്പതിനു ശേഷമോ നടത്തേണ്ടിവരും. പൊലീസ് ഇത് സംബന്ധിച്ച് വിവാഹ പാര്‍ട്ടിക്കാര്‍ക്ക് നിര്‍ദേശം നല്കി. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.
രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ മോദി ഇറങ്ങും. റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 8.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ക്ഷേത്രനടയില്‍ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ ഒരുക്കുന്നത്. വെള്ളിയാഴ്ച എസ്.പി.ജി. കമാന്‍ഡോസ് എത്തും. നഗരത്തില്‍ രാവിലെ ആറുമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രനട വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടര്‍ വി.ആര്. കൃഷ്ണതേജ ക്ഷേത്ര പരിസരത്ത് സന്ദര്‍ശനം നടത്തി.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സുരേഷ് ഗോപി മകള്‍ക്ക് വിവാഹസമ്മാനമായി എന്തായിരിക്കും കൊടുക്കുന്നത്? ഭാഗ്യയെ പൊന്നില്‍ മൂടും, വിവാഹ സാരിയുടെ വില തന്നെ ലക്ഷങ്ങള്‍ ആയിരിക്കും!, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ‘ഞാന്‍ ഭയങ്കര എക്സൈറ്റഡാണ്. എങ്ങനെ ഒരു മകളെ ഒരുത്തന്റെ കൂടെ നിഷ്കരുണം പറഞ്ഞു വിടുന്നു എന്ന് ചോദിച്ച ഇടത്തുനിന്നും ഒരു മകളെ ഒരാളുടെ കൈ പിടിച്ചുകൊടുത്തു പുതുജീവിതത്തിലേക്ക് വിടുക എന്നുള്ളിടത്തേക്ക് മാറിയിരിക്കുന്നു ഞാന്‍. ആ മൊമെന്റിനു വേണ്ടി കാത്തിരിക്കുകയാണ്’ എന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്.
എന്നുകരുതി ഇപ്പോഴത്തെ വിവാഹങ്ങള്‍ പോലെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഒന്നുമുണ്ടാകില്ല. എന്റെ മകളുടെ വിവാഹം എങ്ങനെ ആയിരിക്കണമെന്ന് പണ്ട് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ എന്റെ ഭാര്യയുടെയും മക്കളുടെയും ഇഷ്ടം ഞാന്‍ നോക്കണം. ദൈവം എന്നെ അനുവദിക്കുന്ന തരത്തില്‍ ഞാന്‍ ഈ വിവാഹം നടത്തും. പണ്ടൊക്കെ ആര്‍ഭാട കല്യാണത്തിനു ഞാന്‍ എതിരായിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി, പണം ഉള്ളവന് മക്കളുടെ വിവാഹം ആര്‍ഭാടമായി തന്നെ നടത്തണമെന്ന്’.
‘ഞാന്‍ പണം ഉള്ളവനല്ല എന്നെക്കൊണ്ട് ആകുംപോലെ നടത്തും. അംബാനി അഞ്ഞൂറ് കൂടി ചെലവിട്ട് വിവാഹം നടത്തുമ്പോള്‍ പലവിധ വകുപ്പുകളിലേക്ക് ആണ് ആ പണം എത്തുന്നത്. അപ്പോള്‍ നമ്മള് മറിച്ചു ചിന്തിക്കുന്നത് ഒരു തെറ്റായ ചിന്താഗതി അല്ലെ. മാര്‍ക്കറ്റ് ഉണരണമെങ്കില്‍ അതി ധനികരായ അച്ഛനും അമ്മയ്ക്കും ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ടാകട്ടെ എന്നാണ് ആഗ്രഹം’.
പണ്ട് കല്യാണത്തിന് പോകുമ്പോള്‍ പെണ്‍കുട്ടിയെ അച്ഛനും അമ്മയും സന്തോഷത്തോടെ ഒരു ചെക്കന്റെ കൂടെ പറഞ്ഞയക്കുന്നതും ആ പെണ്‍കുട്ടി കരയുന്നതുമൊക്കെ കണ്ടിട്ടുണ്ട്. ആ സമയത്ത് എനിക്ക് വൈരാഗ്യം തോന്നിയിട്ടുണ്ട്. എങ്ങനെ അച്ഛനും അമ്മയ്ക്കും ഇത് സാധിക്കുന്നു എന്നോര്‍ത്ത്. ഒരുത്തന്റെ കൈയിലേക്ക് കൈ വെച്ച് കൊടുത്ത് അയക്കുകയല്ലേ. അതിന് ഞാന്‍ എതിരായിരുന്നു. എന്നാല്‍ എന്റെ കല്യാണം കഴിഞ്ഞ ശേഷം ആ ചിന്ത മാറി. പെണ്‍കുട്ടിയെ ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന ആണിന്റെ കൈയില്‍ ഏല്‍പ്പിച്ച് കൊടുക്കുന്നത് അച്ഛന്റെയും അമ്മയുടെയും കടമയാണ്. പെണ്‍കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കുന്നത് ധൈര്യമാണ്. താനും ആ മൊമന്റിനായി കാത്തിരിക്കുകയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
