general
ഇനി പറയാനിരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍, പകുതി വഴിയ്ക്ക് വെച്ച് പിന്‍മാറില്ല; എന്താണോ പറഞ്ഞിട്ടുളളത് അതില്‍ ഉറച്ച് മുന്നോട്ട് പോകുമെന്ന് ബാലചന്ദ്രകുമാര്‍
ഇനി പറയാനിരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍, പകുതി വഴിയ്ക്ക് വെച്ച് പിന്‍മാറില്ല; എന്താണോ പറഞ്ഞിട്ടുളളത് അതില്‍ ഉറച്ച് മുന്നോട്ട് പോകുമെന്ന് ബാലചന്ദ്രകുമാര്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിലെ രണ്ടാം ഘട്ട വിചാരണ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ വന്നതിന് പിന്നാലെയാണ് കേസ് വീണ്ടും തുടരന്വേഷണത്തിന് തുടക്കമിടുന്നത്. ഇതില്‍ പ്രധാന സാക്ഷി കൂടിയാണ് ബാലചന്ദ്രകുമാര്‍.
എന്നാല്‍ അദ്ദേഹത്തിന്റെ ഇരുവൃക്കകളും തകരാറിലായി ആരോഗ്യ നില വളരെ മോശമായി മാറിയിരിക്കുന്നുവെന്നുള്ള വിവരമാണ് കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തെത്തിയ വാര്‍ത്ത. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ച് നില്‍ക്കുന്നുവെന്നും പകുതി വഴിയ്ക്ക് വെച്ച് പിന്മാറില്ലെന്നും പറയുകയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ചികിത്സയില്‍ കഴിയുന്ന ബാലചന്ദ്ര കുമാറിന് രണ്ടാം ഘട്ട വിസ്താരത്തിന് ഹാജരാകാന്‍ സാധിച്ചിട്ടില്ല. ചികിത്സ ചിലവേറിയതാണ് എന്നും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; ‘ നവംബര്‍ പകുതിയോടെയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍ വരുന്നത്. ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്തു. ചില പരിശോധനകള്‍ നടത്തുന്നതിന് വേണ്ടി ആശുപത്രിയിലേയ്ക്ക് വരണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനിടെയാണ് നവംബര്‍ 23 മുതല്‍ വിചാരണ ആണെന്ന് പറഞ്ഞ് സമന്‍സ് വന്നത്. സമന്‍സ് വന്നാല്‍ കോടതിയെ അനുസരിക്കുക എന്നതല്ലാതെ വേറെ വഴിയില്ല. പത്ത് പന്ത്രണ്ട് ദിവസം കൊണ്ട് തീരുമെന്നുളള പ്രതീക്ഷയില്‍ താന്‍ വിചാരണയ്ക്ക് പോയി.
പക്ഷേ ദൗര്‍ഭാഗ്യവശാല്‍ നവംബര്‍ 23ന് തുടങ്ങിയ വിചാരണ ഡിസംബര്‍ 31 വരെ ആയിട്ടും 10 ദിവസത്തോളമേ തന്നെ വിസ്തരിക്കാന്‍ സാധിച്ചുളളൂ. ഒന്നര മാസത്തിനിടെ മൂന്ന് ഘട്ടമായി വിസ്തരിച്ചു. ആ സമയത്ത് ആശുപത്രിയിലും പോകാനായില്ല. ഈ സമയത്ത് അസുഖം കൂടി വന്നു. കോടതിയില്‍ രാവിലെ പോയാല്‍ രാത്രി 8 വരെ നീളുന്ന വിചാരണ ആവും. ഇരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.
കോടതിയെ കാര്യം അറിയിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ പെട്ടെന്ന് തീരും എന്നുളള പ്രതീക്ഷയില്‍ ആയിരുന്നു താന്‍. ഒരു ദിവസം വൈകിട്ട് തനിക്ക് നിവൃത്തി ഇല്ലാത്ത അവസ്ഥ വന്നു. താന്‍ കോടതിയോട് പറഞ്ഞു ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ആശുപത്രിയില്‍ പോകാന്‍ അനുമതി വേണമെന്നും. നാളെയാകട്ടെയെന്ന് കോടതി പറഞ്ഞു പിറ്റേന്നും വിചാരണ വെച്ചു. അന്ന് കോടതി എതിര്‍ഭാഗം അഭിഭാഷകരോട് ചോദിച്ച ശേഷം അനുമതി നല്‍കി.
പിറ്റേന്ന് ഡോക്ടറെ കണ്ടു ചികിത്സ ആരംഭിച്ചു. ഒരു മാസം ആശുപത്രിയിലായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച ആശുപത്രി വാസം ആയിരുന്നു. കോടതിയില്‍ ധരിപ്പിച്ച കാര്യങ്ങളിലൊക്കെ നൂറുശതമാനം തൃപ്തനാണ്. അതില്‍ വിഷമം ഇല്ല. ഇനി പറയാനിരിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇനിയുളള ദിവസങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുളളൂ, ഈ വിചാരണയെങ്കിലും പൂര്‍ത്തിയാക്കുന്നത് വരെ ഒന്നും സംഭവിക്കല്ലേ എന്ന്.
എന്ത് ദൗത്യമാണോ മനസ്സില്‍ ഉളളത് അത് പൂര്‍ത്തിയാക്കണം എന്ന ആഗ്രഹമാണുളളത്. പകുതി വഴിക്ക് വെച്ച് പിന്‍മാറില്ല. എടുത്ത ഉറച്ച തീരുമാനങ്ങളില്‍ മാറ്റമില്ല. എന്താണോ പറഞ്ഞിട്ടുളളത് അതില്‍ ഉറച്ച് മുന്നോട്ട് പോകും. തനിക്ക് എല്ലാ രണ്ട് ദിവസം കൂടുമ്പോഴും ഡയാലിസിസ് വേണം. അതുകൊണ്ട് ഇവിടെ വിട്ട് നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. അവസ്ഥ വേണ്ടപ്പെട്ടവരെ അറിയിച്ചുണ്ട്. കോടതി തീരുമാനിക്കുന്നത് പോലെ സഹകരിക്കും.
തന്റെ ചികിത്സ വളരെ ചിലവേറിയതാണ്. ചിന്തിക്കാന്‍ പറ്റില്ല ആശുപത്രിയില്‍ കിടന്നുളള ചികിത്സ. ഡോക്ടറോട് പറഞ്ഞു, രണ്ട് ദിവസത്തിലൊരിക്കല്‍ വന്ന് ഡയാലിസിസ് ചെയ്ത് തിരിച്ച് വരാം എന്ന്. കുറച്ചെങ്കിലും ലാഭം കിട്ടിയാല്‍ അത്ര നല്ലത് എന്ന് കരുതി. സാമ്പത്തികമായി അത്ര നല്ല അവസ്ഥയിലല്ല. വീട്ടില്‍ മാത്രമിരിക്കുക, ഹോസ്പറ്റിലേയ്ക്ക് മാത്രം പോകുക എന്ന ഉറപ്പിലാണ് ഡിസ്ചാര്‍ജ് വാങ്ങി വന്നത്.
മറ്റെവിടേക്കും യാത്ര ചെയ്യാന്‍ പാടില്ലെന്നാണ് ഡോക്ടറുടെ കര്‍ശനം നിര്‍ദേശം. കോടതി നടപടികളില്‍ വളരെ തൃപ്തനാണ്. കോടതി സാധാരണ പെരുമാറുന്ന രീതി അറിയില്ല. പക്ഷേ വിചാരണ കോടതി നല്ല രീതിയില്‍ പെരുമാറി. മനുഷ്യനെന്ന നിലയ്ക്കും സാക്ഷി എന്ന നിലയ്ക്കും നന്നായി തന്നെ പെരുമാറി. ഭയമില്ലാതെ പറയേണ്ട കാര്യങ്ങളെല്ലാം പറയാന്‍ സാധിച്ചുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് ബാലചന്ദ്രകുമാര്‍ ഇതേ കുറിച്ച് പറഞ്ഞത്.
