ഞാന്‍ എന്റെ ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ്, ഞാന്‍ കല്യാണം കഴിച്ചോളാം എന്ന് പറയും; ശല്യമായ ആരാധകനെക്കുറിച്ച് അശ്വതി
മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയില്‍ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാന്‍ അശ്വതിക്കായി. തന്‍റെ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിനിടെ അശ്വതി അഭിനയ രംഗത്തുനിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ വ്യക്തിപരമായ വിശേഷങ്ങള്‍ പങ്കുവച്ചും സാമൂഹിക വിഷയങ്ങളിലെ നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി
ഇപ്പോഴിതാ റേഡിയോ ജോക്കിയായിരുന്ന കാലത്ത് തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് നിരന്തരം വിളിച്ചിരുന്നവരെക്കുറിച്ച് അശ്വതി മനസ് തുറക്കുകയാണ്. ഫ്‌ളവഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു അശ്വതി. ആ വാക്കുകള്‍ ഇങ്ങനെ
റേഡിയോയില്‍ ജോലി ചെയ്യുന്ന സമയത്താണ്. നിരന്തരം ഒരു കോള്‍ വരുമായിരുന്നു. ബള്‍ബ് തെളിയുക മാത്രമേയുള്ളൂ, നമ്പര്‍ കാണാന്‍ പറ്റില്ല. കോള്‍ എടുക്കുമ്പോഴേക്കും ഈ പുള്ളി ആയിരിക്കും. അന്ന് എന്റെ ഓണ്‍ എയര്‍ പേര് ആഷ് എന്നായിരുന്നു. ആ പേരിലായിരുന്നു കൊച്ചിയില്‍ ജോലി ചെയ്തിരുന്നു. ഫോണ്‍ എടുത്തപാടെ പുള്ളി പറയുക, എനിക്ക് ആഷിനെ കല്യാണം കഴിക്കണം എന്നാണ്. ഇതാരാണ് എന്താണെന്നൊന്നും അറിയില്ല. എനിക്ക് ഭയങ്കര ഇഷ്ടമാണ്, എനിക്ക് കല്യാണം കഴിക്കണം എന്ന് മാത്രമേ പറയൂ.
നിങ്ങള്‍ ആരാണ് നിങ്ങളുടെ പേര് എന്താണെന്നൊക്കെ ചോദിച്ചു. പേര് പറഞ്ഞിരുന്നു. മറന്നു പോയി. ഞാന്‍ എന്റെ ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ് കുറേ വര്‍ഷങ്ങളായി, ഞാന്‍ കല്യാണം കഴിച്ചോളാം എന്ന് പറയും. അതായത് എനിക്ക് എന്തോ സഹായം ചെയ്ത് തരുകയാണെന്ന് തോന്നും പറയുന്നത് കേട്ടാല്‍. എനിക്ക് കോളുകള്‍ എടുക്കാന്‍ പറ്റാതായി. എന്റെ ഷോ തുടങ്ങുമ്പോള്‍ വിളിക്കാന്‍ തുടങ്ങും. നമുക്ക് ശരിക്കും പ്രേക്ഷകരുടെ കോള്‍ എടുക്കണം. പക്ഷെ എടുക്കുന്നത് പകുതിയും ഇയാളുടെ കോളായിരിക്കും. ഇയാള്‍ കുത്തിയിരുന്ന് വിളിക്കുകയാണ്.
കല്യാണക്കാരനെ കൊണ്ട് ഒരു രക്ഷയുമില്ലാതെ. ഓണ്‍ എയറില്‍ മെസേജ് അയക്കാന്‍ തുടങ്ങി. ഈ കുട്ടിയുടെ അഡ്രസ് തരുമോ എന്നൊക്കെ ചോദിച്ച്. അതില്‍ നിന്നും അയാളുടെ നമ്പര്‍ കിട്ടി. എന്റെ സുഹൃത്തുക്കള്‍, മാത്തുക്കുട്ടിയുള്‍പ്പടെ പുള്ളിയെ അങ്ങോട്ട് വിളിച്ചു. ഇനി വിളിച്ചാല്‍ പോലീസ് കേസാകും അതാകും ഇതാകും എന്നൊക്കെ പറഞ്ഞു. അവര്‍ക്ക് അറിയാവുന്ന നല്ല ഭാഷ മുഴുവന്‍ പറഞ്ഞു. പുള്ളി പേടിച്ചു പോയി. പിന്നെ വിളിച്ചിട്ടില്ലെന്നും അശ്വതി പറയുന്നു.
പിന്നാലെ ഇന്‍ഫോ പാര്‍ക്കിലെ ഒരാള്‍ പിന്നാലെ നടന്ന കഥയും താരം പങ്കുവെക്കുന്നുണ്ട്. അദ്ദേഹത്തിന് ഞാനാണ് ആളെന്ന് മനസിലായിട്ടുണ്ടാകുമോ എന്നറിയില്ല. ചിലപ്പോള്‍ ശബ്ദം കേട്ട് മനസിലായിട്ടുണ്ടാകണം. പുള്ളി നിരന്തരം ഷോയിലേക്ക് വിളിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തുമായിരുന്നു. ഞാന്‍ ലവ് ഓണ്‍ എയര്‍ എന്ന പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന പരിപാടിയായിരുന്നു അന്ന് ചെയ്തിരുന്നത്.
ഇയാള്‍ വിളിച്ചിട്ട് പറയുക, ഷോ കഴിഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ പുറത്ത് കാത്തു നില്‍ക്കാം എന്നൊക്കെയാണ്. എനിക്ക് പേടിയായി. അപരിചിതനായ ഒരാളാണ്. ഓണ്‍ എയറിലേക്ക് മെസേജ് അയക്കും ഞാന്‍ വേണമെങ്കില്‍ വീട്ടില്‍ വന്ന് സംസാരിക്കാം, എനിക്കൊന്ന് കണ്ടാല്‍ മതി, ഞാന്‍ ഒരു ദിവസം സ്റ്റുഡിയോയിലേക്ക് വരാം എന്നൊക്കെ. ഷോ കഴിഞ്ഞ് ഇറങ്ങാന്‍ നേരം ആകുമ്പോഴേക്കും മെസേജ് വരും ഞാന്‍ താഴെ വന്ന് നില്‍ക്കാമെന്ന്. ഞാന്‍ ഡ്രൈവറോട് എന്നെ അകത്തു നിന്നും പിക്ക് ചെയ്താല്‍ മതിയെന്ന് പറഞ്ഞിരുന്നു.
കുറച്ച് നാള്‍ കഴിഞ്ഞ് പുള്ളി വിളിച്ചിട്ട് വളരെ സീരിയസായി തന്നെ സംസാരിച്ചു. കണ്ടിട്ടില്ലെങ്കിലും എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നൊക്കെ. ഞാന്‍ എന്‍ഗേജ്ഡ് ആണെന്ന് പറഞ്ഞു. എന്നാല്‍ ആ പുള്ളിയുടെ നമ്പര്‍ താ എന്നായി. വിശ്വാസം വരുന്നില്ല. ഒരുപാട് സംസാരിച്ചാണ് ഒരുവിധത്തില്‍ അവസാനിപ്പിച്ചതെന്നും അശ്വതി പറയുന്നു.
