Malayalam
അതിജീവിത എന്ന് പറയുന്നത് പ്രമുഖയായ ഒരു നടിയാണ്, എന്നിട്ടൊക്കെ എന്ത് കാര്യം, അപ്പുറത്തുള്ളത് അവരേക്കാൾ പ്രബലരായ ആളുകൾ; അഭിഭാഷക ആശ ഉണ്ണിത്താൻ
അതിജീവിത എന്ന് പറയുന്നത് പ്രമുഖയായ ഒരു നടിയാണ്, എന്നിട്ടൊക്കെ എന്ത് കാര്യം, അപ്പുറത്തുള്ളത് അവരേക്കാൾ പ്രബലരായ ആളുകൾ; അഭിഭാഷക ആശ ഉണ്ണിത്താൻ
കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജാമ്യം കിട്ടി പുറത്തിറങ്ങിയത്. നീണ്ട ഏഴര വർഷങ്ങൾക്ക് ശേഷമാണ് സുനി ജയിലിൽ നിന്നും പുറത്തെത്തുന്നത്. പിന്നാലെ സോഷ്യൽ മീഡിയയിലടക്കം പലവിധത്തിലുള്ള ചർച്ചകൾ നടക്കുകയാണ്. ഇപ്പോഴിതാ ഒരു ചാനൽ ചർച്ചയ്ക്കിടെ പ്രമുഖ അഭിഭാഷക ആശ ഉണ്ണിത്താൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ഗൂഡാലോചന കേസിലേക്ക് വരുമ്പോൾ എട്ടാം പ്രതിയായ ദിലീപ് രക്ഷപ്പെടുമോ ഇല്ലയോ എന്നുള്ളത് മാത്രമാണ് നമുക്ക് മുമ്പിലുള്ള സംശയം. അക്കാര്യത്തിൽ കുറേ തെളിവുകളുടെ അത്യാവശ്യമുണ്ട്. ഈ കേസ് ഇതുവരെ വൈകിയത് അതിജീവിതയുടെ പ്രശ്നം കൊണ്ടല്ല. അതിജീവിതയ്ക്ക് ഇവിടെ പരിമിതമായ റോൾ മാത്രമേയുള്ളു. അതിജീവിതയ്ക്ക് സ്വന്തമായി ഒരു അഭിഭാഷകനെ വെച്ചുകൊണ്ട് കേസ് നടത്താൻ സാധിക്കില്ല.
ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ അടുത്തേയ്ക്ക് നമ്മൾ എത്തിയത് തന്നെ എത്രമാത്രം കഷ്ടപ്പെട്ടാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതിജീവിതയ്ക്ക് സ്വന്തമായി ഒരു അഭിഭാഷകനെ വേണമെങ്കിൽ ഒന്നും മിണ്ടാൻ പാടില്ലാത്തയാളെയേ വെക്കാൻ പാടുള്ളു. അതായത് അതിജീവിതയുടെ അഭിഭാഷകന് മിണ്ടാൻ പാടില്ല.
നീതി ന്യായ വ്യവസ്ഥയുടെ എല്ലാവിധ ആനുകൂല്യങ്ങളും ലഭിച്ചുകൊണ്ട് പ്രതികളെല്ലാം തന്നെ ഇറങ്ങിപ്പോവുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്. റേ പ്പ് കേസുകൾ അതിൽ നിന്ന് വ്യത്യസ്തമാണ്. എന്നാൽ പോലും ഈ കേസുകളിൽ നമ്മൾ കണ്ടു, പ്രത്യേക കോടതി സ്ഥാപിച്ചു, പ്രത്യകേ അന്വേഷണ സംഘത്തെ സ്ഥാപിച്ചു. അതിജീവിത എന്ന് പറയുന്നത് പ്രമുഖയായ ഒരു നടിയാണ്. എന്നിട്ടൊക്കെ എന്ത് കാര്യം.
അവരേക്കാൾ പ്രബലരായ ആളുകൾ അപ്പുറത്ത് നിൽക്കുമ്പോൾ ജസ്റ്റിസ് സിസ്റ്റത്തിന് കൈകെട്ടി നിൽക്കേണ്ട അവസ്ഥയാണ്. അന്വേഷണ ഉദ്യേഗസ്ഥരെ ഇങ്ങനെ ക്രൂശിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി പറയുന്നു. ഈ കോടതി മാറണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ചില പ്രോസിക്യൂട്ടർമാർ രംഗത്ത് വന്നിരുന്നു. എന്നാൽ അന്ന് അത് സുപ്രീംകോടതി അംഗീകരിച്ചില്ല.
ജാമ്യം നേടിയ പ്രതി വ്യവസ്ഥ പ്രകാരമുള്ള സ്ഥലപരിധി വിട്ട് പോകുന്നുണ്ടോ എന്നൊക്കെ ആരാണ് പരിശോധിക്കുക. അതിനൊന്നും ആരും ഉണ്ടാകില്ല. ഏതെങ്കിലും ആളുകൾ കണ്ട് പറഞ്ഞാലായി. ഒരു പൾസർ സുനിയുടെ കാര്യത്തിൽ ഇങ്ങനെ നോക്കിയാൽ നന്ന്. അല്ലാതെ എല്ലാവരുടേയും കാര്യം നോക്കാനുള്ള ശേഷി കേരള പൊലീസിന് ഉണ്ടോ? എന്നും ആശ ഉണ്ണിത്താൻ ചോദിച്ചു.
അതേസമയം കർശന ജാമ്യ വ്യവസ്ഥകളോടെയാണ് സുനിയ്ക്ക് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കരുത്, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, നമ്പർ കോടതിയെ അറിയിക്കണം രണ്ട് ആൾ ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത് എന്നിങ്ങനെയാണ് വ്യവസ്ഥകൾ.
പുറത്തെത്തിയ പൾസർ സുനിയെ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിനിധികൾ പൂമാലയിട്ടാണ് സ്വീകരിച്ചത്. മുദ്രാവാക്യം വിളിക്കുകയും പൂക്കൾ വിതറുകയും ചെയ്തു. എന്നാൽ പുറത്തിറങ്ങിയ സുനി ആരോടും പ്രതികരിക്കാൻ നിൽക്കാതെ കാറിൽ കയറി പോയി. പൾസർ സുനിയെ ഏഴരവർഷമായി വിചാരണ തടവുകാരനായി ജയിലിലിട്ടത് അന്യായമാണെന്ന് ആണ് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിനിധകൾ പറഞ്ഞത്.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണം. ഇവിടെ അങ്ങനെയല്ല, ഒരു ആരോപണത്തിന്റെ പേരിൽ അദ്ദേഹത്തെ ഏഴര വർഷമായി ജയിലിലിട്ടു. അതും റിമാൻഡ് തടവുകാരനായി സബ്ജയിലിലാണ് അദ്ദേഹം കഴിഞ്ഞത്. കുറ്റം ചെയ്ത ഒരുപാട് സ്ത്രീകളെ പുറത്ത് വിടുന്നുണ്ട്. ഷാരോണിനെ കൊലപ്പെടുത്തിയ കഷായം ഗ്രീഷ്മ എത്ര നാൾ ജയിലിൽ കിടന്നു.ഇവിടെ ആണിന് ഒരു നീതി, പെണ്ണിന് ഒരു നീതി എന്ന് പറയുന്നത് ശരിയല്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തന്നെ കേസ് തീർക്കുകയാണ് വേണ്ടത്. അതിന് ആരും തയ്യാറാവുന്നില്ല എന്നും പ്രതിനിധികൾ പറഞ്ഞു.
