വളരെ ബോറിംഗ് ആയ സിനിമയായ ‘ലാല്‍ സലാം’ രജനികാന്തിന്റെ ഇടപെടലോടെ ഹൃദയസ്പര്‍ശിയായി മാറിയെന്ന് എആര്‍ റഹ്മാന്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് എ.ആര്‍ റഹ്മാന്‍ സംസാരിച്ചത്. ഐശ്വര്യ എഴുതിയ സംഭാഷണങ്ങള്‍ രജനികാന്ത് തിരുത്തിയെഴുതിയതാണ് സിനിമ കൂടുതല്‍ മികച്ചതാകാന്‍ കാരണം എന്നാണ് എ.ആര്‍ റഹ്മാന്‍ പറഞ്ഞു.
‘ലാല്‍ സലാമിന്റെ കഥ ആദ്യം കേട്ടപ്പോള്‍, ഇത് ബോറടിപ്പിക്കുന്ന സിനിമായണെന്ന് എനിക്ക് തോന്നി. സ്‌പോര്‍ട്‌സ് ഉള്ളതിനാലാണ് ഞാന്‍ അതിന് സംഗീതമൊരുക്കാന്‍ തീരുമാനിച്ചത്. പക്ഷേ, അടുത്തിടെ സിനിമ കണ്ടപ്പോള്‍ ഇത് ബോറെന്ന് കരുതിയ ഓരോ രംഗവും ഹൃദയസ്പര്‍ശിയായിരുന്നു.’
‘ആരാണ് ഡയലോഗുകള്‍ എഴുതിയതെന്ന് ഞാന്‍ ഐശ്വര്യയോട് ചോദിച്ചു, താന്‍ എഴുതിയെന്നും എന്നാല്‍ പിന്നീട് അച്ഛന്‍ അവയില്‍ ചിലത് മാറ്റിയെഴുതിയെന്നും ഐശ്വര്യ പറഞ്ഞു. അവിടെ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല’ എന്നാണ് എ.ആര്‍ റഹ്മാന്‍ പറയുന്നത്.
അതേസമയം, ലാല്‍ സലാമില്‍ മൊയ്ദീന്‍ ഭായ് എന്ന കഥാപാത്രമായാണ് രജനികാന്ത് വേഷമിടുന്നത്. രജനികാന്ത് കാമിയോ റോളില്‍ എത്തുന്ന ചിത്രത്തില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.