News
അധിക നികുതി ചുമത്തി; പരിഹാരം തേടി അനുഷ്കാ ശര്‍മ മുംബൈ ഹൈക്കോടതിയില്‍
അധിക നികുതി ചുമത്തി; പരിഹാരം തേടി അനുഷ്കാ ശര്‍മ മുംബൈ ഹൈക്കോടതിയില്‍
നികുതി സംബന്ധമായ നോട്ടീസുകളില്‍ പരിഹാരം തേടി ബോളിവുഡ് താരം അനുഷ്കാ ശര്‍മ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. 2012-13, 2013-14 എന്നീ വര്‍ഷങ്ങളില്‍ വില്പനനികുതി ഡെപ്പ്യൂട്ടി കമ്മീഷണര്‍ നല്കിയ ഉത്തരവുകളെ വെല്ലുവിളിച്ചാണ് താരം കോടതിയെ സമീപിച്ചിരിക്കുന്നത്. വിഷയത്തില്‍ മറുപടി നല്കാന് വില്പനനികുതി വകുപ്പിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വകുപ്പ് നല്കിയ ഉത്തരവുകള്‍ റദ്ദാക്കണമെന്ന് കോടതിയോട് അനുഷ്ക ആവശ്യപ്പെട്ടു. ഒരു അഭിനേതാവിന് ബാധകമാകുന്നതിലും ഉയര്‍ന്ന നികുതി നിരക്കാണ് തനിക്ക് നല്‍കിയതെന്നും നടി വ്യക്തമാക്കി. 2012-2016 കാലഘട്ടത്തില്‍ ഹര്‍ജികള്‍ നടി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അനുഷ്കയുടെ ടാക്സ് കണ്‍സള്‍ട്ടന്റ് നല്കിയ ഹര്‍ജികള്‍ പരിഗണിക്കാന്‍ കോടതി വിസ്സമതിച്ചതോടെ നടി പുതിയ ഹര്‍ജികള്‍ സമര്‍പ്പിക്കുകയായിരുന്നു.
ബാധിക്കപ്പെട്ടയാള്‍ക്ക് എന്തുകൊണ്ട് നേരിട്ട് ഹര്‍ജി സമര്‍പ്പിച്ചു കൂടാ എന്നും കോടതി ചോദിച്ചിരുന്നു. 2012-13 വര്‍ഷത്തില്‍ 1.2 കോടി രൂപയായിരുന്നു അനുഷ്കയോട് നികുതി അടയ്ക്കാന്‍ വകുപ്പ് ആവശ്യപ്പെട്ടത്. 201314 വര്‍ഷങ്ങളില്‍ ഇത് 1.6 കോടിയായി വര്‍ധിച്ചു. എന്നാല്‍ ഒരു അഭിനേതാവ് എന്ന നിലയിലല്ല തനിക്കെതിരെ തികുതി ചുമത്തിയതെന്നാണ് അനുഷ്കയുടെ വാദം.
മറിച്ച് അവാര്‍ഡ് ചടങ്ങുകളുടെ അവതരണവും ഉല്‍പ്പന്നങ്ങളുടെ അംഗീകാരവും കണക്കിലെടുത്താണ് വലിയ നികുതി ചുമത്തിയതെന്നും അവര്‍ ആരോപിക്കുന്നു. കരാര്‍ പ്രകാരമാണ് ചടങ്ങുകളില്‍ പങ്കെടുത്തതെന്നും അവര്‍ വ്യക്തമാക്കി. ഇതിന്റെയെല്ലാം പകര്‍പ്പാവകാശം കണക്കിലെടുത്താണ് നികുതി ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരം അവകാശങ്ങളെല്ലാം നിര്‍മാതാവിന്റെ പക്കലാണെന്നും അനുഷ്ക കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ അഭിനയിക്കുന്നതിലൂടെ ഒരു അഭിനേത്രിയെ ചിത്രത്തിന്റെ നിര്‍മാതാവ് ആയിട്ട് കണക്കാക്കാനാകില്ലെന്ന് അനുഷ്കയുടെ ഹര്‍ജിയില്‍ പറയുന്നു. അത്തരത്തില്‍ എന്നെങ്കിലും അവകാശം താന്‍ വിറ്റിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കാണെന്ന് വകുപ്പ് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തര്‍ക്ക നികുതിയുടെ പത്ത് ശതമാനം അടച്ചില്ലെങ്കില്‍ അപ്പലേറ്റ് അതോറിറ്റിക്ക് മുന്നില്‍ ഹാജരാകാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
